|    Oct 18 Thu, 2018 10:13 pm
FLASH NEWS

ഓടക്കയത്ത് ആദിവാസി ഭൂമി കൈയേറ്റം; അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടു

Published : 14th October 2018 | Posted By: kasim kzm

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓടക്കയം ഈന്തുംപാലി ആദിവാസി ഭൂമി കൈയേറി പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറിയും ക്രഷറും സര്‍വേ കഴിയുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ ഏറനാട് തഹസില്‍ദാരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ ജില്ലാ കലക്ടര്‍ ക്വാറിയും പരിസരവും സന്ദര്‍ശിച്ച് അന്വേഷണം നടത്തി.
ഈന്തുംപാലിയിലെ മാതയെന്ന ആദിവാസി സ്ത്രീക്ക് വനംവകുപ്പ് പതിച്ചുനല്‍കിയ ഭൂമിയിലാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതെന്ന് ആദിവാസികള്‍ പറയുന്നു. പതിമൂന്ന് കുടുംബങ്ങള്‍ ഈന്തും പാലിയില്‍ താമസിക്കുന്നുണ്ട്. ഒരാള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയിലാണ് മുഴുവന്‍ കുടുംബങ്ങളും ഇപ്പോള്‍ കഴിയുന്നത്. ഭൂമി റീസര്‍വേ ചെയ്യാത്തതാണ് ആദിവാസികളെ പ്രതിസന്ധിയിലാക്കിയത് വനംവകുപ്പും റവന്യൂവുമുള്‍പെടെ സംയുക്ത സര്‍വേ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കലക്ടറുടെ നിര്‍ദേശം. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച് മടങ്ങിയതിനുശേഷം വീണ്ടും ക്വാറിയില്‍ ഖനനം നടത്തിയതായി ആദിവാസികള്‍ പറഞ്ഞു.
ഈന്തുംപാലി മേഖലയില്‍ 5210 ഏക്കര്‍ 96 അര സെന്റ് ഭൂമിയാണ് വെറ്റിലപ്പാറ വില്ലേജ് രേഖകളില്‍ ഉള്ളത്. ഓടക്കയം ഈന്തുംപാലിയുള്‍പെടെ നിക്ഷിപ്ത വനഭൂമിയില്‍ ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യവ്യക്തികള്‍ വ്യാജ പട്ടയം ഉണ്ടാക്കി കൈവശപ്പെടുത്തിയതായി രേഖകള്‍ ചൂണ്ടിക്കാട്ടി ആദിവാസികള്‍ പരാതിപ്പെടുന്നു. അസൈന്‍ ചെയ്യാതെ മാറ്റിയിട്ട പാറയുള്‍പ്പെടുന്ന വനഭുമിയാണ് ഏറെയും കൈയടക്കിയത്. ഡി നോട്ടിഫിക്കേഷന്‍ ചെയ്യാത്തതു മൂലം വനംവകുപ്പ് രേഖകളില്‍ വനഭൂമിയായി കിടക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തണ്ടപ്പേര് മാറ്റി പട്ടയം സംഘടിപ്പിച്ച് വെറ്റിലപ്പാറ വില്ലേജില്‍ നികുതി അടച്ചുകൊണ്ടിരിക്കുകയാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ വില്ലേജില്‍ ഓടക്കയം ഭാഗത്താണ് കൂടുതലായും ഭൂമി തട്ടിപ്പ് നടക്കുന്നത്.
8/2 സര്‍വേ നമ്പറില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയിലാണ് കൈയറ്റം നടന്നത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനു കീഴിലെ കുരീരി, നെല്ലിയായി, ഈന്തുംപാലി, ചുണ്ടത്തും പൊയില്‍, വെണ്ടേക്കും പൊയില്‍ ഭാഗങ്ങളിലെ ഭൂമി കൈയേറ്റം നടത്തിയത് രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെയാണ്. വെറ്റിലപ്പാറ വില്ലേജില്‍നിന്ന് തണ്ടപ്പേര് മാറ്റി ഭൂമി സ്വന്തമാക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് നിലമ്പൂര്‍ ഫഌയിങ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കണ്ടെത്തി നടപടിക്ക് നിര്‍ദേശം നല്‍കിയെങ്കിലും വനം-റവന്യു ഒത്തുകളിയിലുടെ നടപടി വൈകുകയാണ്.
4-11-2014ല്‍ ചജ 13/14 നമ്പര്‍ റിപോര്‍ട്ടില്‍ ആദിവാസികള്‍ക്ക് അനുവദിച്ച വനം ഭൂമിയില്‍ കൈയേറ്റം നടന്നതായും ആദിവാസികള്‍ക്ക് അസൈന്‍ ചെയ്തു കിട്ടിയ ഭൂമിയിലാണ് റോഡും ക്വാറികളും ഉണ്ടാക്കിയതെന്നും കണ്ടെത്തിയിരുന്നു. ഈന്തുംപാലി കോളനിയില്‍ ഉള്‍പെടെ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ നിക്ഷിപ്ത വനഭൂമിയില്‍പെട്ട ഭാഗങ്ങളിലെ പാറ ഉള്‍പെട്ട ഭാഗങ്ങള്‍ ഒഴിവാക്കി നല്‍കാതെ മാറ്റിയിട്ടതായി രേഖകളില്‍ കാണുന്നു. 78ല്‍ താമസത്തിനും കുഷിക്കുമായി പതിച്ചു കൊടുക്കുന്നതിനായി റവന്യു വകുപ്പിനു നല്‍കിയ വനംഭൂമി 1980ലെ വനം വകുപ്പ് ആക്ട് മറികടന്ന് മാറ്റിയതായി രേഖകളിലുണ്ട്. അസൈന്‍ ചെയ്തുകൊടുത്ത ഭൂമിയിലാണ് ഭൂമി പതിച്ചു നല്‍കിയെങ്കിലും ക്വാറിയും ക്രഷറും ഉള്‍പെടെയുള്ള ഭൂമി വനഭുമിയില്‍പെട്ടതാണെന്ന് റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഓടക്കയത്ത് ഫോറസ്റ്റ് അധികൃതര്‍ സ്ഥാപിച്ച ജണ്ടകളില്‍ 40% സ്വകാര്യ വ്യക്തികള്‍ പൊളിച്ചു മാറ്റിയത് പുനസ്ഥാപിക്കാന്‍ വനം വകുപ്പിലെ ചില ഉദ്യോസ്ഥര്‍ തയ്യാറാവാത്തത് സാമ്പത്തികം ലഭിച്ചതുകൊണ്ടാണെന്ന് ആദിവാസികള്‍ ആരോപിച്ചു. വനഭൂമിക്ക് ചുറ്റും ജണ്ടകള്‍ പുനസ്ഥാപിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്. അന്യാധീനപെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാന്‍ മന്ത്രിയുടെയുള്ളവര്‍ക്ക് പരാതി സമര്‍പ്പിച്ചതായി ആദിവാസികള്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss