|    Nov 17 Sat, 2018 4:38 pm
FLASH NEWS

ഓടക്കയം ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടി; മലയോരം ഭീതിയില്‍

Published : 9th August 2018 | Posted By: kasim kzm

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം ആദിവാസി മേഖലയ്ക്കു സമീപമായി നിക്ഷിപ്ത വനഭൂമിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ ഉരുള്‍പൊട്ടി. വനഭൂമിക്ക് താഴെയായി താമസിക്കുന്ന ആദിവാസികളായ ഗൗരിക്കുട്ടന്‍, പ്രസാദ് ഇവരുടെ അടുക്കളയിലേയ്ക്ക് വെള്ളം ഒഴുകിയെത്തി നാശനഷ്ടം നേരിട്ടു.
ശക്തമായ ഉരുള്‍പൊട്ടല്‍ മൂലം വെള്ളം തോട്ടിലൂടെ ഗതി മാറി ഒഴുകിയതിനാല്‍ വന്‍ അപകടം ഒഴിവായതായി പരിസരവാസികള്‍ പറഞ്ഞു. ഓടക്കയം, നിലമ്പൂര്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയതു കാരണം ചാലിയാറില്‍ ഇന്നലെരാവിലെ പത്ത് മണിയോടെ ജല നിരപ്പ് ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് തെരട്ടമ്മല്‍ ഈസ്റ്റ് വടക്കുംമുറി കിഴുപറമ്പ് കുനിയില്‍ ഭാഗങ്ങളിലെ വയലുകളില്‍ വെള്ളപ്പൊക്കമുണ്ടായി.
ജലനിരപ്പ് ഉയര്‍ന്നാല്‍ തെരട്ടമ്മല്‍ ഈസ്റ്റ് വടക്കുംമുറി ഭാഗങ്ങളിലേക്കുള്ള റോഡുകളില്‍ വെള്ളം നിറഞ്ഞ് വാഹന ഗതാഗതം മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. മഴ ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണ്. ചെക്കുന്ന് മുള്ളില്‍ കാട് മലകളെ കേന്ദ്രികരിച്ചാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതെന്ന് വിലയിരുത്തുന്നു.
മുന്‍പ് ഉരുള്‍പൊട്ടല്‍ നടന്നതില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്ന ഭാഗങ്ങളിലെ താമസക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഓടക്കയം ഭാഗങ്ങളില്‍ ആദിവാസിക ള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് മുന്‍പ് ഉരുള്‍പൊട്ടല്‍ നടന്നത്. ഈ പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം സജീവമാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ എട്ടിലേറെ ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷിപ്ത വനഭൂമിക്ക് സമീപങ്ങളിലാണ് ക്വാറികളില്‍ അധികവും പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് വനമേഖലയില്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ക്വാറികള്‍ അനുവദിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കാതെയായാണ് റവന്യൂ ഉദ്യാഗസ്ഥര്‍ ഈ ഭാഗങ്ങളില്‍ അനുമതി നല്‍കിയത്.
ക്വാറി മാഫിയ-റവന്യൂ ഉദ്യോഗസ്ഥ ബന്ധമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചെക്കുന്ന് മലയുടെ ഭാഗമായ ചാത്തല്ലൂരില്‍ അടുത്തിടെ ഉരുള്‍പ്പൊട്ടല്‍ നടന്നിരുന്നു. ഓടക്കയം, വെറ്റിലപ്പാറ, കിണറടപ്പ്, പാക്കുളം തെച്ചാംപറമ്പ്, ചൂളാട്ടിപ്പാറ, പൂവ്വത്തിക്കല്‍, ഒതായി, ചാത്തല്ലൂര്‍ ഭാഗങ്ങളിലെ മലക്ക് താഴെ താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. മഴ ശാക്തി പ്രാപിച്ചാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാവുമെന്ന ആശങ്കയിലാണ് ഇവര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss