|    Aug 20 Sun, 2017 11:31 am
FLASH NEWS

ഓടകളിലെ മാലിന്യം ലോറികളിലെത്തിച്ച് ജനവാസ കേന്ദ്രത്തില്‍ തള്ളി

Published : 21st October 2016 | Posted By: SMR

ചെങ്ങന്നൂര്‍: ഓടകളില്‍ നിന്ന് കോരിമാറ്റുന്ന മാലിന്യം ലോറികളിലെത്തിച്ച് ജനവാസ കേന്ദ്രത്തില്‍ തള്ളിയതിനെതിരേ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്ത്. മുളക്കുഴ പഞ്ചായത്തില്‍ അഞ്ച്, എട്ട് വാര്‍ഡുകളില്‍പ്പെട്ട വലിയവീട്ടില്‍പ്പടി, പള്ളാപ്പശ്ശേരി ഭാഗത്താണ് ഇന്നലെ രാവിലെ മുതല്‍ ലോറികളില്‍ മാലിന്യം എത്തിച്ചത്. കെഎസ്ടിപി റോഡിന്റെ വശങ്ങളിലുള്ള ഓടകളിലെ മണ്ണ് മാറ്റുന്ന ജോലികളുടെ ഭാഗമായാണ് ഉപയോഗശൂന്യമായ കനാലിനുള്ളില്‍ മണ്ണ് ഇടാന്‍ തുടങ്ങിയത്. എന്നാല്‍ ഉച്ചയ്ക്കു ശേഷം ഇതേ വാഹനങ്ങളില്‍ കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവും നിറച്ച് നിക്ഷേപിക്കാന്‍ എത്തിയതോടെ പ്രദേശവാസികള്‍ സംഘടിച്ച് വാഹനങ്ങള്‍ തടയുകയായിരുന്നു. എംസി റോഡില്‍ മാന്തുക മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗത്തെ ഓടകളാണ് കഴിഞ്ഞ രണ്ട് ദിവസമായി വ്യത്തിയാക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നിക്ഷേപിച്ചതോടെ വീടുകളില്‍പ്പോലും കഴിയാന്‍ ബുദ്ധിമുട്ടായതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി ലോറികള്‍ തടയുകയായിരുന്നു. പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിന്റെ ഭാഗമായുള്ള സബ് കനാലാണ് മുളക്കുഴ പഞ്ചായത്ത് ജങ്്ഷനു സമീപത്തു നിന്നാരംഭിച്ച് പള്ളിപ്പടി പള്ളാപ്പശ്ശേരില്‍ ഭാഗത്തുകൂടി കാരയ്ക്കാട്ടേക്ക് നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഈ കനാലിലൂടെ ജലം ഒഴുകുന്നില്ല. പ്രധാന കനാലില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വെള്ളം ഇവിടെ കെട്ടിക്കിടന്ന് കൊതുകുകളും രോഗാണുക്കളും പെരുകുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാത്ത ഇവിടെയാണ്  ഇപ്പോള്‍ മാലിന്യ നിക്ഷേപം കൂടി നടത്തിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ലോറികളില്‍ കക്കൂസ് മാലിന്യമെത്തിച്ച് തള്ളുന്നതും ഇവിടെയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക