|    Oct 19 Fri, 2018 6:37 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഓജര്‍: കാലാവധി തീര്‍ന്ന ഇഖാമയ്ക്ക് സാധുതയെന്ന് സൗദി മന്ത്രാലയം

Published : 7th August 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിലച്ച സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ ഇഖാമ തല്‍ക്കാലം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നു തൊഴില്‍മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പുതിയ ഇഖാമ ലഭിക്കുന്നതു വരെ തൊഴിലാളികള്‍ക്കു നിലവിലെ ഇഖാമ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം മക്ക പ്രവിശ്യാ കാര്യാലയ മേധാവി അബ്ദുല്ല അല്‍ ഉലയാന്‍ അറിയിച്ചു. ഓജര്‍ തൊഴിലാളികളുടെ ഇഖാമ വിവരം സുരക്ഷാവിഭാഗങ്ങളെ ധരിപ്പിക്കുമെന്നും താമസരേഖ ഇല്ലാത്തതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും കമ്പനിയുടെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച അദ്ദേഹം വ്യക്തമാക്കി.
ലേബര്‍ ക്യാംപുകള്‍ അടച്ചുപൂട്ടുമെന്ന പ്രചാരണം തെറ്റാണ്. ക്യാംപുകളില്‍ സൗജന്യ ഭക്ഷണവിതരണം തുടരുന്നതോടൊപ്പം മരുന്നുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും തുടരും. തൊഴില്‍ പെര്‍മിറ്റ് സൗജന്യമായി പുതുക്കും. ആവശ്യമുള്ളവര്‍ക്ക് വിസ മാറ്റിനല്‍കും. നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കോണ്‍സുലേറ്റിനെ അധികാരപ്പെടുത്താം.
അവര്‍ക്ക് എക്‌സിറ്റ് ടിക്കറ്റും സൗജന്യമായി ലഭിക്കും. സൗദിയിലെത്തുന്ന വിദേശ തൊഴിലാളികള്‍ തങ്ങളുടെ അതിഥികളാണെന്നും എല്ലാ തൊഴിലാളികള്‍ക്കും ഈ തീരുമാനം ബാധകമാണെന്നും അബ്ദുല്ല അല്‍ ഉലയാന്‍ വിശദീകരിച്ചു. പ്രശ്‌നത്തില്‍ അഭിനന്ദനാര്‍ഹമായ പ്രതികരണമാണ് സൗദി അധികൃതരില്‍ നിന്ന് ഉണ്ടായതെന്ന് അബ്ദുല്ല അല്‍ ഉലയാനൊപ്പം ലേബര്‍ ക്യാംപ് സന്ദര്‍ശിക്കവേ കേന്ദ്രമന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടു. മടങ്ങാന്‍ തയ്യാറുള്ളവര്‍ ഇന്ത്യയില്‍ എവിടെ വിമാനമിറങ്ങിയാലും വീട് എത്തുന്നതുവരെയുള്ള ട്രെയിന്‍, ബസ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാചെലവ് കേന്ദ്രം വഹിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. 4000ഓളം പേര്‍ താമസിക്കുന്ന ജിദ്ദ മലിക് റോഡിലെ ലേബര്‍ ക്യാംപില്‍ മന്ത്രി സിങ് സന്ദര്‍ശിച്ചു.
എണ്ണൂറോളം ഇന്ത്യക്കാരില്‍ നൂറോളം മലയാളികളുണ്ട്. കഴിഞ്ഞ ദിവസം ഓജര്‍ കമ്പനിയുടെ ജിദ്ദ ശുമൈസിയിലെ ലേബര്‍ ക്യാംപ് മന്ത്രി സന്ദര്‍ശിച്ചിരുന്നു. അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അനുഗമിച്ചു. തൊഴില്‍മന്ത്രാലയം മക്ക പ്രവിശ്യ ഉന്നത ഉദ്യോഗസ്ഥരും ക്യാംപിലെത്തിയിരുന്നു.
ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുള്ളവര്‍ വിരളം
ജിദ്ദ: ഇന്ത്യയിലേക്ക് എക്‌സിറ്റില്‍ മടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച സൗദി ഓജര്‍ കമ്പനി തൊഴിലാളികളുടെ എണ്ണം വളരെ കുറവ്. ജിദ്ദയില്‍ നൂറില്‍ താഴെ പേരാണ് തിരിച്ചുപോവാന്‍ സന്നദ്ധരായത്. ഇതില്‍ തന്നെ പലരും ഇപ്പോള്‍ മടങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ്.
തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക, ലഭിക്കാനുള്ള മറ്റ് ആനുകൂല്യങ്ങള്‍, എക്‌സിറ്റ് ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും പ്രത്യേക ഫോറം വിതരണം ചെയ്തിരുന്നു. തുടക്കത്തില്‍ കൂടുതല്‍ പേര്‍ നാട്ടിലെത്താന്‍ താല്‍പര്യം പ്രകടിപ്പിെച്ചങ്കിലും നാട്ടിലേക്ക് തിരിച്ചാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമോയെന്ന ആശങ്കയും തൊഴില്‍വിസ നഷ്ടവും തൊഴിലാളികളെ പിന്നോട്ടടിപ്പിക്കുന്നു. തൊഴില്‍മന്ത്രാലയത്തിന്റെ ഇടപെടലും കമ്പനി പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും പ്രതീക്ഷ പകരുന്നുമുണ്ട്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ചിലര്‍ സേവനാനന്തര ആനുകൂല്യം ലഭിച്ചാല്‍ എക്‌സിറ്റിന് തയ്യാറാണ്. വലിയ തുക ഒരുമിച്ച് ലഭിക്കുമെന്നതും ആവശ്യമെങ്കില്‍ പുതിയ വിസയില്‍ വരാമെന്നതുമാണ് കാരണം. എന്നാല്‍ സര്‍വീസ് വളരെ കുറവുള്ളവര്‍ കമ്പനി മുന്നോട്ടുപോവുന്നില്ലെങ്കില്‍ വിസ മാറി ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss