|    Dec 17 Sun, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓജര്‍ കമ്പനി ഏറ്റെടുക്കാന്‍ സൗദിക്ക് താല്‍പര്യമെന്ന് റിപോര്‍ട്ട്

Published : 6th August 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: പ്രതിസന്ധിയിലായ ഓജര്‍ കമ്പനി ഏറ്റെടുക്കാന്‍ സൗദി ഗവണ്‍മെന്റ് താല്‍പര്യം പ്രകടിപ്പിച്ചതായി ലബ്‌നാനിലെ അല്‍ അഖ്ബാര്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ലബനീസ് പ്രധാനമന്ത്രിയായിരുന്ന സഅദ് അല്‍ ഹരീരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓജര്‍ കമ്പനി.
ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് ഹരീരിയും സൗദി ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സൗദി സര്‍ക്കാരോ സൗദി രാജകുടുംബത്തില്‍ പെട്ട വ്യവസായ പ്രമുഖരോ കമ്പനി ഏറ്റെടുത്തേക്കുമെന്നും 10 ദിവസത്തിനകം കരാറിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്തു.
കമ്പനി ഏറ്റെടുക്കുന്ന കക്ഷി കമ്പനിയുടെ നിലവിലുള്ള സാമ്പത്തിക ബാധ്യത പൂര്‍ണമായി ഏറ്റെടുക്കും. സാമ്പത്തിക ബാധ്യത എത്രയെന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഓജര്‍ കമ്പനിയും സൗദി ഗവണ്‍മെന്റും ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, കമ്പനി പൂര്‍ണമായും വിട്ടുകൊടുക്കുന്നതിന് ഹരീരിക്ക് താല്‍പര്യമില്ലെന്നും 40 ശതമാനം ഓഹരിയെങ്കിലും കൈവശം വയ്ക്കാനുള്ള വിലപേശലാണ് ഹരീരി നടത്തുന്നതെന്നും പത്രം വെളിപ്പെടുത്തി.
അതേസമയം, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി സൗദിയിലെത്തിയ കേന്ദ്ര മന്ത്രി വി കെ സിങ് ഒാജര്‍ കമ്പനിയുടെ രണ്ട് ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം ജിദ്ദ മലിക് റോഡില്‍ റെഡ് സീ മാളിനു സമീപത്തെ ലേബര്‍ ക്യാംപാണ് മന്ത്രി സന്ദര്‍ശിച്ചത്. ഇവിടെ നാലായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 800 ഓളം പേര്‍ ഇന്ത്യക്കാരാണ്. നൂറോളം മലയാളികളുണ്ട്. കഴിഞ്ഞ ദിവസം ഓജര്‍ കമ്പനിയുടെ ജിദ്ദ ശുമൈസിയിലെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച മന്ത്രി തൊഴിലാളികളുമായി സംസാരിച്ചിരുന്നു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെും അദ്ദേഹം ഉറപ്പുനല്‍കി. സൗദി തൊഴില്‍ മന്ത്രിയുമായും മന്ത്രാലയ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ മന്ത്രി തൊഴിലാളികളെ ധരിപ്പിച്ചു. ക്യാംപുകളിലെത്തിയ മന്ത്രിയെ തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കിയും ഹര്‍ഷാരവത്തോടെയുമാണ് സ്വീകരിച്ചത്. അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അനുഗമിച്ചു. തൊഴില്‍ മന്ത്രാലയം മക്ക പ്രവിശ്യ ഉന്നത ഉദ്യോഗസ്ഥരും ക്യാംപിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss