|    Aug 16 Thu, 2018 1:22 pm

ഓച്ചിറ പടനിലം രണാങ്കണമായി

Published : 16th June 2017 | Posted By: fsq

 

ഓച്ചിറ: യോദ്ധാക്കള്‍ ഏറ്റുമുട്ടി പടനിലം യുദ്ധക്കളമായതോടെ പരമ്പരാഗത സമരകലകളുടെ ഓര്‍മ പുതുക്കുന്ന ഓച്ചിറക്കളിക്ക് വര്‍ണാഭമായ തുടക്കം. ചെമ്പകശ്ശേരി രാജാക്കന്മാരും കായംകുളം രാജാക്കന്മാരും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി. ഓച്ചിറ പരബ്രഹ്മക്ഷേത്ര പരിധിയിലെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തോടെ നടത്തിയ കളരിയില്‍ അഭ്യസിച്ച യോദ്ധാക്കള്‍ കളി ആശാന്മാരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ഓച്ചിറ പടനിലത്തത്തെിയിരുന്നു. ഭരണ സമിതി ഭാരവാഹികളെത്തി മുതിര്‍ന്ന കളരി ഗുരുവിന് ധ്വജം കൈമാറി. തുടര്‍ന്ന് ഋഷഭ വീരന്‍മാരുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. ഭരണ സമിതി ഭാരവാഹികളും കളരി ആശാന്മാരും കരനാഥന്‍മാരും പടയാളികളുമെല്ലാം ഘോഷയാത്രയില്‍ അണിനിരന്നു. ഘോഷയാത്ര സമാപിച്ചതോടെ  പടയാളികള്‍ രണ്ടായി പിരിഞ്ഞ് എട്ടുകണ്ടത്തിന്റെ കിഴക്കേകരയിലും പടിഞ്ഞാറേകരയിലും അണിനിരന്നു കുറച്ച് നേരം കാഴ്ച്ചക്കളി നടത്തി.  തുടര്‍ന്ന് ഭരണസമിതി ഭാരവാഹികളും സ്ഥാനികളും കരനാഥന്‍മാരും  എട്ടുകണ്ടത്തിന്റെ മധ്യഭാഗത്ത് എത്തി  കരപറഞ്ഞ് ഹസ്തദാനം നല്‍കിയതോടെ ആര്‍പ്പുവിളികളുമായി പടയാളികള്‍ ഇറങ്ങി പടവെട്ട് ആരംഭിച്ചു. ആവേശം ചോരാതെ വീറും വാശിയോടെ അരമണിക്കൂര്‍ നേര്‍ക്ക് നേരയുള്ള പോരാട്ടത്തിന് ശേഷം എട്ടുകണ്ടം വിട്ട പടയാളികള്‍ വടക്കേ കണ്ടത്തിലും പോര് നടത്തി പിരിഞ്ഞു. ഇന്ന് വീണ്ടും കാണാമെന്ന് ഹസ്തദാനം ചെയ്താണ് കളിസംഘങ്ങള്‍ വീടുകളിലേക്കു പോയത്. പതിനെട്ട് അടവുകളും പന്ത്രണ്ട് ചുവടുകളും പരിശീലിച്ചാണ് അഞ്ച് വയസുള്ള കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ പടനിലത്തില്‍ പടവെട്ടാനിറങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss