|    Jun 18 Mon, 2018 11:09 pm
Home   >  Editpage  >  Lead Article  >  

ഓങ്‌സാന്‍ സൂച്ചിയും മോദിയും

Published : 7th October 2017 | Posted By: fsq

 

ഡോ. ടി  വി  മുഹമ്മദലി

മ്യാന്‍മര്‍ ജനാധിപത്യനേതാവ് ഓങ്‌സാന്‍ സൂച്ചിക്ക് നല്‍കിയ ബഹുമതി തിരിച്ചെടുക്കാനുള്ള ഓക്‌സ്ഫഡ് സിറ്റി കൗണ്‍സിലിന്റെ തീരുമാനം ലോകത്തെ മനുഷ്യസ്‌നേഹികളുടെ ഒന്നാകെ അഭിനന്ദനമര്‍ഹിക്കുന്നു. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളോടുള്ള സൂച്ചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കൗണ്‍സിലിന്റെ തീരുമാനം. മ്യാന്‍മറിലെ നാലരശതമാനം മുസ്‌ലിംകള്‍ക്കു നേരെ 88 ശതമാനമുള്ള ബുദ്ധമതക്കാരും പട്ടാളവും നടത്തിക്കൊണ്ടിരിക്കുന്ന നീചവും ക്രൂരവുമായ വംശീയ ഉന്‍മൂലനത്തിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധികൃതര്‍ ‘ഫ്രീഡം ഓഫ് ഓക്‌സ്ഫഡ്’ തിരിച്ചുവാങ്ങുന്നത്. ഈ ബഹുമതിക്ക് സൂച്ചി അര്‍ഹയല്ലെന്നാണ് കൗണ്‍സിലിന്റെ ഏകകണ്ഠമായ തീരുമാനം. 1997ലായിരുന്നു അവര്‍ക്ക് ഓക്‌സ്ഫഡ് ബഹുമതി നല്‍കിയത്. അതേസമയം, സൂച്ചിക്ക് നല്‍കിയ നൊബേല്‍ പുരസ്‌കാരം അവരില്‍ നിന്ന് സ്വീഡിഷ് അക്കാദമി തിരിച്ചുവാങ്ങണമെന്ന ആവശ്യവും ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. വംശഹത്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂച്ചിയും ഒരേ തൂവല്‍പക്ഷികളാവുകയാണ്. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം മ്യാന്‍മറിലെത്തിയ നരേന്ദ്രമോദി സൂച്ചിയുമായി നടത്തിയ ചര്‍ച്ചയില്‍ കൊടുംപീഡനങ്ങള്‍ക്കിരയായി ലോകരാഷ്ട്രങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്തുകൊണ്ടിരിക്കുന്ന റോഹിന്‍ഗ്യകളുടെ കാര്യം മിണ്ടിയതേയില്ല! ഇരുരാജ്യങ്ങളും തമ്മില്‍ 11 കരാറുകളില്‍ ഒപ്പിട്ടു. മ്യാന്‍മറിലെ ആഭ്യന്തരസുരക്ഷയും ഭീകരതയ്‌ക്കെതിരായ ഇരുരാജ്യങ്ങളുടെയും ഒരുമിച്ചുള്ള നീക്കവും ചര്‍ച്ചയില്‍ വിഷയമായി. സൈന്യത്തിന്റെയും ബൗദ്ധഭിക്ഷുക്കളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തിന്റെയും ഫലമായി ഒന്നരലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കൂട്ടപ്പലായനം നടത്തിയ തൊട്ടുടനെയായിരുന്നു ഇരുഭരണാധികാരികളുടെയും കൂടിച്ചേരല്‍. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് ലോകം ഉറ്റുനോക്കുകയായിരുന്നു. ഇന്ത്യയിലും റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വലിയ പീഡനത്തെ അഭിമുഖീകരിക്കുകയാണ്. എന്നിട്ടും നമ്മുടെ പ്രധാനമന്ത്രി പതിവു മൗനം പാലിച്ചു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയില്‍ അദ്ദേഹത്തിന്റെ നിലപാടും ഇപ്പോള്‍ മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ക്കെതിരായ വംശശുദ്ധീകരണത്തില്‍ ഭരണാധികാരി സൂച്ചിയുടെ നിലപാടും തമ്മില്‍ സാമ്യമുണ്ട്. ഇരുവരും അതിക്രമങ്ങളും കുരുതികളും തടയാന്‍ അധികാരം ഉപയോഗിച്ചില്ല. ഭൂരിപക്ഷ വംശീയതയുടെ വക്താക്കളായിട്ടാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഗുജറാത്തില്‍ മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തിയതിനെ തുടര്‍ന്ന് വിദേശരാജ്യങ്ങള്‍ പലതും മുഖ്യമന്ത്രിയായിരുന്ന മോദിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പിന്നെ പ്രധാനമന്ത്രിയായ ശേഷമാണ് സന്ദര്‍ശനവിലക്കു നീങ്ങിയത്. ഇപ്പോള്‍ മ്യാന്‍മര്‍ ഭരണാധികാരിയായ ഓങ്‌സാന്‍ സൂച്ചിയുടെ നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന ആവശ്യം ശക്തമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജനാധിപത്യവാദി എന്ന ബഹുമതിക്ക് അര്‍ഹയായതിനാലാണ് അവര്‍ക്ക് 1991ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഇന്നിപ്പോള്‍ സ്വാതന്ത്ര്യമോ ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. എന്നുമാത്രമല്ല, രാജ്യത്തു നടക്കുന്ന പട്ടാള അതിക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. റോഹിന്‍ഗ്യന്‍ ജനതയ്‌ക്കെതിരേ തുടര്‍ന്നുകൊണ്ടിരിക്കുന്ന അതിക്രൂരതകളുടെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ കള്ളമാണെന്ന് അവര്‍ ലോകത്തെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പെടാപ്പാടു പെടുകയാണ്.മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനു തടയിടാനാണ് സൂച്ചിയുടെ ശ്രമം. സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളായ ചൈനയെയും റഷ്യയെയും സ്വാധീനിച്ച് യുഎന്‍ പ്രമേയം പാസാക്കാതിരിക്കാനാണു നീക്കം. അല്ലെങ്കിലും സൂച്ചി നയതന്ത്രപ്രതിനിധികളെ അവഗണിക്കുന്നതിനാല്‍ മ്യാന്‍മറില്‍ ഐക്യരാഷ്ട്രസഭയ്ക്ക് സ്വാധീനം കുറവാണ്. പട്ടാളവും ബുദ്ധസന്ന്യാസികളും റോഹിന്‍ഗ്യകളെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും കുടിലുകള്‍ കത്തിച്ചുകളയുകയുമൊക്കെ ചെയ്യുന്നത് നിരീക്ഷിക്കാനും പരിഹാരം കാണാനും മ്യാന്‍മറിലെത്തുന്ന യുഎന്‍ ഏജന്‍സികളെ സൂച്ചി തടഞ്ഞിരിക്കുകയാണ്. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പട്ടിണിമൂലം അഞ്ചുവയസ്സിനു താഴെ പ്രായമുള്ള 80,000 കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കുകയുണ്ടായി. 30,000 റോഹിന്‍ഗ്യകളെ ഭക്ഷണം നല്‍കാതെ മലയിടുക്കില്‍ തടഞ്ഞുവച്ചെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. ഇക്കഴിഞ്ഞ ആഗസ്ത് 25ന് മ്യാന്‍മര്‍ സൈന്യം റാഖൈനിലെ 2600ഓളം ഗ്രാമങ്ങളില്‍ സായുധാക്രമണം നടത്തി. അതില്‍ നിന്നു രക്ഷപ്പെട്ടവരാണ് ഇപ്പോള്‍ വനാന്തര്‍ഭാഗങ്ങളില്‍ കഴിയുന്നത്. ഇവരില്‍ പതിനായിരക്കണക്കിന് ആളുകള്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ഥിതി അതിദയനീയമാണ്. നീചവും ക്രൂരവുമാണിത്. എന്നിട്ടും സൂച്ചി ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും പറ്റി തന്നെയാണു പറയുന്നത്! തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള ഫോണ്‍സംഭാഷണത്തില്‍, പട്ടാളത്തിന്റെയും ബുദ്ധസന്ന്യാസികളുടെയും റോഹിന്‍ഗ്യകള്‍ക്കു നേരെയുള്ള കിരാതമായ കടന്നാക്രമണങ്ങളുടെ വാര്‍ത്തകള്‍ കള്ളമാണെന്ന് ഈ നൊബേല്‍ പുരസ്‌കാര ജേതാവ് നുണപറഞ്ഞു. മനുഷ്യാവകാശത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും തങ്ങള്‍ക്കു നല്ല ബോധമുണ്ടെന്നും അവര്‍ തട്ടിമൂളിച്ചു. റോഹിന്‍ഗ്യകളെപ്പറ്റി കേള്‍ക്കാന്‍ തന്നെ ഇഷ്ടപ്പെടാത്ത സൂച്ചി ഭീകരവാദികളാണ് റോഹിന്‍ഗ്യകളെന്നും ആരോപിക്കുന്നു. സൂച്ചിയുടെ ഈ നിലപാടു മൂലമാണ് പാവങ്ങളായ 11 ലക്ഷം റോഹിന്‍ഗ്യന്‍ ജനത കൂടുതല്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതെന്നു വ്യക്തം. ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ വീടുകളിലും തെരുവുകളിലും മുസ്‌ലിംകളും ദലിതുകളും കൊലചെയ്യപ്പെട്ടു. സാഹിത്യകാരന്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ബുദ്ധിജീവികളും സാധാരണക്കാരുമായ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും ഗുജറാത്ത് വംശഹത്യയിലെന്നപോലെ നമ്മുടെ പ്രധാനമന്ത്രി മൗനംപാലിക്കുകയാണ്! സംഭവങ്ങളെ അപലപിക്കാന്‍, ശക്തമായ നടപടിക്ക് ആഹ്വാനം ചെയ്യാന്‍ അദ്ദേഹം തയ്യാറല്ല. അങ്ങനെ നരേന്ദ്രമോദിക്കും ഓങ്‌സാന്‍ സൂച്ചിക്കും സാമ്യതകളേറെയുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഗോസംരക്ഷകരുടെ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടു സുപ്രിംകോടതി ഉത്തരവിട്ടു. എന്നാല്‍, ഇമ്മട്ടിലൊരു നീതിപീഠ ഇടപെടല്‍പോലും മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കില്ല. കാരണം, ഭരണം ഇപ്പോഴും സൈന്യത്തിന്റെ കൈയിലാണ്. 1962ല്‍ ജന. നെവിന്‍ അധികാരം പിടിച്ചടക്കിയശേഷം സ്വതന്ത്രമായൊരു നീതിന്യായസംവിധാനം മ്യാന്‍മറിലില്ല. സ്വീഡിഷ് അക്കാദമി സൂച്ചിയില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന ആവശ്യത്തിന് അടിവര. സൂച്ചിയുടെ ബഹുമതി പിന്‍വലിച്ച ഓക്‌സ്ഫഡ് കൗണ്‍സിലിന് അഭിനന്ദനം.                    ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss