|    Feb 20 Mon, 2017 11:38 pm
FLASH NEWS

ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം പോരായ്മകളുടെ നടുവില്‍

Published : 26th October 2016 | Posted By: SMR

പട്ടാമ്പി: പശ്ചാത്തല സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഓങ്ങല്ലൂര്‍   പ്രാഥമികാരോഗ്യ കേന്ദ്രം പോരായ്മകളുടെ നടുവില്‍. ജന സംഖ്യ കൊണ്ടും വിസ്തീര്‍ണ്ണം കൊണ്ടും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് ഓങ്ങല്ലൂര്‍. കഴിഞ്ഞ സെന്‍സസ് പ്രകാരം 42635ാണ് ജനസംഖ്യ. ദിവസേന മുന്നൂറിലധികം രോഗികള്‍ ചികില്‍സ തേടിയെത്തുന്നു. എന്നാല്‍ ഇത്രയും രോഗികളെ പരിശോധിക്കുന്നതിനും ആശുപത്രിയിലെ മറ്റു പ്രവൃത്തികള്‍ക്കും ആകെ ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെയുള്ളത്്. രോഗ പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് ക്ലിനിക്കിന് നേതൃത്വം നല്‍കല്‍, കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള  ചികില്‍സകളും കുത്തിവയ്പുകളും, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള പ്രത്യേക ക്ലിനിക്ക്, ഓഫിസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ചെയ്തു തീര്‍ക്കേണ്ടത്്  ഈ ഏക ഡോക്ടര്‍ തന്നെയാണ്. കൊണ്ടൂര്‍ക്കരയിലും കള്ളാടിപ്പറ്റയിലും ഉള്ള ആര്‍സി എച്ച് സെന്ററുകളും കാരക്കാട്, മരുതൂര്‍, വാടാനംകുരിശ്ശി എന്നിവിടങ്ങളിലുള്ള സബ്ബ് സെന്ററുകളും ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലാണെന്നതും ജോലിഭാരം വര്‍ധിപ്പിക്കുന്നു. മൂന്ന് ഡോക്ടര്‍മാരുടെ ഒഴിവുണ്ടെങ്കിലും നിലവിലുള്ള ഏക ഡോക്ടര്‍  മനുഷ്യ സഹജമായ കാരണങ്ങള്‍ കൊണ്ട്  അവധിയെടുത്താല്‍ ചികില്‍സ കിട്ടാതെ മടങ്ങുന്നവരുടെ ദുരിതം വിവരണാതീതമാണ്. ലാബ് ടെക്‌നീഷ്യന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പാരാ മെഡിക്കല്‍ ലാബില്‍ ആധുനിക സൗകര്യങ്ങളുണ്ടെങ്കിലും രോഗികള്‍ക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ്. നിലവിലുണ്ടായിരുന്ന ലാബ് ടെക്‌നീഷ്യനെ പട്ടാമ്പി താലൂക്കാശുപത്രിയിലേക്ക്്് മാറ്റിയതാണ് ലാബിന്റെ പ്രവര്‍ത്തനം താറുമാറാവാന്‍ കാരണം. ഒരേക്കര്‍ വിസ്തീര്‍ണമുള്ള ആശുപത്രി വളപ്പില്‍ മൂന്ന്് ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും അവയും വേണ്ട പോലെ പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് മറ്റൊരാരോപണം.സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സ്വരച്ചേര്‍ച്ചയില്ലായ്മയാണ് സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താതിരിക്കാ ന്‍ കാരണമെന്ന് പറയുന്നു. നാട്ടുകാരന്‍ കൂടിയായ എം എല്‍ എ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക