|    Feb 18 Sun, 2018 8:50 am
Home   >  Kerala   >  

ഓഖി: മുന്നറിയിപ്പ് നവംബര്‍ 29ന് നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്

Published : 18th December 2017 | Posted By: Jesla

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നവംബര്‍ 29നു തന്നെ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ്. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതിനെ തിരുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ)പുതിയ വാദം. സന്ദര്‍ശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് രാത്രി മംഗലാപുരത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപായിരിക്കും ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് കന്യാകുമാരിയിലേക്കു പോകും. വൈകിട്ട് അഞ്ചിന് തിരികെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെ ദുരിത ബാധിത പ്രദേശത്ത് 10 മിനിറ്റ് ചെലവഴിക്കും. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ കാണും.

നേരത്തെ തയാറാക്കിയ പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയില്‍ തീരപ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നു പൂന്തുറയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം കാണാതായവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നുവെന്ന സര്‍ക്കാര്‍ വാദം വേദനയുണ്ടാക്കുന്നതായി ലത്തീന്‍ സഭ പ്രതികരിച്ചു. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കണക്കുകള്‍ പെരുപ്പിക്കേണ്ടതില്ലെന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss