|    Dec 17 Mon, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓഖി: പുനരധിവാസം ത്വരിതപ്പെടുത്തണമെന്ന്

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: ഓഖി ദുരന്തബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
സഭയുടെ സാമൂഹികക്ഷേമ വിഭാഗത്തിന്റെ മേല്‍നോട്ടത്തി ല്‍ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ചെലവാക്കിയ തുകയും യോഗം വിലയിരുത്തി. ജൂണ്‍ മാസത്തോടുകൂടി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് കരുതുന്നതായി അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കന്യാകുമാരി ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ദുരന്തബാധിതര്‍ക്കാണ് സഭ സഹായഹസ്തം നല്‍കുന്നത്. 400 ഓളം കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണം, വരുമാന വര്‍ധന പദ്ധതികള്‍, ശൗചാലയം എന്നിവ കേരള കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ നല്‍കും.
യോഗത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവനായി നടപ്പാക്കാത്തതിലുള്ള നിരാശ മെത്രാന്‍ സമിതി രേഖപ്പെടുത്തി. ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 13,18,09,641 രൂപ സഭ ചെലവഴിച്ചു. ഇതില്‍ 5,18,09,641 രൂപ കെസിബിസി സമാഹരിച്ചതാണ്. മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ പുനരുദ്ധാരണത്തിനായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആവിഷ്‌കരിച്ച പരിപാടികളുടെ ഉദ്ഘാടനം കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് സൂസെ പാക്യം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ഫാ. പോള്‍ മുഞ്ഞേലി, ഫാ. ജോളി പുത്തന്‍പുര, ഫാ. വര്‍ഗീസ് വള്ളിക്കട്ട്, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss