|    Sep 20 Thu, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓഖി: തിരച്ചില്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു

Published : 10th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പൊഴിയൂര്‍ തീരത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ ദേശീയപാത ഉപരോധിച്ചു. 15 അംഗ മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തക സംഘത്തിലുള്‍പ്പെടുത്താമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ഉപരോധം അവസാനിച്ചത്. അഞ്ചു മല്‍സ്യത്തൊഴിലാളികള്‍ വീതം രണ്ടു കപ്പലുകളിലായും അഞ്ചുപേരെ ഹെലികോപ്റ്ററിലും തിരച്ചിലിനായി കൊണ്ടുപോവുമെന്ന് എഡിഎം സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരിട്ടെത്തി രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഇന്ന് പൊഴിയൂരിലെത്തി നാട്ടുകാരെ കാണാമെന്നു മന്ത്രിയുടെ ഉറപ്പ് അധികൃതര്‍ സമരക്കാരെ അറിയിച്ചതോടെയാണ് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശമിച്ചത്. ഉപരോധക്കാരില്‍ ചിലര്‍ ചെക്‌പോസ്റ്റ് റോഡ് തടഞ്ഞത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അതിനിടെ, സമരം പ്രഖ്യാപിച്ച ലത്തീന്‍ സഭാ ഭാരവാഹികളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രണ്ടാംദിനവും ബിഷപ് ഹൗസിലെത്തി. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് സൂസൈപാക്യവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കടകംപള്ളി സഭാ പ്രതിനിധികളെ അറിയിച്ചു. ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതിലുള്ള അമര്‍ഷം ആര്‍ച്ച് ബിഷപ് മന്ത്രിയെ അറിയിച്ചു. ആരെയും കുറ്റപ്പെടുത്താനില്ല. എന്നാല്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. തീരദേശത്തോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് ലത്തീന്‍ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ഭാരവാഹികളും വ്യക്തമാക്കി. നാളെ സെക്രേട്ടറിയറ്റിനു മുന്നില്‍ നടക്കുന്ന പ്രതിഷേധസമരം ഇതിന്റെ ആദ്യഘട്ടമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.  തീരദേശത്ത് നടക്കുന്ന സമരങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് സര്‍ക്കാരിന് അറിയാമെന്നു മന്ത്രി കടകംപള്ളി പ്രതികരിച്ചു. എന്നാല്‍, ഇപ്പോള്‍ അതു പറയുന്നില്ല. ശരിയായ സമയം വരുമ്പോള്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ദുരന്തം സംഭവിച്ച് 10 ദിനങ്ങള്‍ പിന്നിടുമ്പോഴും കണ്ടെത്താനുള്ള മല്‍സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. റവന്യൂ വകുപ്പ് നേരിട്ടു ശേഖരിച്ച പുതിയ കണക്കനുസരിച്ചു വള്ളങ്ങളിലും ബോട്ടുകളിലും അടക്കം മല്‍സ്യബന്ധനത്തിനു പോയ 354 പേരെ ഇനി കണ്ടെത്താനുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ 96 പേരെ കണ്ടെത്താനുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളില്‍ പോയ 108 പേരെയും ചെറിയ മല്‍സ്യബന്ധന ബോട്ടുകളില്‍ പോയവരില്‍ 86 പേരെയും വലിയ ബോട്ടുകളില്‍ പോയ 160 പേരെയുംകൂടി കണ്ടെത്താനുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ഇതില്‍ ചെറിയ വള്ളങ്ങളില്‍ പോയവരുടെ കാര്യത്തിലാണു കൂടുതല്‍ ആശങ്കയുള്ളത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് വഴി നടത്തിയ പഠനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 260 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണു പറയുന്നത്. അതേസമയം, കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കണക്ക് ഏകോപിപ്പിക്കാനായി എഫ്‌ഐആര്‍ അടക്കം പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്കും സര്‍ക്കാര്‍ കടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss