|    Nov 21 Wed, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓഖി ചുഴ ലിക്കാറ്റ്: സുനാമിയേക്കാള്‍ ഭയാനകമായ ദുരന്തം – 7

Published : 25th December 2017 | Posted By: kasim kzm

ടോമി മാത്യു

2004ലെ സുനാമിയില്‍ പോലും ചെല്ലാനം തീരത്ത് ഇത്രയേറെ നാശം സംഭവിച്ചിട്ടില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. തീരത്തു നിന്ന് ഏറെ അകലെയായിരുന്ന കടല്‍ സുനാമിക്കു ശേഷം തീരത്തേക്ക് അടുത്തു. ഇടയ്ക്കിടെ വേലിയേറ്റവും കടല്‍ക്ഷോഭവും പതിവാണെങ്കിലും വീടുകളെ ബാധിച്ചിരുന്നില്ല. എന്നാല്‍, ആദ്യമായാണ് ഇത്രയധികം വെള്ളം തീരത്തേക്ക് ഇരച്ചുകയറിയതെന്ന് ഓഖി ദുരന്തത്തിന് ഇരയായവര്‍ പറയുന്നു. റോഡ് കഴിഞ്ഞ് ഏകദേശം 100 മീറ്റേറാളം ദൂരത്തേക്കു കടല്‍വെള്ളം കരയിലേക്ക് ഇരച്ചുകയറി. ചുഴലിക്കാറ്റ് പുറംകടലില്‍ എത്തിയപ്പോള്‍ തന്നെ തീരവാസികള്‍ക്കു സൂചന ലഭിച്ചതായി ചെല്ലാനം സ്വദേശി ബിജോയ് പറയുന്നു. അപ്രതീക്ഷിതമായി അന്തരീക്ഷത്തില്‍ മാറ്റംവന്നു. പതിവിനു വിരുദ്ധമായി വട്ടംകറങ്ങിയുള്ള കാറ്റും തീരത്തു പ്രകടമായി. കടല്‍ ഇടയ്ക്കിടെ ഉള്‍വലിഞ്ഞതോടെ അപകടം മണത്തവര്‍ ജാഗ്രത വേണമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്ന് അപ്പോഴും ഒരറിയിപ്പും വന്നില്ല. ഓഖി വീശിയതോടെ ഇരച്ചെത്തിയ കൂറ്റന്‍ തിരമാലകള്‍ തീരത്തോട് അടുത്തു നിന്ന ഒട്ടുമിക്ക വീടുകളും തകര്‍ത്തു. പല വീടുകളുടെയും സംരക്ഷണ ഭിത്തികളും വിഴുങ്ങി. വീട്ടുപകരണങ്ങളെല്ലാം ഒലിച്ചുപോയി. വീടുപണി പൂര്‍ത്തിയായി കയറിത്താമസിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ആന്റണിയുടെയും തങ്കമ്മയുടെയും വീടിനു നേരെ ഓഖി നാശം വിതച്ചത്. തങ്കമ്മ സമീപത്തെ ഹാര്‍ബറില്‍ ചെമ്മീന്‍ നുള്ളിയും ആന്റണി മരപ്പണി ചെയ്തും സ്വരുക്കൂട്ടിയ പണത്താല്‍ ചെറിയൊരു വീട് ഇവര്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, 2004ല്‍ ആഞ്ഞടിച്ച സുനാമിയില്‍ ഇരുവരുടെയും സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞു. പിന്നീടു താല്‍ക്കാലിക ഷെഡിലായിരുന്നു ഇവരും മകന്‍ വര്‍ഗീസും കഴിഞ്ഞിരുന്നത്. സുനാമി ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ച രണ്ടര ലക്ഷം രൂപ കൊണ്ട് വീണ്ടും വീടു നിര്‍മാണമാരംഭിച്ചു. നിര്‍മാണം അവസാനഘട്ടം പിന്നിട്ട് ഗൃഹപ്രവേശത്തിന് ആലോചന നടക്കവേയാണ് ഓഖിയുടെ രൂപത്തില്‍ വീണ്ടും ദുരന്തമെത്തിയത്. ശക്തമായ കടലാക്രമണത്തില്‍ വീടിന്റെ ചുറ്റുമതില്‍ നശിച്ചു. വീട് തകര്‍ന്നില്ലെങ്കിലും ആര്‍ത്തലച്ചെത്തിയ തിരയില്‍ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചു. വീടിനകത്തേക്കു കടല്‍വെള്ളവും ചളിയും കയറി. വീട്ടുസാധനങ്ങള്‍ ഒലിച്ചുപോയി. തങ്ങളുടെ സ്വപ്‌നം വീണ്ടും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം. സമാനസ്ഥിതി നേരിടുന്ന നിരവധി കുടുംബങ്ങള്‍ ചെല്ലാനത്തുണ്ട്്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്താല്‍ കെട്ടിപ്പൊക്കിയ വീടുകള്‍ ക്ഷണനേരം കൊണ്ടു കടലില്‍ മറയുന്നതു നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്നവര്‍. 10 ദിവസത്തോളം ദുരിതാശ്വാസ ക്യാംപില്‍ ചെലവഴിച്ച ശേഷം വീടുകളിലേക്കു തിരികെയെത്തിയവരെ കാത്തിരുന്നതും ദുരിതക്കാഴ്ചകളാണ്. മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഭൂരിഭാഗം വീടുകളും. മിക്ക വീടുകളിലും വൈദ്യുതിയില്ല. മീറ്ററുകള്‍ ഉള്‍പ്പെടെ തിരയില്‍ ഒലിച്ചുപോയി. ഉപ്പുവെള്ളം ഇരച്ചുകയറിയതോടെ വീട്ടുമുറ്റത്തെ കാര്‍ഷിക വിളകളും ചെടികളും തുടങ്ങി വന്‍മരങ്ങള്‍ വരെ ഉണങ്ങി. വീടുകളില്‍ നാലു മീറ്റര്‍ ഉയരത്തില്‍ വരെ മണ്ണും ചളിയും നിറഞ്ഞുകിടക്കുന്നു. ശൗചാലയങ്ങളെല്ലാം ചളി നിറഞ്ഞ് ഉപയോഗശൂന്യമായി. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇവയെല്ലാം എങ്ങനെയെങ്കിലും നന്നാക്കിയെടുത്ത് ഉപയോഗിക്കാനുള്ള ശ്രമത്തിലാണു തീരവാസികള്‍. കേരളത്തിന്റെ തീരം ഇന്നും പൂര്‍വസ്ഥിതിയിലേക്കു തിരികെയെത്തിയിട്ടില്ല. അതിനായി ഇനിയും നാളുകള്‍ കാത്തിരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്തു നിന്നു കടലില്‍ പോയ 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണു സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക്. ഇതില്‍ 166 പേര്‍ മലയാളികളാണ്. ഇവരില്‍ ഭൂരിപക്ഷവും ചെറുവള്ളങ്ങളില്‍ പോയവരാണ്. 32 മൃതശരീരങ്ങള്‍ ഇനിയും തിരിച്ചറിയാനുമുണ്ട്. പോലിസിന്റെയും മല്‍സ്യത്തൊഴിലാളികളുടെയും കണക്കുകള്‍ ഒത്തുനോക്കിയുള്ള വിവരങ്ങളാണിത്. ഇന്നു ക്രിസ്മസ് ദിനമാണ്. ആരെങ്കിലും കടലില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇന്നു രാത്രിയോടെ തിരിച്ചെത്തുമെന്നു തീരം പ്രതീക്ഷിക്കുന്നു. ചുരുക്കത്തില്‍, തീരമേഖലയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതാണു കെടുതിയുടെ ആഴം വര്‍ധിപ്പിക്കുന്നത്. കോസ്റ്റ് ഗാര്‍ഡില്‍ ജോലിയെടുക്കുന്ന ജീവനക്കാരില്‍ ഭൂരിഭാഗത്തിനും നീന്തല്‍ പോലും വശമില്ലാത്തവരാണെന്നതാണു വസ്തുത. മല്‍സ്യത്തൊഴിലാളികളും ഇതു സാക്ഷ്യപ്പെടുത്തുന്നു. ഈ ജോലിക്കു മല്‍സ്യത്തൊഴിലാളികളെ കൂടി പരിഗണിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓഖി ദുരന്തത്തിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായം പോലും തീരത്തേക്ക് എത്തിയിട്ടില്ല. 44 രൂപ നല്‍കി ജയ അരി വാങ്ങിക്കഴിച്ച് കടലില്‍ പോവുന്നവര്‍ക്കായി പുഴുവും കല്ലും നിറഞ്ഞ റേഷനരി വിതരണം ചെയ്തതില്‍ പോലും തിരിമറി നടന്നു. സര്‍ക്കാര്‍ നല്‍കിയ പഴകിയ അരി കഴിച്ച് കടലില്‍ പോവാന്‍ കഴിയില്ലെന്നു തീരത്തെ സ്ത്രീകള്‍ പറയുന്നു.  തീരത്തെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനായി രണ്ടാഴ്ച മുമ്പ് വിഴിഞ്ഞം, പൂന്തുറ മേഖലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഉണ്ടായതിനേക്കാളും പരിതാപകരമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നാണു ഞങ്ങള്‍ക്കൊപ്പം അന്ന് ഉണ്ടായിരുന്ന പൂന്തുറ സ്വദേശി ബിനു ഇന്നലെ പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഇടപെടലുകള്‍ ക്രിയാത്മകമാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. അതിനു വാഗ്ദാനങ്ങളല്ല, നടപടികളാണ് ആവശ്യം.

ഏകോപനം: എച്ച് സുധീര്‍(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss