|    Oct 18 Thu, 2018 3:18 pm
FLASH NEWS

ഓഖി: കെടുതി രണ്ടാം ദിനവും

Published : 2nd December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ഒറ്റപ്പെട്ട് ജില്ലയിലെ തീരദേശം. കനത്ത മഴയും കാറ്റും കടല്‍ ക്ഷോഭവും മൂലം ജില്ലയില്‍ ജനജീവിതം രണ്ടാം ദിവസവും സ്തംഭിച്ചു. ജില്ലയില്‍ രണ്ടു മരണം. പൂന്തുറ സ്വദേശികളായ സേവിയര്‍ ലൂയിസ് (57) ക്രിസ്റ്റി സില്‍വദാസന്‍ (51)എന്നിവരാണ് മരിച്ചത്. പൂന്തുറയില്‍ നിന്നും കടലില്‍പോയ മത്സ്യത്തൊഴിലാളികളാണ് ഇരുവരും.
ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടുപോയ മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കുവാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ ജില്ലയില്‍ ഇരുന്നൂറോളം  മത്സ്യത്തൊഴിലാളികളെ വ്യോമസേനയുടെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തില്‍ കരയിലെത്തിച്ചു. 57 മത്സ്യത്തൊഴിലാളികള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ 23 പേരും ജനറല്‍ ആശുപത്രിയില്‍ 34 പേരുമാണ് ചികിത്സയിലുള്ളത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് കടലില്‍ കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത 60 പേരെ കുളച്ചല്‍ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് അറിയിച്ചു. ജപ്പാന്‍ ചരക്കുകപ്പല്‍ രക്ഷപ്പെടുത്തിയ 60 മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്ത് എത്തിച്ചു. മെഡിക്കല്‍ കോളജിലും, ജനറല്‍ ആശുപത്രിയിലുമായി ഇവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. കരയ്—ക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ തീരെ അവശതയിലാണ്. വിമാനത്താവളത്തിലും, തുറമുഖത്തും ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നുണ്ട്.
ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ജില്ലയില്‍ കനത്തനാശമാണ് വിതച്ചത്. ജില്ലയിലെ തീരപ്രദേശങ്ങള്‍ ദുരിതക്കയത്തിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മരങ്ങള്‍ കടപുഴകി വീണ് പരക്കെ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം ഇതുവരെ സ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെതുടര്‍ന്ന് ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന ജോലികള്‍ക്കുവേണ്ടിയാണ് തിരുവനന്തപുരം, കാട്ടാക്കട സര്‍ക്കിളുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്.   മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ കെ വാസുകി അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്‌സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്. കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റു ജീവനക്കാരേയും വിന്യസിച്ച് അത്യാഹിത വിഭാഗം സുസജ്ജമാക്കിയിട്ടുണ്ട്.  കടലില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി. കടലിനു മുകളില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്താണ് മന്ത്രി രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചത്.
കേരള തീരത്തുനിന്ന് 100 കി മി ഉള്ളിലേയ്ക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴയക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss