|    Oct 20 Sat, 2018 3:22 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഓക്‌സ്ഫഡ് മാതൃക നടപ്പില്‍ വരുത്തിയാലെങ്ങനെ?

Published : 25th January 2017 | Posted By: fsq

 

വിരസവും മോശവുമായ അധ്യാപനം മൂലം തന്റെ ബിരുദ പഠനം മോശമായിപ്പോയെന്ന് ആരോപിച്ചുകൊണ്ട് ഒരു വിദ്യാര്‍ഥി നല്‍കിയ കേസില്‍ ഹാജരാവാന്‍ വിശ്വപ്രശസ്ത സര്‍വകലാശാലയായ ഓക്‌സ്ഫഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ലണ്ടന്‍ ഹൈക്കോടതി. അധ്യാപനം മോശമായതു മാത്രമല്ല, ഏഴ് അധ്യാപകരില്‍ നാലുപേരും അവധിയിലായതും പഠനനിലവാരത്തെ ബാധിച്ചുവത്രേ. ഇതൊരു കൗതുകക്കേസായിട്ടല്ല കോടതി പരിഗണിക്കുന്നത്. മറിച്ച് കേസ് തള്ളണമെന്ന സര്‍വകലാശാലയുടെ അഭ്യര്‍ഥനയാണ് കോടതി തള്ളിക്കളഞ്ഞത്. സര്‍വകലാശാല മറുപടി പറയണമെന്നു തന്നെയാണ് നീതിപീഠത്തിന്റെ നിലപാട്. ഈ കേസിന്റെ പശ്ചാത്തലത്തില്‍ ആലോചിച്ചാല്‍ നമ്മുടെ സര്‍വകലാശാലകള്‍ എത്ര തവണ കോടതി കയറുകയും മറുപടി പറയുകയും വേണ്ടിവരും? വിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും കോടതിയില്‍ നിന്ന് ഇറങ്ങാന്‍ നേരമുണ്ടാവുമോ? അത്രയധികം മോശമായ രീതിയിലാണ് നമ്മുടെ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും കീഴിലും അധ്യാപനം നടക്കുന്നത്. ഇപ്പോള്‍ തന്നെ വിവിധ കലാലയങ്ങളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന വാര്‍ത്തകളെപ്പറ്റി ഒന്നാലോചിക്കുക. ആകപ്പാടെ കുത്തഴിഞ്ഞുകിടക്കുകയാണ് സ്വാശ്രയ വിദ്യാഭ്യാസമണ്ഡലം. എന്‍ജിനീയറിങ് കോളജുകളില്‍ പഠിപ്പിക്കുന്നത് ഐടിഐക്കാരും ഡിപ്ലോമക്കാരുമാണെങ്കില്‍ അത് മഹാഭാഗ്യമാണുപോലും. പലേടത്തും അധ്യാപകരോ ലബോറട്ടറികളോ പഠനമോ തീരെ ഇല്ലതാനും. മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന പല സ്വാശ്രയ കോളജുകളിലെയും സ്ഥിതി ഏറക്കുറേ ഇതു തന്നെ. നമ്മുടെ കുട്ടികളും രക്ഷിതാക്കളും പക്ഷേ, നിലവാരത്തെക്കുറിച്ചൊന്നും ബേജാറാവുന്നില്ല. കണക്കിന് പൂജ്യം കിട്ടിയാലും മതി, പണം കൊടുത്താല്‍ എന്‍ജിനീയറിങിന് പ്രവേശനം കൊടുക്കണമെന്ന ആവശ്യക്കാരാണല്ലോ കുട്ടികളും രക്ഷിതാക്കളും കോളജ് നടത്തിപ്പുകാരുമെല്ലാം. പിന്നെയെന്തോന്ന് നിലവാരം! പല ഉന്നത കലാലയങ്ങളിലും പഠനമൊഴിച്ചുള്ള മറ്റു പലതുമാണ് സജീവമായി നിലനില്‍ക്കുന്നത്. പാമ്പാടിയിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുപൊളിച്ചത് മാനേജ്‌മെന്റിന്റെ പീഡനം മൂലം ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന്റെ പ്രതിഷേധമെന്ന നിലയിലാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ സമരരംഗത്താണ്. അവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നം പ്രിന്‍സിപ്പലിന്റെ ‘കൈയിലിരിപ്പ്’ തന്നെ. എറണാകുളം മഹാരാജാസ് കോളജിലും ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സ്ഥാപനമേധാവിക്കെതിരേ ശക്തമായി സമരം ചെയ്യുന്നു. തങ്ങള്‍ക്ക് വേണ്ടവിധത്തില്‍ പഠനസൗകര്യമൊരുക്കാതെ സ്ഥാപനങ്ങള്‍ തന്നിഷ്ടം കളിക്കുന്നു എന്നാണ് എല്ലാ ആരോപണങ്ങളുടെയും പൊരുള്‍. കേസിനു പോയ ഓക്‌സ്ഫഡ് വിദ്യാര്‍ഥിയുടെ മാതൃക പിന്തുടരുകയാണെങ്കില്‍ എത്ര കേസുകള്‍ കൊടുക്കേണ്ടിവരും നമ്മുടെ വിദ്യാര്‍ഥികള്‍? വിദ്യാര്‍ഥികള്‍ക്കെതിരേ തിരിച്ച് എത്രയധികം കേസുകളുണ്ടാവും?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss