|    Dec 19 Wed, 2018 7:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒഴുക്കിനെതിരേ നീന്തിയ നല്ല ഇടയന് ഓശാന മൗണ്ടില്‍ അന്ത്യവിശ്രമം

Published : 29th December 2017 | Posted By: kasim kzm

കോട്ടയം: ക്രൈസ്തവ പരിഷ്‌കര്‍ത്താവും സഭാ വിമര്‍ശകനും എഴുത്തുകാരനുമായിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ പ്രയാണം എന്നും ഒഴുക്കിനെതിരേയായിരുന്നു. മരണപത്രവും ശവപ്പെട്ടിയും തയ്യാറാക്കി ജീവിതദൗത്യം പൂര്‍ത്തിയാക്കിയെന്ന ആത്മവിശ്വാസത്തോടെയാണ് മരണത്തെ അദ്ദേഹം വരവേറ്റത്. ജീവിതവഴികളില്‍ സഭയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നു തന്നെ സഭയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍. സഭയുടെ നവീകരണം ലക്ഷ്യമിട്ട് വിമര്‍ശനാത്മകമായ നിരവധി രചനകള്‍ നടത്തി. സിംഹാസനപ്പോര് (ലേഖനങ്ങള്‍), എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ (നോവല്‍), പ്രൈവറ്റ് കോളജ് അധ്യാപകന്റെ സ്മരണകള്‍ (രണ്ടാം പതിപ്പ്), കേരള ക്രൈസ്തവചരിത്രം വിയോജനക്കുറിപ്പുകള്‍, സ്‌നേഹസമര്‍പ്പണം, കാനോന്‍ നിയമത്തിലെ കാണാച്ചരടുകള്‍, ആരാധനാക്രമവിവാദം ഓശാനയുടെ ഇടപെടലുകള്‍, പേപ്പസി ചരിത്രപരമായ ഒരു പഠനം, കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകചരിത്രം, ഓശാനയുടെ എഡിറ്റോറിയലുകള്‍ (ഭാഗം ഒന്ന്, രണ്ട്), ഐഡന്റിറ്റി ഓഫ് നസ്രാണി ചര്‍ച്ച് ഓഫ് കേരള, ദി ലിറ്റര്‍ജി, ഹൈരാര്‍ക്കി ആന്റ് സ്പിരിച്വാലിറ്റി ഓഫ് സെന്റ് തോമസ് ക്രിസ്ത്യന്‍സ് ഇന്‍ ദി പ്രീ പോര്‍ച്ചുഗീസ് പിരിയഡ്- എ സ്റ്റഡി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകള്‍. 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ നിര്‍ഭയ പ്രവര്‍ത്തനശൈലി കോളജില്‍നിന്നു പുറത്താക്കാനുള്ള വഴിയൊരുക്കി. 1975ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓശാന’ മാസിക സഭാവിമര്‍ശനത്തിലൂന്നിയാണു പ്രസിദ്ധീകരിച്ചിരുന്നത്. പാലായിലെ ഒരു വാടകമുറിയില്‍ പൊന്‍കുന്നം വര്‍ക്കി അധ്യക്ഷനായ യോഗത്തി ല്‍ പ്രഫ. ജോസഫ് മുണ്ടശ്ശേരിയാണ് ‘ഓശാന’ ഉദ്ഘാടനം ചെയ്തത്. 75ാം വയസ്സി ല്‍ ‘ഓശാന’യുടെ ചുമതലയൊഴിഞ്ഞ അദ്ദേഹം തന്റെ സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേല്‍ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്ഥാപനങ്ങള്‍ക്കുമായി എഴുതിവച്ചു. ‘ഓശാന’യ്ക്കു പക്ഷേ, പിടിച്ചുനില്‍ക്കാനായില്ല. ഈ വര്‍ഷമാദ്യം മാസികയെന്ന നിലയിലുള്ള അതിന്റെ പ്രവര്‍ത്തനം നിലച്ചു. സഭയുടെ നിയമക്കുരുക്കുകളില്‍പ്പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാര്‍മികനായിരുന്നു അദ്ദേഹം. 2008ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ക്രൈസ്തവാചാരത്തിനു വിരുദ്ധമായി സ്വന്തം വീട്ടുവളപ്പില്‍ ചിതയൊരുക്കി ദഹിപ്പിച്ചു. ആ മണ്ണില്‍ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തി ല്‍ കുറിക്കുകയും ചെയ്തു. ക്രൈസ്തവ സഭകളുടെ സ്വത്ത് ഭരിക്കുന്നതിന് നിയമമുണ്ടാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടു. കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യ മാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിത നേതൃത്വത്തിന്, മാര്‍പാപ്പയോടല്ലാതെ സാധാരണ വിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മതസാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണ് അതെന്നുമാണ് ജോസഫ് പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss