|    May 1 Mon, 2017 12:15 am
FLASH NEWS

ഒഴിവുകള്‍ പിഎസ്‌സിക്കു റിപോര്‍ട്ട് ചെയ്യാതെ വകുപ്പ് മേധാവികള്‍

Published : 31st October 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്തികയുടെ ഒഴിവുകള്‍ ആയിരത്തിലധികം ഉണ്ടായിട്ടും ദിവസവേതനക്കാരെ നിയമിച്ച് വകുപ്പ് മേധാവികള്‍ ഒത്തുകളിക്കുന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ   ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്കു  റിപോര്‍ട്ട് ചെയ്യണമെന്ന  മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിക്കുകയാണ് വകുപ്പ് മേധാവികള്‍.പാലക്കാട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 100 ലധികം ഒഴിവുകളാണുള്ളത്. എന്നാല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നതാകട്ടെ 23 എണ്ണം. ശേഷിക്കുന്നവയിലെല്ലാം ദിവസവേതനത്തിന് ജീവനക്കാരെ നിയമിച്ചിരിക്കുകയാണ് വകുപ്പ് മേധാവികള്‍. ദിവസവേതനക്കാരാകുമ്പോള്‍ വീട്ടിലേക്ക് കൂടി ജീവനക്കാരുടെ സേവനം ലഭ്യമാവുമെന്നതുകൊണ്ടാണ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാതെ സര്‍ക്കാരില്‍ നിന്ന് പിഎസ്‌സിയില്‍ മറച്ചുവക്കുന്നതെന്ന് എല്‍ഡിവി ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തന്നെ ഒഴിവുകള്‍ സമയബന്ധിതമായി പിഎസ്‌സിയിലേക്ക് റിപോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയേയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഒഴിവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഎസ്‌സിയെ അറിയിക്കാതിരുന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥനില്‍ നിന്നും സേവനാവകാശ നിയമം വ്യവസ്ഥ ചെയ്യുന്ന പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിവി ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിവി ഡ്രൈവര്‍ ഗ്രേഡ് 2 ഗ്രേഡിലേക്ക് പാലക്കാട് ജില്ലയില്‍ നിന്നുമാത്രം 350 ലധികം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏതാണ്ട് തീരാറായി. ഇക്കാര്യത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്‍ഡിവി ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് അംഗങ്ങള്‍ പാലക്കാട് മോയന്‍സ് സ്‌കൂളില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യോഗത്തില്‍ കെജിഡിഎ മുന്‍ സംസ്ഥാന പ്രസഡിന്റ് ഗോപാലകൃഷ്ണന്‍, എ.മുഹമ്മദ്, സതീശന്‍, സി ആന്റണി, അന്‍വര്‍ പുലാപ്പറ്റ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day