|    Dec 12 Wed, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒഴിവാക്കിയവരെ ബോഡി നിര്‍മാണം പുനരാരംഭിച്ചാല്‍ തിരിച്ചെടുക്കും

Published : 2nd September 2018 | Posted By: kasim kzm

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: ബസ് ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്നുവിഭാഗം സിഎല്‍ആര്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരേ ജീവനക്കാരുടെ ഇടയില്‍ നിന്നു പ്രതിഷേധം ശക്തമാവുന്നു. കെഎസ്ആര്‍ടിസി കഴിഞ്ഞ വര്‍ഷം മുതല്‍ ബസ് ബോഡി നിര്‍മിക്കുന്നില്ല. അതിനാല്‍ തന്നെ ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ വെറുതെയിരിക്കുകയാണ്. അതുകൊണ്ടാണ് താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയത്. ഒഴിവാക്കിയ താല്‍ക്കാലിക ജീവനക്കാരെ ബോഡി നിര്‍മാണം പുനരാരംഭിച്ചാല്‍ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി. ഇക്കാര്യം എംഡി ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാരുടെ യൂനിയനുകളോട് വ്യക്തമാക്കി. പിരിച്ചുവിട്ടവരില്‍ യോഗ്യരായവരെ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും പുനര്‍നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും ഡ്രൈവറാകാനുള്ള ഹെവി ലൈസന്‍സ് ഭൂരിഭാഗം പേര്‍ക്കും ഇല്ല എന്നതാണു യാഥാര്‍ഥ്യം. പിഎസ്‌സി അഡൈ്വസ് മെമ്മോ കിട്ടിയവരെപ്പോലും കണ്ടക്ടറായി നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവരെ കണ്ടക്ടറാക്കുക എളുപ്പമല്ല. അതിനാല്‍ തന്നെ ഈ വഴികള്‍ അടഞ്ഞിരിക്കുകയാണ്. ബസ് ബോഡി നിര്‍മാണത്തിനുള്ള അനുമതി കെഎസ്ആര്‍ടിസിക്കു ലഭിച്ചാല്‍ മാത്രമേ ഇവരുടെ പുനര്‍വിന്യാസം നടക്കുകയുള്ളൂവെന്ന കാര്യം ഇതോടെ ഉറപ്പായി. അതേസമയം, 143 ജീവനക്കാരെയാണു താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയതെന്നും 2,173 താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും എംഡി ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു. നാലുമാസത്തിനകം ഡ്രൈവര്‍ തസ്തികയിലേക്ക് കാലഹരണപ്പെട്ട പിഎസ്‌സി ലിസ്റ്റില്‍ നിന്ന് മുമ്പ് മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഉള്‍െപ്പടെ 1,175 പേരെ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സിഎല്‍ആര്‍ ജീവനക്കാരുടെ എണ്ണം കോര്‍പറേഷനില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ബസ് ബോഡി നിര്‍മാണം നടക്കുന്നില്ല. അതിനാല്‍ പിഎസ്‌സി വഴി നിയമനം ലഭിച്ചവര്‍ വെറുതെയിരിക്കുകയാണ്. 448 പേരാണ് ഇത്തരത്തിലുള്ളത്. പുനര്‍വിന്യസിച്ചാലും 265 പേര്‍ അധികം വരും. സ്ഥിരം ജീവനക്കാരെ മാറ്റിനിര്‍ത്തുന്നതിനു പകരം താല്‍ക്കാലിക ജീവനക്കാരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തേണ്ട സാഹചര്യമാണ്. അനാവശ്യ തസ്തികകളില്‍ നിന്നു ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോവാന്‍ കഴിയൂവെന്നും അദ്ദേഹം പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss