|    Oct 19 Fri, 2018 1:11 am
FLASH NEWS

ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘത്തലവനും കൂട്ടാളിയും പിടിയില്‍

Published : 21st September 2017 | Posted By: fsq

 

മലപ്പുറം: വര്‍ഷങ്ങളായി ഒളിവിലായിരുന്ന നിരവധി കേസുകളിലെ പ്രതികളായ തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘ തലവനെയും കൂട്ടാളിയെയും മലപ്പുറം പോലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തലവനായ തിരുവനന്തപുരം നെട്ടൈകോണം സ്വദേശി പുതുവല്‍പുത്തന്‍വീട്ടില്‍ രതീഷ് എന്ന കുടുക്ക രതീഷ് (39), സംഘാംഗം തിരുവനന്തപുരം കണിയാപുരം സ്വദേശി ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ അജയന്‍ (34) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കഠിനംകുളത്തുനിന്നും അറസ്റ്റ് ചെയ്തത്.2002ല്‍ മലപ്പുറത്തെ സര്‍ക്കാര്‍ വിദേശ മദ്യ ഷോപ്പിലെ ജീവനക്കാരെ സ്‌ഫോടക വസ്തുക്കളും വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പിച്ച് ഷോപ്പിലെ കലക്ഷന്‍ പണവും മദ്യവും കവര്‍ച്ച ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളായി പോലിസിന് പിടികൊടുക്കാതെ തിരുവനന്തപുരം തീരദേശ മേഖലയിലെ കോളനി സമാനമായ പ്രദേശത്ത് വ്യത്യസ്ഥ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇരുവരും. നിരവധി കേസുകളിലെ പ്രതികളായ ഇവര്‍ പോലീസും എതിര്‍സംഘത്തില്‍ പെട്ടവരും അടുക്കാതിരിക്കാന്‍ താമസ സ്ഥലത്തിന് ചുറ്റും വിദേശ ഇനത്തില്‍ പെട്ട ഒന്നിലധികം നായകളെ വിന്യസിച്ചിരുന്നു. കൂടാതെ കോളനിയില്‍ അപരിചിതരാരെങ്കിലും വന്നാല്‍ ഉടനടി വിവരം ലഭിക്കാനും രക്ഷപ്പെടാനും പറ്റുന്ന വിധത്തില്‍ വന്‍ നെറ്റ് വര്‍ക്കാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതിസാഹസികവും തന്ത്രപരവുമായ നീക്കത്തിലൂടെയാണ് അപകടമൊന്നുമേല്‍ക്കാതെ ഇവരെ പിടികൂടാനായത്. പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി.മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ പ്രത്യേക നിര്‍ദേശപ്രകാരം മലപ്പുറം എസ്‌ഐ ബി എസ് ബിനു നിയോഗിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍ എം അബ്ദുല്ല ബാബു, ഉണ്ണികൃഷ്ണന്‍, ഷമീര്‍ ഹുസൈന്‍ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss