|    May 26 Fri, 2017 10:23 pm
FLASH NEWS

ഒളിംപിക്‌സ്: ബോക്‌സിങ്, വോളിബോള്‍ വിഭാഗങ്ങളില്‍ ഖത്തറിന് യോഗ്യത

Published : 27th June 2016 | Posted By: mi.ptk

sports

ദോഹ: ഒളിംപിക്‌സ് ചരിത്രത്തിലിതാദ്യമായി ബോക്സിങ്, വോളിബോള്‍ വിഭാഗങ്ങളില്‍ മല്‍സരിക്കാന്‍ ഖത്തര്‍ യോഗ്യത നേടി.  ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന  ഒളിംപിക്‌സില്‍ ബോക്സിങ്, വോളിബോള്‍ വിഭാഗങ്ങളിലേക്ക് ഖത്തര്‍ മല്‍സരിക്കും. ഈ രണ്ടു വിഭാഗങ്ങളിലും ഒളിംപിക്‌സില്‍ ഖത്തര്‍ ആദ്യമായാണ് മത്സരിക്കുന്നത്. ബോക്സിങില്‍ ലൈറ്റ്വെയ്റ്റ് അറുപത് കിലോഗ്രാം വിഭാഗത്തില്‍ ഖത്തറിന്റെ ഹകന്‍ എറെസ്‌കര്‍ ഒളിംപിക്‌സ് യോഗ്യത നേടി. ബാകുവിലെ അസേരി സിറ്റിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഹകന്‍ എറെസ്‌കര്‍ യോഗ്യത നേടിയത്.  92 രാജ്യങ്ങളില്‍ നിന്നായി 375 ബോക്സര്‍മാരാണ് ഒളിമ്പിക്സ് യോഗ്യതയ്ക്കായി പോരാട്ടത്തിനിറങ്ങിയത്. ദേശീയ ബീച്ച് വോളിബോള്‍ ടീമും ഇതാദ്യമായി ഒളിംപിക്‌സ് യോഗ്യത നേടി. എവിസി കോണ്‍ടിനെന്റല്‍ കപ്പില്‍ ചൈനയെ പരാജയപ്പെടുത്തിയതോടെയാണ് ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ ടീമിന് യോഗ്യത ലഭിച്ചത്. 18-21, 26-24, 15-11 എന്ന സ്‌കോറിനാണ് ഖത്തര്‍ ചൈനയെ തകര്‍ത്തത്. വെയ്റ്റ്ലിഫ്റ്റിങ് താരം ഫാരിസ് ഇബ്രാഹിമും റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.  ഏഷ്യന്‍ ചാംപ്യന്‍ മുഹമ്മദ് അല്‍ഗര്‍നി(1500 മീറ്റര്‍),  ഹാമര്‍ ത്രോയില്‍ രണ്ടുതവണ ലോക ജൂനിയര്‍ ചാംപ്യനായ അഷ്റഫ് എല്‍സീഫി, 400 മീറ്ററില്‍ 2016ലെ ലോക ഇന്‍ഡോര്‍ ചാംപ്യനായ അബ്്ദല്‍അലേല ഹാറൂണ്‍, 100 മീറ്ററില്‍ നിലവിലെ ഏഷ്യന്‍ റെക്കോഡിന് ഉടമയായ ഫെമി ഒഗുനോഡെ, സ്‌കീറ്റ് ഷൂട്ടിങിലും ടേബിള്‍ ടെന്നീസിലും മല്‍സരിക്കുന്ന റാഷിദ് ഹമദ്, ലീ പെങ് എന്നിവരാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്ന മറ്റു താരങ്ങള്‍. ഒളിംപിക്‌സിനുള്ള യോഗ്യതാ മല്‍സരങ്ങള്‍ ജൂലൈ വരെ നടക്കുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് യോഗ്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി ആറാം ഒളിംപിക്‌സില്‍ മല്‍സരിക്കാനിറങ്ങുന്ന ഷൂട്ടര്‍ നാസര്‍ സാലേഹ അല്‍ അത്തിയ്യ, രണ്ടാം ഒളിംപിക്‌സിനിറങ്ങുന്ന ഹൈജമ്പ് താരം മുതാസ് ബര്‍ഷിം, നീന്തല്‍ താരം നദ  അര്‍ഖജി എന്നിവരും റിയോയില്‍ ഖത്തറിന്റെ പ്രതീക്ഷകളാണ്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നദ മല്‍സരിച്ചിരുന്നു.  ലണ്ടനില്‍ നാലു വനിതകള്‍ ഖത്തറിനായി മല്‍സരിച്ചിരുന്നുവെങ്കിലും ഇത്തവണ രണ്ടു വനിതകള്‍ മാത്രമാണ്  ഉണ്ടാവുകയെന്നാണറിയുന്നത്. റിയോയില്‍ മല്‍സരിക്കുന്ന ഖത്തരി താരങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഖത്തറിന്റെ ചീഫ് ഡി മിഷന്‍ റ്റു റിയോ മുഹമ്മദ് അല്‍ ഫദാല പറഞ്ഞു. ദേശീയ ഹാന്‍ഡ്ബോള്‍ ടീമും എക്വസ്ട്രിയന്‍ ജമ്പിങ് ടീമും ഇതാദ്യമായി ഒളിംപിക്‌സില്‍ മല്‍സരിക്കും.  കഴിഞ്ഞവര്‍ഷം ഖത്തറില്‍ നടന്ന പുരുഷ ഹാന്‍ഡ്ബോള്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഖത്തര്‍ രണ്ടാമതെത്തിയിരുന്നു. അബുദബിയില്‍ നടന്ന എഫ്ഇഐ നാഷന്‍സ് കപ്പില്‍ രണ്ടാം തലത്തില്‍ ഖത്തര്‍ എക്വസ്ട്രിയന്‍ ജമ്പിങ് ടീം വിജയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day