|    Jan 20 Fri, 2017 5:38 pm
FLASH NEWS

ഒളിംപിക്‌സ് ഫുട്‌ബോള്‍: അര്‍ജന്റീന വീണു; ബ്രസീലിന് സമനില

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: കാല്‍പ്പന്തുകളിയിലൂടെ റിയോ ഒളിംപിക്‌സിന് വിസില്‍ മുഴങ്ങിയപ്പോള്‍ ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് തിരിച്ചടി. ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കുമാണ് ആദ്യ മല്‍സരത്തില്‍ തിരിച്ചടി നേരിട്ടത്.
മുന്‍ ഒളിംപിക്‌സ് വിജയികളായ അര്‍ജന്റീനയ്ക്ക് തോല്‍വി പിണഞ്ഞപ്പോള്‍ ഒളിംപിക്‌സ് ആതിഥേയരും നിലവിലെ വെള്ളി മെഡല്‍ ജേതാക്കളുമായ ബ്രസീലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു. യൂറോപ്പിലെ ശക്തരായ പോര്‍ച്ചുഗലാണ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയെ വീഴ്ത്തിയത്.
സൂപ്പര്‍താരം ലയണല്‍ മെസ്സി വിരമിച്ചതിനു ശേഷം തങ്ങളുടെ ആദ്യ മല്‍സരത്തിനിറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പറങ്കിപ്പടയോട് അടിയറവ് പറയുകയായിരുന്നു.
എന്നാല്‍, ഗ്രൂപ്പ് എയില്‍ സൂപ്പര്‍താരം നെയ്മറിനു കീഴിലിറങ്ങിയ ബ്രസീലിനെ ദക്ഷിണാഫ്രിക്ക ഗോള്‍രഹിതമായി പിടിച്ചുക്കെട്ടുകയായിരുന്നു. ഗ്രൂപ്പ് എയിലെ മറ്റൊരു മല്‍സരത്തില്‍ ഇറാഖും ഡെന്‍മാര്‍ക്കും ഗോള്‍രഹിതമായി പിരിഞ്ഞു. ഗ്രൂപ്പ് ഡിയിലെ ആദ്യ മല്‍സരത്തില്‍ ഹോണ്ടുറാസ് 3-2ന് അല്‍ജീരിയയെ പരാജയപ്പെടുത്തി. എന്നാല്‍, നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ മെക്‌സിക്കോയെ 2-2ന് കരുത്തരായ ജര്‍മനി സമനിലയില്‍ തളച്ചു. ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ദക്ഷിണ കൊറിയ എതിരില്ലാത്ത എട്ട് ഗോളിന് ഫിജിയെ തരിപ്പണമാക്കി.
ഗ്രൂപ്പ് ബിയില്‍ സ്വീഡനും കൊളംബിയയും (സ്‌കോര്‍: 2-2) ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ഒമ്പത് ഗോള്‍ കണ്ട ആവേശപ്പോരില്‍ നൈജീരിയ 5-4ന് ഏഷ്യന്‍ ശക്തികളായ ജപ്പാനെ മറികടന്നു.
അര്‍ജന്റീനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് പോര്‍ച്ചുഗല്‍ പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമണാത്മക ഫുട്‌ബോളിലും പോര്‍ച്ചുഗല്‍ മുന്‍തൂക്കം നേടുകയും ചെയ്തു. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു പോര്‍ച്ചുഗല്‍ രണ്ട് ഗോളും നേടിയത്.
കളിയുടെ 66ാം മിനിറ്റില്‍ ഗോണ്‍സാലോ പാസന്‍സിയയും 84ാം മിനിറ്റില്‍ പിറ്റെയുമാണ് പോര്‍ച്ചുഗലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. എന്നാല്‍, നാട്ടുകാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മഞ്ഞപ്പടയ്ക്കു മുന്നില്‍ ഗോള്‍ മാത്രം അകന്നുനിന്നു.
ബ്രസീല്‍ ക്യാപ്റ്റനായ നെയ്മറിന് ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസുസ് ഗോളിനുള്ള സുവര്‍ണാവസരം പാഴാക്കിയതും മഞ്ഞപ്പടയ്ക്ക് വിനയായി. 60ാം മിനിറ്റില്‍ മൊതോബി എംവാല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ദക്ഷിണാഫ്രിക്ക മല്‍സരം പൂര്‍ത്തിയാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക