|    Apr 24 Tue, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒളിംപിക്‌സിന് യുസ്‌റയെത്തുന്നു, കടല്‍ നീന്തിയും അഭയാര്‍ഥി ക്യാംപ് കടന്നും

Published : 1st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: മരണത്തിലേക്കു കൊണ്ടുപോയ ആഴക്കടലിനെ മൂന്നു മണിക്കൂര്‍ നീന്തി തോല്‍പ്പിച്ച യുസ്‌റ മാര്‍ദിനിയെന്ന 18കാരി ഇനി ബ്രസീലില്‍ നടക്കുന്ന റിയോ ഒളിംപിക്‌സില്‍ നീന്തല്‍ മല്‍സരത്തിനിറങ്ങും. സ്മാര്‍ട് ഫോണും പിടിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം തമാശകളുമായി ദമസ്‌കസിലെ തെരുവില്‍ സന്തോഷത്തോടെ സാധാരണ ജീവിതം നയിച്ച ഈ പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് സിറിയന്‍ ആഭ്യന്തര യുദ്ധത്തോടെയാണ്. ചെറുപ്പം മുതല്‍ കായികരംഗത്തു ശോഭിച്ചിരുന്ന കുട്ടി നീന്തലില്‍ പുലര്‍ത്തിയിരുന്ന പ്രത്യേക മികവു തന്നെയാണ് അവളുടെ ജീവിതത്തില്‍ വഴിത്തിരിവായതും.
യുദ്ധം വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ദമസ്‌കസിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. ബോംബുകള്‍ പതിച്ചു ചാരമായി മാറിയ ആയിരക്കണക്കിനു വീടുകളില്‍ യുസ്‌റയുടെതുമുണ്ടായിരുന്നു. ദമസ്‌കസിലെ നീന്തല്‍പരിശീലന കേന്ദ്രവും ബോംബാക്രമണത്തില്‍ തകര്‍ന്നു. ഫുട്‌ബോള്‍ സംഘം ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വരുകകൂടി ചെയ്തതോടെ യുസ്‌റയും കുടുംബവും രാജ്യംവിടാന്‍ തീരുമാനിച്ചു. രക്ഷതേടി പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ചേര്‍ന്നതോടെ തുടങ്ങി യുസ്‌റയുടെ സാഹസിക യാത്ര. സിറിയയില്‍ മൂന്നു ലക്ഷം പേര്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക് പുറത്തുവന്ന ഉടനെയായിരുന്നു ഇത്.
യുദ്ധം നാലര വര്‍ഷം പിന്നിട്ട 2015 ആഗസ്ത് 12ന് മൂത്ത സഹോദരി സാറയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് യുസ്‌റ പലായനം തുടങ്ങിയത്. 25 ദിവസം നീണ്ട യാത്രയ്ക്കിടെയുള്ള ആദ്യ ഇടത്താവളം ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തായിരുന്നു. പിന്നീട് തെക്കന്‍ തുര്‍ക്കിയിലെ മലനിരകളും താഴ്‌വരകളും താണ്ടി. ഭക്ഷണവും വെള്ളവുമില്ലാതെ നാലു രാത്രികള്‍ കൊടുംവനത്തില്‍. മനുഷ്യക്കടത്തു സംഘവുമായി ഏറെ വിലപേശിയാണ് മധ്യധരണ്യാഴി കടന്ന് ഗ്രീസിലെത്താനുള്ള അവസരം തരപ്പെടുത്തിയത്. ഇതിന് വന്‍തുക മനുഷ്യക്കടത്തു സംഘത്തിനു നല്‍കേണ്ടിവന്നു.
ഏഴ് പേര്‍ക്കു യാത്രചെയ്യാവുന്ന ചെറു തോണിയില്‍ കയറിയത് 20 പേര്‍. ഗ്രീസിലെ ലെസ്‌ബോസ് ദ്വീപ് ലക്ഷ്യമാക്കി യാത്ര തുടരവെ 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്‍ജിന്‍ നിന്നു. തോണി മുങ്ങുമെന്നായപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ നീന്തുകയല്ലാതെ വഴിയില്ല. സാറയ്ക്കാപ്പം കടലിലേക്ക് എടുത്തുചാടി ഒരു കൈയില്‍ തോണിയുടെ കയറുപിടിച്ചു നീന്തി. മൂന്നര മണിക്കൂറിനു ശേഷം തീരമണയുമ്പോള്‍ ഉപ്പുവെള്ളം കുടിച്ച് അവശനിലയിലായിരുന്നു.
പിന്നീട് റെസ്റ്റോറന്റിലെത്തി ഭക്ഷണം ചോദിച്ചപ്പോള്‍ സംശയത്തോടെ ഒരു നോട്ടം. ഏറെനേരത്തെ ചോദ്യം ചെയ്യലിനു ശേഷം വെള്ളം കിട്ടി. 1500 കിലോമീറ്റര്‍ അകലെയുള്ള ജര്‍മനി ലക്ഷ്യമാക്കി വീണ്ടും യാത്ര തുടര്‍ന്നു. കുറേ നടന്നു, പിന്നീട് ബസ്സിലും ട്രെയിനിലും. മസഡോണിയ, സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ കടന്ന് ജര്‍മനിയിലെ മ്യൂണിച്ചിലെത്തി. അവിടെ നിന്ന് ബെര്‍ലിനിലേക്ക്. ഇവിടുത്തെ അഭയാര്‍ഥി ക്യാംപില്‍ താമസം തുടങ്ങിയ യുസ്‌റ ആദ്യം അന്വേഷിച്ചത് അടുത്തുള്ള നീന്തല്‍ക്കുളമായിരുന്നു. ബെര്‍ലിനിലെ പഴയ നീന്തല്‍ ക്ലബ്ബായ വാസര്‍ഫ്രണ്ട് സ്പാന്‍ഡോ 04ല്‍ അംഗത്വം ലഭിക്കാന്‍ തനിക്കറിയാവുന്ന നീന്തല്‍ തന്ത്രങ്ങള്‍ കാണിക്കേണ്ടി വന്നു. സിറിയന്‍ ഒളിംപിക് കമ്മിറ്റിക്കു കീഴില്‍ പഠിച്ചതെല്ലാം പ്രദര്‍ശിപ്പിച്ചു. യുസ്‌റയുടെ കഴിവു മനസിലാക്കിയ ക്ലബ് ഭാരവാഹികള്‍ അംഗത്വം നല്‍കി. പിന്നെ സ്വെന്‍ സ്പാനര്‍ക്രബ്‌സ് എന്ന പരിശീലകനു കീഴില്‍ നാലാഴ്ച നീണ്ട പരിശീലനം.
2020ലെ ടോക്കിയോ ഒളിംപിക്‌സായിരുന്നു ലക്ഷ്യം. അപ്പോഴാണ് റിയോ ഒളിംപിക്‌സില്‍ അഭയാര്‍ഥികളുടെ ടീമിനെ മല്‍സരിപ്പിക്കുമെന്ന ഒളിംപിക്‌സ് സമിതിയുടെ പ്രഖ്യാപനം. പിന്നീടെല്ലാം വേഗത്തിലായി. മാധ്യമങ്ങള്‍ യുസ്‌റയെക്കുറിച്ച് വാര്‍ത്ത നല്‍കി. 43 അംഗ അഭയാര്‍ഥി ടീമില്‍ യുസ്‌റയും ഇടംപിടിച്ചു. ബ്രസീലിലേക്കു പുറപ്പെടണമെന്നാവശ്യപ്പെട്ട് ഒളിംപിക്‌സ് സമിതിയുടെ ഇ- മെയില്‍ ലഭിച്ചതോടെ തന്റെ ചിരകാല സ്വപ്‌നം പൂവണിയാന്‍ പോവുകയാണെന്ന് യുസ്‌റ ഉറപ്പിച്ചു. റിയോയിലേക്കു പുറപ്പെടും മുമ്പു വരെ ഒളിംപിക്‌സ് നിലവാരമുള്ള നീന്തല്‍ക്കുളത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് എട്ട് മണിവരെ നാലാഴ്ച പരിശീലനം നേടിയ ആത്മവിശ്വാസവും കൂട്ടിനുണ്ട് യുസ്‌റയ്ക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss