|    Oct 24 Tue, 2017 11:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഒളിംപിക്‌സിന്റെ ആവേശം ഖത്തറിലെത്തിക്കാന്‍ ഉരീദുവും വോഡഫോണും

Published : 5th August 2016 | Posted By: SMR

ദോഹ: ലോക കായിക മാമാങ്കമായ ഒളിംപിക്‌സിന് ബ്രസീലിലെ റിയോയില്‍ ഇന്ന് കൊടി ഉയരാനിരിക്കേ, ആവേശം ഖത്തറിലെത്തിക്കാന്‍ മൊബൈല്‍ സേവന ദാതാക്കള്‍ ഒരുങ്ങി. ഖത്തറിന്റെ ശക്തമായ 38 അംഗ ടീം ഒളിംപിക്‌സില്‍ മാറ്റുരക്കുന്നതു കൊണ്ട് തന്നെ വേനല്‍ചൂടിനെ വെല്ലുന്ന ആവേശത്തിലാണ് ഖത്തരികളും. വിവിധ രാജ്യക്കാരായ പ്രവാസികളും തങ്ങളുടെ രാജ്യക്കാരായ താരങ്ങളെയും ഖത്തറിനെയും പിന്തുണക്കാനായി കാത്തിരിക്കുകയാണ്.
ശനിയാഴ്ച ഖത്തറിന്റെ നീന്തല്‍, ടെന്നീസ് താരങ്ങളും ബോക്‌സര്‍മാരും വോളിബോള്‍ ടീമും കളത്തിലിറങ്ങുന്നുണ്ട്. കളിയുടെ എല്ലാ ആവേശവും ഖത്തറിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഉരീദു. ഉരീദു ടിവിയും മൊസെയ്ക്ക് ടിവിയുടെ അബൂദാബി പാക്കേജും ഒളിംപിക്‌സ് സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്ക് 39 റിയാലാണ് ചാര്‍ജ്. ഉദ്ഘാടന മല്‍സരം അബൂദബി സ്‌പോര്‍ട്‌സ് 1, 3, 4എച്ച്ഡി ചാനലുകളാണ് സംപ്രേഷണം ചെയ്യുക. ശനിയാഴ്ച പുലര്‍ച്ചെ 1.45നാണ് സംപ്രേഷണം ആരംഭിക്കുക. ഖത്തറിലെയും റിയോയിലെയും സമയങ്ങള്‍ തമ്മില്‍ ആറ് മണിക്കൂര്‍ വ്യത്യാസമുള്ളതിനാല്‍ തങ്ങളുടെ കാച്ച് അപ്പ് സര്‍വീസ് ഉപയോഗിക്കാന്‍ ഉരീദു ശുപാര്‍ശ ചെയ്തു. 48 മണിക്കൂര്‍ വരെ പ്രോഗ്രാമുകള്‍ റീവൈന്‍ഡ് ചെയ്ത് കാണാനുള്ള സൗകര്യമാണിത്. കൂടുതല്‍ വിവരങ്ങള്‍ ഉരീദു വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വോഡഫോണിന്റെ 4ജി നെറ്റ്‌വര്‍ക്ക് ഡാറ്റ ഉപയോഗിച്ച് ഓണ്‍ലൈനില്‍ മല്‍സരങ്ങള്‍ സ്ട്രീം ചെയ്ത് കാണാവുന്നതാണ്. 50 റിയാല്‍ മുതല്‍(5 ജിബി) 400 റിയാല്‍ വരെ(അണ്‍ലിമിറ്റഡ്) പാക്കേജുകള്‍ ലഭ്യമാണ്. ഇതിനു പുറമേ യുഎഇയിലെ ടിവി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ഒഎസ്എനുമായി ഒളിംപിക്‌സ് മല്‍സരങ്ങള്‍ സ്ട്രീം ചെയ്യുന്നതിന് വേണ്ടി വോഡഫോണ്‍ കരാറിലെത്തിയിട്ടുണ്ട്. 4ജി ഡാറ്റ, സിം പ്ലാനുകളില്‍ ഒഎസ്എന്‍ പാക്കേജ് കൂട്ടിച്ചേര്‍ക്കുന്നതിന് ഒരു മാസത്തേക്ക് 37 റിയാല്‍ അടച്ചാല്‍ മതി. 8ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. 100 റിയാല്‍ അടച്ചാല്‍ അണ്‍ലിമിറ്റഡ് ആയി ഉപയോഗിക്കാം.
അതിനിടെ നിരവധി റസ്‌റ്റോറന്റുകള്‍ ഒളിംപിക്‌സ് മല്‍സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. റിറ്റ്‌സ് കാള്‍ട്ടണിലെ അഡ്മിറല്‍ ക്ലബ്ബിലും ഇന്റര്‍കോണ്ടിനെന്റലിലെ ബെല്‍ജിയന്‍ കഫെ, പലോമ എന്നീ റസ്‌റ്റോറന്റുകളിലുമാണ് മല്‍സരങ്ങള്‍ കാണാന്‍ സൗകര്യമൊരുക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക