|    Sep 22 Fri, 2017 2:49 am

ഒറ്റ മുറിപ്പീടികയില്‍ നിന്ന് കൃഷ്ണന്‍ ആയത്താര്‍ മിച്ചം വച്ചത് വിദ്യാലയത്തിന്

Published : 20th March 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ. ഫിഷറീസ് യുപി സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലെ ആറാം നമ്പര്‍ വിദ്യാര്‍ഥി കൃഷ്ണന്‍ ആയത്താര്‍ ഒരിക്കല്‍ കൂടി വാര്‍ത്തയാവുകയാണ്. 1940ല്‍ സ്‌കൂള്‍ ആരംഭിച്ച കാലത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന് 84 കാരനായ ആയത്താര്‍ തന്റെ ഒറ്റ മുറിപ്പീടികയില്‍ നിന്ന് മിച്ചം വച്ച സമ്പാദ്യമായ ഒരു ലക്ഷം രൂപ സ്‌ക്കൂള്‍ ഏറ്റെടുക്കാനുള്ള സംരംഭത്തിന് കൈമാറി. 77 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തെ 35 ലക്ഷം രൂപ ചെലവില്‍ അജാനൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഏറ്റെടുക്കാന്‍ രണ്ടു മാസം മുമ്പ് ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൃഷ്ണന്‍ ആയത്താരുടെ മഹാമനസ്‌കത കണ്ടറിഞ്ഞ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി സ്‌കൂളിനു വേണ്ടി തുക ഏറ്റുവാങ്ങി. തന്റെ കണ്ണടയുന്നതിനു് മുമ്പ് വിദ്യാലയത്തെ വാടക കെട്ടിടത്തില്‍ നിന്ന് മോചിപ്പിക്കുമെന്നാണ് ആയത്താരുടെ ആഗ്രഹം. സ്‌ക്കൂളിനെ വാടക കെട്ടിടത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പിടിഎയും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളുടെ മുന്‍പന്തിയില്‍ ഞാനുണ്ടാകുമെന്ന് കൃഷ്ണന്‍ ആയത്താര്‍ പറയുമ്പോള്‍ വാക്കുകളില്‍ ദൃഡതയുടെ ചെറുപ്പം. അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികനാണ് കൃഷ്ണന്‍ ആയത്താര്‍. ഒരു മാസം മുമ്പ് പൂര്‍വ വിദ്യാര്‍ഥി രക്ഷാകര്‍തൃ സംഗമത്തില്‍ 77 മീറ്റര്‍ നീളത്തില്‍ ഹാജര്‍ പുസ്തകമൊരുക്കിയപ്പോള്‍ ആദ്യ ഒപ്പിട്ടതും കൃഷ്ണന്‍ ആയത്താറാണ്.
ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, അംഗങ്ങളായ ഷീബ, പാര്‍വ്വതി, കുഞ്ഞാമിന, സ്‌കൂള്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജന്‍, കണ്‍വീനര്‍ പി മുഹമ്മദ് കുഞ്ഞി, പി ടി എ പ്രസിഡന്റ് കെ ജി സജീവന്‍,് പി പി കുഞ്ഞബ്ദുല്ല, രവി ബല്ല, എ ഹമീദ് ഹാജി, രവി ഇട്ടമ്മല്‍, യു വി ബഷീര്‍, സുശീല, രാജന്‍, അനിത മോഹന്‍ ബിന്ദു, വി മോഹനന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക