|    Apr 21 Sat, 2018 10:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒറ്റ ബജറ്റ്: ശുപാര്‍ശയ്ക്ക് അംഗീകാരം

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റയില്‍വേ ബജറ്റിനെ പൊതു ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശയ്ക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അംഗീകാരം. ഇതുപ്രകാരം അടുത്തവര്‍ഷം മുതല്‍ റെയില്‍വേക്കു മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കില്ല.
റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന് ഏപ്രിലില്‍ ധനമന്ത്രിക്ക് അയച്ച കത്തില്‍ സുരേഷ് പ്രഭു ചൂണ്ടിക്കാട്ടിയിരുന്നു. ബജറ്റ് ലയിപ്പിക്കുന്നതിലൂടെ മറ്റു മേഖലയെപ്പോലെ റെയില്‍വേയെ രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്ന് മുക്തമാക്കി ദേശീയ ഗതാഗതനയം ശക്തമായി നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി കത്തില്‍ സൂചിപ്പിച്ചിരുന്നു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കുന്നതു സംബന്ധിച്ച നടപടികള്‍ പഠിക്കാനായി ധനമന്ത്രാലയം അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. ധന ഗതാഗത മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സമിതിയോട് ഈ മാസം 31നകം റിപോര്‍ട്ട് സര്‍പ്പിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശം നല്‍കി. ലയനത്തോടെ റെയില്‍വേയുടെ സാമ്പത്തിക കൈകാര്യ ചുമതല ധനമന്ത്രാലയത്തിന്റെ പരിധിയില്‍ വരും.
റെയില്‍വേ കൂലി വര്‍ധനവും മറ്റും തീരുമാനിക്കുന്നതും ഇനി ധനമന്ത്രാലയമാവും. 92 വര്‍ഷമായി തുടരുന്ന രീതിയാണ് ഇതോടെ ഇല്ലാതാവുന്നത്. 1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോള്‍ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക റെയില്‍വെ ബജറ്റ് വേണ്ടെന്ന് ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിലവില്‍ കടുത്ത പ്രതിസന്ധിയാണ് റെയില്‍വേ അഭിമുഖീകരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതുവഴി റെയില്‍വേക്ക് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ അധികബാധ്യതയാണു വരുന്നത്. ഇതിനു പുറമെ 32,000 രൂപ സബ്‌സിഡിയിനത്തിലും പോവുന്നുണ്ട്. ഇതു തുടരുകയാണെങ്കില്‍ ശമ്പളമോ പെന്‍ഷനോ നല്‍കാന്‍ കഴിയാത്ത അവസ്ഥയാവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയ്ക്കു വരാന്‍ പോവുന്നതെന്നാണ് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss