|    Dec 17 Mon, 2018 1:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഒറ്റപ്പെട്ട് ആയിരങ്ങള്‍

Published : 19th August 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍: പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളും ശാഖകളും കരകവിഞ്ഞ് ഒഴുകുന്നതോടെ നദീതീരങ്ങളിലെയടക്കം ആയിരക്കണക്കിനാളുകള്‍ ഒറ്റപ്പെട്ടു. വൃദ്ധര്‍, രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ വെള്ളവും ഭക്ഷണവും വെളിച്ചവുമില്ലാതെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുകയാണ്.
എംസി റോഡിലും സംസ്ഥാന പാതകളിലും ഗതാഗതം തടസ്സപ്പെട്ടു. പെരുങ്കുളം പാടശേഖരത്തിലെ വീടുകള്‍ ഒലിച്ചുപോയി. അച്ചന്‍കോവിലാറ്റില്‍ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ വെണ്‍മണി ശാര്‍ങ്ങരക്കാവ് ആംബുലന്‍സ് പാലം ഒലിച്ചുപോയി. ചെങ്ങന്നൂര്‍ പത്തനംതിട്ട റൂട്ടിലും ഗതാഗതം നിലച്ചു. പുത്തന്‍കാവില്‍ ഒഴുക്കില്‍പ്പെട്ട് സജി ചെറിയാന്‍ എംഎല്‍എയുടെ കാറ് കാണാതായി. ചെങ്ങന്നൂര്‍ ടൗണിലും കെഎസ്ആര്‍ടിസി സ്റ്റാന്റിലും സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും വെള്ളം കയറി. പമ്പാ നദിക്കു കുറുകെയുള്ള മുണ്ടന്‍കാവ് ഇറപ്പുഴ പാലത്തിനു മുകളിലൂടെയാണു ശക്തമായ നീരൊഴുക്കുണ്ടായത്.
തിരുമുളക്കുഴയില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശിയായ 60കാരനെ വീട്ടിനുള്ളില്‍ നിന്നു മാറ്റുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മരണമടഞ്ഞു. ഇവിടെയുണ്ടായിരുന്ന രോഗിയായ വൃദ്ധയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുട്ടാറ്റുഭാഗവും വെള്ളത്തിലാണ്. നികരുംപുറത്ത് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ പുത്തന്‍കാവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. പുത്തന്‍കാവിലെ ഫഌറ്റിലെ പുതിയ താമസക്കാരനായ ഡോ. ജയകൃഷ്ണനെ അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം, മംഗലം എന്നിവിടങ്ങളില്‍ നാട്ടുകാര്‍ വെള്ളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പാണ്ടനാട് മുതവഴിയിലെ എല്ലാ വീടുകളും വെള്ളക്കെട്ടിലായി. ഇവിടെയാളുകള്‍ ഒന്നാം നിലയിലും ടെറസിനു മുകളിലും കയറി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസില്‍ വെള്ളം കയറി. സെന്റ് തേരാസസ് മലങ്കര കത്തോലിക്കാ പള്ളിയങ്കണത്തിലൂടെയാണ് പമ്പാനദി റോഡിലേക്കു കയറിയത്. ഇതുവഴി ഗതാഗതം നിരോധിച്ചു: പമ്പാനദിക്കു കുറുകെയുള്ള പുതിയ മിത്രമം പാലത്തിനു വിള്ളല്‍ ഉണ്ടായി. ഇതിനാല്‍ ഇതു വഴിയുള്ള യാത്ര വിലക്കി. പ്രയാര്‍ ഭാഗത്ത് നിരവധി വീടുകള്‍ ഒറ്റപ്പെട്ടു. മാവേലിക്കര കോഴഞ്ചേരി റോഡില്‍, പുലിയൂര്‍ കാടന്‍മാവ് ഭാഗവും വെള്ളക്കെട്ടിലമര്‍ന്നു. കല്ലിശ്ശേരി പാലത്തിനു സമീപമുള്ള കിരണ്‍ ലോഡ്ജിലെ താമസക്കാരും ഒറ്റപ്പെട്ടു. മലവെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതു കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നില്ല, ആളുകള്‍ ഭയാശങ്കയിലാണ്. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം, യാത്രാ സൗകര്യം, പ്രാഥമിക ദിനകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള അസൗകര്യങ്ങള്‍ എന്നിവ മൂലം കഷ്ടതകള്‍ അനുഭവിക്കുകയാണ്. രോഗികളും വൃദ്ധരും ആണ് ഇതുമൂലം ഏറെ ക്ലേശിക്കുന്നത്.
മാന്നാറിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പാവുക്കര, കുരട്ടിശ്ശേരി, മേല്‍പ്പാടം, വള്ളക്കാലി, വിഷവര്‍ശ്ശേരിക്കരയും കിഴക്കന്‍ പ്രദേശത്തെ മാറകം പുഞ്ച, പുളിമൂട്ടില്‍, തെക്കു കിഴക്കു വലിയകുളങ്ങര, കണ്ണന്‍കുഴി, പുത്തന്‍കുളങ്ങര, കുളഞ്ഞിക്കാരാഴ്മ, വേട്ടുവക്കേരി തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളെ വള്ളങ്ങളിലും മറ്റുമായി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss