|    Apr 20 Fri, 2018 10:49 am
FLASH NEWS

ഒറ്റപ്പാലം നഗരത്തില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി

Published : 4th July 2016 | Posted By: SMR

പാലക്കാട്: വ്യവസ്ഥകള്‍ തെറ്റിച്ച പട്ടയഭൂമി ഉള്‍പ്പെടെ ഒറ്റപ്പാലം നഗരത്തില്‍ വ്യാപാരികള്‍ കയ്യേറിയിരിക്കുന്നത് ഇരുപത്തിനാലോളം സെന്റ് സര്‍ക്കാര്‍ സ്ഥലം. ഏകദേശം ഒരു സെന്റ് സ്ഥലം നഗ്‌നമായ പാത പുറമ്പോക്ക് കൈയേറ്റമാണെങ്കില്‍ ഇരുപത്തി മൂന്ന് സെന്റ് സ്ഥലം വ്യവസ്ഥകള്‍ ലംഘിച്ച് പട്ടയഭൂമി കൈവശംവച്ചിരിക്കുന്നതാണ്. 35 കടമുറികളിലായി 47 വ്യാപാരികളാണ് 23 സെന്റ് സ്ഥലം കൈവശംവയ്ക്കുന്നത്.
പതിനൊന്ന് സര്‍വേ നമ്പറുകളിലായി പതിനൊന്ന് പട്ടയങ്ങളാണ് ഇത്തരത്തില്‍ വ്യവസ്ഥകള്‍ തെറ്റിച്ച് കൈവശം വച്ചിരിക്കുന്നത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി സബ് കലക്ടര്‍ പി ബി നൂഹ് വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തിലാണ് കൈയേറ്റങ്ങള്‍ വിശദീകരിക്കുന്ന രേഖ അവതരിപ്പിച്ചത്. തഹസില്‍ദാര്‍ എം ഡി ലാലുവിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേ പൂര്‍ത്തീകരിച്ചാണ് കകൈയേറ്റങ്ങള്‍ സംബന്ധിച്ച സ്‌കെച്ച് തയ്യാറാക്കിയത്. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടണത്തില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് യോഗത്തില്‍ സബ് കലക്ടര്‍ അറിയിച്ചു. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയ വ്യാപാരികള്‍ക്ക് ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. പട്ടണത്തിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ ഒഴികെ മറ്റുള്ളവര്‍ ഒന്നടങ്കം സബ് കലക്ടര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
കൈയേറിയ സ്ഥലം ഒഴിയാന്‍ തയ്യാറാണെന്നും എന്നാല്‍ കണ്ടീഷണല്‍ പട്ടയങ്ങള്‍ പ്രകാരമുള്ള ഭൂമി വിട്ടുതരില്ലെന്നും ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. കൂടാതെ കൈയേറി നിര്‍മിച്ചവ ഇടിച്ചുപൊളിച്ച് നവീകരിച്ച ശേഷം കെട്ടിട ഉടമകള്‍ അഡ്വാന്‍സും വാടകയും വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഏകോപന സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം സബ് കലക്ടര്‍ തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ ഭൂമിക്കാണ് പട്ടയം അനുവദിച്ചതെന്നും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ തിരിച്ചെടുക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാത നിര്‍മാണ സമയത്ത് ഇരുപത് കടയുടമകള്‍ക്ക് പൈസ നല്‍കി കെഎസ്ടിപി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും കൈയേറ്റമാണെങ്കില്‍ അങ്ങിനെ ചെയ്യേണ്ട കാര്യമില്ലല്ലോയെന്നും ഏകോപന സമിതി നേതാക്കളായ സി സിദ്ദിഖ്, ആഷിക് ചോദിച്ചു. മാത്രമല്ല പട്ടണത്തില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങിന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കെ എസ്ടിപി പൈസ കൊടുത്ത് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും വാങ്ങിയ പൈസ തിരിച്ചു കൊടുക്കേണ്ടി വരുമെന്നും സബ് കലക്ടര്‍ സൂചിപ്പിച്ചു. കൈയേറ്റക്കാരായ കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോള്‍ പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ എം നാരായണന്‍ നമ്പൂതിരി യോഗത്തില്‍ പറഞ്ഞു. നിരവധി ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളുമാണ് യോഗത്തില്‍ ഉയര്‍ന്നത്.
ജില്ലാ സഹകരണ ബാങ്കിന്റെ ഒറ്റപ്പാലം ശാഖ കെട്ടിടത്തിന്റെ ഒരു ഭാഗം നില്‍ക്കുന്നത് പുറമ്പോക്ക് സ്ഥലത്താണെന്ന വാദത്തിന് രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ ഉറപ്പു നല്‍കി. പട്ടണത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും കാക്കാത്തോടിന് കുറുകെ പാലം നിര്‍മിച്ച് ബൈപ്പാസ് യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. കടകളുടെ ഷട്ടറില്‍ നിന്ന് 46 മീറ്റര്‍ അകലെയാണ് വൈദ്യുതി പോസ്റ്റുകള്‍ നില്‍ക്കുന്നതെന്നും വൈദ്യുതി ലൈന്‍ ഭൂമിക്കടിയിലൂടെ വലിച്ചാല്‍ അത്രയും സ്ഥലം ലഭിക്കുമെന്നും ആവശ്യമുണ്ടായി. പി ഉണ്ണി എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss