|    Oct 24 Wed, 2018 5:58 am
FLASH NEWS
Home   >  Sports  >  Football  >  

ഒറ്റഗോളില്‍ യുനൈറ്റഡ് വീണു; വിജയം വിടാതെ ചെമ്പട

Published : 12th February 2018 | Posted By: vishnu vis

ന്യൂകാസ്റ്റില്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പരായ യുനൈറ്റഡിന് തോല്‍വി പിണഞ്ഞപ്പോള്‍ ലിവര്‍പൂള്‍ ജയിച്ച് മുന്നേറി.  യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്കാണ് ന്യൂകാസില്‍ അട്ടിമറിച്ചത.് മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ സതാംപ്റ്റനെ 2-0ന് പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കടുത്തു. ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ വച്ച് നടന്ന മല്‍സരത്തിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തോല്‍വി പിണഞ്ഞത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും മുന്നിലായ യുനൈറ്റഡിന് ഇന്നലത്തെ തോല്‍വി കടുത്ത പ്രഹരമാണ് സമ്മാനിച്ചത.് 64 ശതമാനം സമയവും പന്ത് യുനൈറ്റഡ് താരങ്ങളുടെ കാലുകളില്‍ നിലനിര്‍ത്തിയപ്പോള്‍ 13 ഗോള്‍ ശ്രമങ്ങളാണ് യുനൈറ്റഡ് ന്യൂകാസില്‍ ഗോള്‍ പേസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണം വല ലക്ഷ്യമായി പാഞ്ഞെങ്കിലും ആറും തട്ടിയിട്ട ന്യൂകാസിലിന്റെ സ്ലൊവാക്യന്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിന്‍ ദുബ്രാവ്കയാണ് ഇന്നലത്തെ ഹീറോ.  യുനൈറ്റഡ് പോസ്റ്റിലേക്ക് ന്യൂകാസില്‍ 10 ഗോള്‍ ശ്രമങ്ങളും ഉതിര്‍ത്തു. പോള്‍ പോഗ്ബയും മാറ്റിചും സാഞ്ചസും ലിംഗാര്‍ഡും മാര്‍ഷ്യലും ലുകാക്കുവും യുനൈറ്റഡിന്റെ ആദ്യ ഇലവനില്‍ ഇടം കണ്ടപ്പോള്‍ ലുകാകുവിനെ മുന്നില്‍ നിര്‍ത്തി ജോസ് മോറീഞ്ഞോ യുനൈറ്റഡിനെ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറക്കി. മറുപടിയില്‍ ന്യൂകാസില്‍ 4-4-1-1 എന്ന ശൈലിയിലും ബൂട്ട്‌കെട്ടി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ അന്തോണി മാര്‍ഷ്യല്‍ പരിക്ക് പറ്റി പുറത്ത് പോയത് യുനൈറ്റഡിന് തിരച്ചടിയായി. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കകം മാര്‍ഷ്യല്‍ കളത്തിലിറങ്ങി. പിന്നീട് ആറാം മിനിറ്റില്‍ ന്യൂകാസിലിന്റെ ജോഞ്ചോ ഷെല്‍വി പെനല്‍റ്റി ബോക്‌സിനടുത്തു വച്ച് ലഭിച്ച റീബൗണ്ട് വലയിലേക്ക് ഉതിര്‍ത്ത് യുനൈറ്റഡിന് ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി ഡേവിഡ് ഡിജിയ തട്ടിയകറ്റി യുനൈറ്റഡിന് ആശ്വാസം നല്‍കി. വീണ്ടും യുനൈറ്റഡിന്റെ പെനല്‍റ്റി ബോക്‌സില്‍ വച്ച് മികച്ച ഷോട്ടുകള്‍ തൊടുത്താണ് ന്യൂകാസില്‍ യുനൈറ്റഡിനെ സമ്മര്‍ദ്ദത്തിലാക്കിയത്. പിന്നീട് യുനൈറ്റഡ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. എങ്കിലും ആദ്യ പകുതിയില്‍ ഇരുവലയും ചലിച്ചില്ല.  പിന്നീട് രണ്ടാം പകുതിയിലെ 65ാം മിനിറ്റില്‍ മാറ്റ് റിച്ചിയിലൂടെ ന്യൂകാസില്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ യുനൈറ്റഡ് ഒരു നിമിഷം പകച്ചു. പിന്നീട് സമനിലയ്ക്ക് വേണ്ടി വിയര്‍ത്തുകളിച്ച യുനൈറ്റഡിന് രണ്ട് തവണ റീബൗണ്ട് ലഭിച്ചെങ്കിലും ന്യൂകാസില്‍ ഗോളിയുടെ മികച്ച സേവില്‍ യുനൈറ്റഡിന് ഗോള്‍ നിഷേധിക്കുകയായിരുന്നു.

സലാഹ് മികവില്‍ ലിവര്‍പൂള്‍

സതാംപ്റ്റന്‍ സ്റ്റേഡിയമായ സെന്റ് മേരിയില്‍ വച്ച് നടന്ന മല്‍സരത്തില്‍ ആധികാരികമായായിരുന്നു ലിവര്‍പൂള്‍ സതാംപ്റ്റനെ 2-0ന് പരാജയപ്പെടുത്തിയത്. ലിവര്‍പൂളിനെ ആറാം മിനിറ്റില്‍ സലാഹിന്റെ അസിസ്റ്റില്‍ ഫിര്‍മിനോയാണ് മുന്നിലെത്തിച്ചത.് ശേഷം 42ാം മിനിറ്റില്‍ ആദ്യ ഗോള്‍ വഴികാട്ടി സലാഹ് ഇത്തവണ ഗോളടിവീരന്റെ വേഷത്തിലെത്തിയപ്പോള്‍ ലിവര്‍പൂള്‍ 2-0ന് മുന്നില്‍. ഇത്തലണ ഫിര്‍മിനോ അസിസ്റ്റന്റായി. പിന്നീട് ഗോളുകള്‍ പിറക്കാതെ വന്നപ്പോള്‍ 2-0ന്റെ ജയവുമായി ലിവര്‍പൂള്‍ സതാംപ്റ്റന്‍ സ്റ്റേഡിയം വിട്ടു. ജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി ഉയര്‍ത്തി. ലിവര്‍പൂളിന് 54 ഉം യുനൈറ്റഡിന് 56ഉം പോയിന്റുകളുമാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss