|    Dec 11 Tue, 2018 1:05 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒറിജിനല്‍ അജണ്ടകള്‍ നേര്‍രേഖയിലെത്തി

Published : 1st December 2018 | Posted By: kasim kzm

കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ അജണ്ടകള്‍ നേര്‍രേഖയിലെത്തി. മനുഷ്യരുടെ ജനനത്തോടൊപ്പം അജണ്ടകളും പിറവിയെടുത്തിട്ടുണ്ടെന്നാണു ചരിത്ര ഗവേഷകരുടെ കണ്ടുപിടിത്തം. ഒരു ബ്രാഞ്ച് കമ്മിറ്റി യോഗം നടക്കണമെങ്കിലും സംഘപരിവാരുകാര്‍ക്ക് തങ്ങളുടെ ദണ്ട് എടുത്തൊന്നു തലോടണമെങ്കിലും അജണ്ടയെ കൂട്ടുപിടിക്കാതെ രക്ഷയില്ല. അജണ്ടയില്ലാതെ യാതൊരുവിധ പൊതുപ്രവര്‍ത്തനവുമില്ല.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും ജനകീയ സംഘടനകള്‍ക്കും ഒക്കെ അജണ്ട അനിവാര്യമാണ്. അജണ്ടയ്ക്കു കീഴില്‍ ക്രമനമ്പറിലുള്ള കാര്യങ്ങളാണ് അവരൊക്കെ നടപ്പില്‍ വരുത്തുന്നത്. അപ്പോള്‍ അജണ്ട ചില്ലറക്കാരനല്ലെന്നു മനസ്സിലാക്കണം. ഇരുമ്പുലക്ക അല്ലാത്ത അഭിപ്രായങ്ങളെപ്പോലെ പൊതുവില്‍ അജണ്ടയും മാറ്റിമറിക്കാം, തിരുത്താം, പുതിയതു സൃഷ്ടിക്കാം. എന്നാല്‍, ഇതു പൊതുവിലാണ്. അല്ലാത്തതാണ് ഒറിജിനല്‍ അജണ്ടകള്‍. അതു കാണാന്‍ നിവൃത്തിയില്ല. തീര്‍ത്തും രഹസ്യ സ്വഭാവത്തിലുള്ളതാണ്. ഒരുതവണ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അതില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഉണ്ടാവാറില്ല. ഉദാഹരണത്തിന് ഒരാളെ ഇത്ര വെട്ടിന് ഇന്ന സ്ഥലത്തു വച്ചു കൊലപ്പെടുത്തണമെന്ന് അജണ്ട ഉണ്ടാക്കിയെന്നുവയ്ക്കുക. വെട്ടില്‍ ഒന്നോ രണ്ടോ വ്യത്യാസം വരുകയല്ലാതെ വെട്ടു നടന്നിരിക്കും. ശകാരിക്കല്‍, പീഡിപ്പിക്കല്‍, കൈകൊണ്ടുള്ള തല്ല്, ആയുധം കൊണ്ടുള്ള തല്ല്- ഇങ്ങനെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം അജണ്ടകള്‍ നിലവിലുണ്ട്. പോരാത്തതിന് ഓരോ രാഷ്ട്രീയകക്ഷികളും അജണ്ടകളും പ്രത്യേകമായ പരിശീലനങ്ങളും നല്‍കി പോരുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലത്തൊക്കെ അജണ്ടകള്‍ക്ക് നല്ല ഡിമാന്റാണ്. കാലാകാലങ്ങളായി ശബരിമല വിഷയത്തില്‍ അജണ്ടകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 41 ദിവസം വ്രതമെടുത്ത് കറുത്ത മുണ്ടും തലയില്‍ ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തര്‍ പതിനെട്ടാംപടി കയറുന്നതില്‍ ഭക്തി മാത്രമായിരുന്നു നിറഞ്ഞുനിന്നിരുന്നത്. അവനവന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനായാണു മിക്കവരും സന്നിധാനത്തില്‍ എത്തുന്നത്. നാടിന്റെയും മൊത്തം ജനങ്ങളുടെയും ക്ഷേമത്തിനായി മല ചവിട്ടുന്നവരുടെ എണ്ണം കുറവായതിനാല്‍ അജണ്ടകള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി സ്ഥിതി മാറി. യുവതികളെ സന്നിധാനത്തിലേക്കു പ്രവേശിപ്പിക്കാമെന്ന സുപ്രിംകോടതിയുടെ വിധിയാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്.
പെണ്ണുങ്ങള്‍ അങ്ങോട്ട് പ്രവേശിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യ ഭരിക്കുന്ന ബിജെപി സംസ്ഥാനഘടകം വിശ്വാസ അജണ്ട തയ്യാറാക്കി. പാര്‍ട്ടി മുന്നോട്ടുവച്ച അജണ്ടയനുസരിച്ച് ഓരോ ദിവസവും കാര്യങ്ങള്‍ നടന്നു. അജണ്ടയില്‍ പലരും പതറിവീണു. പലരും ഉയിര്‍ത്തെഴുന്നേറ്റു. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പിള്ളസാര്‍ തന്നെ അജണ്ടയുടെ കാര്യം വിസ്തരിച്ചു പരസ്യപ്പെടുത്തിയതിനാല്‍ മാധ്യമപ്രവര്‍ത്തകരൊക്കെ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഈ അജണ്ട എവിടെ നിന്ന് പൊന്തിവന്നു എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടായിരുന്നു. ആസൂത്രിതമായി ബിജെപി ഓഫിസില്‍ രൂപപ്പെടുത്തിയ അജണ്ട കുറച്ചു ദിവസം മതേതര, സാക്ഷര കേരളത്തില്‍ കത്തിജ്വലിച്ചുനിന്നു. അതിനിടെ ചെറിയൊരു രഥവും ഉരുണ്ടു. മാധ്യമങ്ങളിലൊക്കെ വാര്‍ത്തകളും നിറഞ്ഞു. സ്വയംഭൂവായ അയ്യപ്പ കര്‍മസമിതിയുടെ ബാനറിലായിരുന്നു ഇതെല്ലാം. സുവര്‍ണ ദിവസങ്ങള്‍ അധികം നീണ്ടുനിന്നില്ല. അജണ്ട ഓര്‍ക്കാപ്പുറത്ത് വഴിമാറിയതാണു കാരണം. നാമജപ അജണ്ട ജയില്‍വാസത്തിലേക്കും ജയില്‍വാസയാത്രകളിലേക്കും നീങ്ങി. അതോടെ നേരത്തേ തയ്യാറാക്കിയ അജണ്ടയുടെ മേല്‍ കരിനിഴല്‍ പരന്നു. ശബരിമലയില്‍ ഇതു നടപ്പാക്കിയാല്‍ നിലനില്‍പ്പു തന്നെ അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞതോടെ ആരോരുമറിയാതെ അജണ്ടയെ നേര്‍വഴിക്കു തിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന നിരാഹാര സമരത്തിനുള്ള അജണ്ടയാണത്. കര്‍മസമിതിയെ ഇതില്‍ കാണാനില്ല. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പേരുമില്ല. മറ്റു സംഘടനകളുമില്ല. ബിജെപി എന്ന പാര്‍ട്ടി ഒറ്റയ്ക്ക് ശബരിമലയുടെ പേരില്‍ രാഷ്ട്രീയ പ്രക്ഷോഭം ആരംഭിക്കുന്നു.
ശബരിമലയില്‍ ബിജെപിയുടെ മഞ്ഞ അജണ്ട പ്രാവര്‍ത്തികമാക്കിയപ്പോള്‍ കേരളത്തിലെ അംഗീകൃത പ്രതിപക്ഷം കുറേദിവസം ഇരുട്ടില്‍ തപ്പുന്നത് നാണക്കേടായിപ്പോയി. പുതിയ ഒരു അജണ്ടയ്ക്ക് അവിടെ സ്‌കോപ്പില്ലാത്ത സാഹചര്യം സംജാതമായി. പ്രതിപക്ഷം എന്ന നിലയില്‍ വഴിപാട് ജാഥകളും പ്രസ്താവനകളുമൊക്കെയായി കഴിഞ്ഞുകൂടി. ശബരിമല വിഷയത്തിലും പ്രതിപക്ഷധര്‍മം നിര്‍വഹിക്കണമല്ലോ. സമരങ്ങളൊന്നും ക്ലച്ച് പിടിക്കുന്നില്ല. കാലിനടിയിലെ മണ്ണ് ഒഴുകിപ്പോവുകയും ചെയ്തു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമലയുടെ പേരില്‍ പത്ത് വോട്ട് അധികം പിടിച്ചാലോ? കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും സംബന്ധിച്ച് അതൊരു ദേശീയ പ്രശ്‌നമാണ്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്കു ശക്തിപകരുന്നതിനിടയിലുള്ള തിരിച്ചടി. ഭാഗ്യത്തിന് കേരള നിയമസഭാ സമ്മേളനം വന്നുചേര്‍ന്നു. പിന്നെ ഒറിജിനല്‍ പ്രതിപക്ഷത്തിന് അജണ്ടയ്ക്ക് താമസം വന്നില്ല. ശബരിമലയിലെ നിരോധനാജ്ഞയെയും നിയന്ത്രണങ്ങളെയും ചൊല്ലി നിയമസഭ സ്തംഭിപ്പിക്കുക- അത് എത്ര വേണമെങ്കിലും നീളുകയും ചെയ്യാം. അജണ്ട നേര്‍രേഖയില്‍ എത്തിയതിന്റെ അനുഭവം. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss