|    Jul 21 Fri, 2017 10:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒരോ വര്‍ഷവും ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിക്കുന്നത് മൂന്നര ലക്ഷം പേര്‍

Published : 28th July 2016 | Posted By: SMR

കൊച്ചി: ഓരോവര്‍ഷവും ലോകമെങ്ങും മൂന്നരലക്ഷം പേരുടെ മരണത്തിനു കാരണമാവുന്ന ആഗോള ആരോഗ്യപ്രശ്‌നമാണ് ഹെപ്പറ്റൈറ്റിസ്. നിശ്ശബ്ദ കൊലയാളിയായ രോഗത്തിന് മുന്‍കരുതല്‍ ആവശ്യമാണെന്നും ചികില്‍സാ വിദഗ്ധരായ പത്മശ്രീ ഡോ ഫിലിപ് അഗസ്റ്റിന്‍, ഡോ. പ്രകാശ് സക്കറിയ, ഡോ. മാത്യു ഫിലിപ്പ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹെപ്പറ്റൈറ്റിസ്-സി വൈറസ് മൂലമുണ്ടാവുന്ന ഗുരുതരമായ കരള്‍രോഗമാണ് ഹെപ്പറ്റൈറ്റിസ്-സി. ഹെപ്പറ്റൈറ്റിസ്-സി (എച്ച്‌സിസി) രോഗമുള്ള പലരും അവര്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തതിനാല്‍ നിശ്ശബ്ദനായ പകര്‍ച്ചവ്യാധി എന്നാണ് ഇത് അറിയപ്പെടുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഓരോവര്‍ഷവും ലോകമെങ്ങും മൂന്നരലക്ഷം പേരുടെ മരണത്തിനു കാരണമാവുന്ന ആഗോള ആരോഗ്യപ്രശ്‌നമാണ് ഹെപ്പറ്റൈറ്റിസ്-സി അനുബന്ധ സിറോസിസും എച്ച്‌സിസിയും. ഇന്ത്യയില്‍ ഓരോവര്‍ഷവും നൂറുപേരില്‍ ഒരാള്‍ക്കെങ്കിലും ഹെപ്പറ്റൈറ്റിസ്-സി വൈറസ് (എച്ച്‌സിവി) ബാധയേല്‍ക്കുന്നു.
ഹെപ്പറ്റൈറ്റിസ്-സി എന്നത് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രോഗമാണെന്നും സാധാരണക്കാര്‍ക്ക് ഈ രോഗത്തെക്കുറിച്ച് കാര്യമായ അറിവില്ലെന്നും പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. രോഗത്തിന്റെ അവസാനഘട്ടത്തില്‍ മാത്രമാണ് പലപ്പോഴും രോഗബാധയെക്കുറിച്ച് അറിയുന്നത്. ഗുരുതരമായ അണുബാധയ്ക്കാണ് എച്ച്‌സിവി കാരണമാവുന്നത്. രോഗം അധികരിക്കുന്ന ഘട്ടത്തില്‍ കുറച്ചുപേരുടെ രോഗം മാത്രമാണു തിരിച്ചറിയപ്പെടുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ കരളിന് വളരെ ഗുരുതരമായ രണ്ടാംഘട്ട കേടുപാടുകള്‍ സംഭവിച്ചിരിക്കുമെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
പനി, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, വയറുവേദന, കടുംനിറത്തിലുള്ള മൂത്രം, നരച്ച നിറത്തിലുള്ള മലം, സന്ധികള്‍ക്കു വേദന, അല്ലെങ്കില്‍ മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ഗതിയിലുള്ള എച്ച്‌സിവി ലക്ഷണങ്ങളെന്ന് ഡോ. പ്രകാശ് സഖറിയാസ് ചൂണ്ടിക്കാട്ടി. പെഗ്ഇന്റര്‍ഫെറോണ്‍ ഇന്‍ജക്ഷനും ഉള്ളില്‍ കഴിക്കുന്ന റിബാവിറിന്‍ എന്ന മരുന്നുമാണ് പരമ്പരാഗതമായി ഹെപ്പറ്റൈററിസ് സിക്കു നല്‍കുന്നത്.  ഹെപ്പറ്റൈറ്റിസ്‌സി രോഗം ചികില്‍സയിലൂടെ ഭേദമാവുന്നത് 90 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക