|    Apr 21 Sat, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒരൊറ്റ നേതൃത്വം, ശക്തമായ അണികളും; ഐക്യം തകര്‍ത്തത് മതസംഘടനാ വിഭാഗീയത

Published : 21st March 2017 | Posted By: fsq

വി ഹമീദ് പരപ്പനങ്ങാടി

ഒരു നേതൃത്വം, ശക്തമായ അണികള്‍ ഉണ്ടായിരുന്ന തീരദേശത്തെ ഐക്യം തകര്‍ത്തതിനു പിന്നില്‍ മതസംഘടനകളുടെ വിഭാഗീയത. താനൂര്‍ കോര്‍മന്‍ കടപ്പുറവും ചാപ്പപടിയും 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരൊറ്റ നേതൃത്വത്തിനു കീഴിലായിരുന്നു. ഇവിടെ അക്കാലത്ത് നാട്ടുകാരണവരായ കെപിസി എന്ന ചെറ്യാവ ഒരു നാടിനെത്തന്നെ നയിച്ചുപോന്നു. മുന്‍ എംഎല്‍എ കുട്ടി അഹമ്മദ് കുട്ടിയുടെ ബന്ധുവായ ഇദ്ദേഹം അന്ന് തീരദേശത്തെ അന്ത്യവാക്കായിരുന്നു. ഏതിനും എന്തിനും തീരുമാനമെടുത്തിരുന്ന ഇദ്ദേഹത്തെ കടലിന്റെ മക്കള്‍ അത്രയേറെ ബഹുമാനിച്ചിരുന്നു. അതൊരു യഥാര്‍ഥ കടല്‍ കോടതി ആയിരുന്നു.പറഞ്ഞത് ധിക്കരിച്ച തലതെറിച്ച യുവാവിനെ നാട്ടുകാരും ഇദ്ദേഹവും ചേര്‍ന്ന് തെങ്ങില്‍ കെട്ടിയിട്ട് ശിക്ഷിച്ചു. പിന്നീട് ഇദ്ദേഹത്തെപ്പോലുള്ളവരുടെ അന്ത്യത്തോടെയാണ് ചെറു അസ്വാരസ്യങ്ങള്‍ തീരങ്ങളിലും ഉടലെടുത്തത്. 1999-2000 കാലത്ത് ഇതിനു ആക്കംകൂട്ടുന്ന തരത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. കോര്‍മന്‍ കടപ്പുറത്തെ ജുമാമസ്ജിദ് നേതൃത്വം സംബന്ധിച്ച അഭിപ്രായവ്യത്യാസം തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒരു ഭാഗത്ത് ലീഗും മറുഭാഗത്ത് എപി വിഭാഗവും അണിനിരന്നു. ഒരു മതില്‍കെട്ടെന്നപോലെ നിന്നിരുന്ന പ്രദേശത്ത് ഇതോടെ വിള്ളലുകള്‍ വീണു. ലീഗും കോണ്‍ഗ്രസ്സുമായിരുന്നു അന്ന് പ്രദേശത്തെ സ്വാധീന രാഷ്ട്രീയപ്പാര്‍ട്ടികള്‍. അന്ന് ലീഗിനെ രാഷ്ട്രീയമായി നേരിടാന്‍ എപി വിഭാഗം സമീപിച്ചത് കോണ്‍ഗ്രസ്സിനെയായിരുന്നു. അന്നത്തെ ഡിസിസി പ്രസിഡന്റ് താനൂര്‍കാരന്‍ യു കെ ഭാസി എല്ലാ സഹായങ്ങളും നല്‍കി ലീഗിന്റെ എതിരാളികളെ സഹായിച്ചു. ആയിടക്കാണ് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ആദ്യ കലാപം. അതും ചിന്തനീയമായ വിഷയങ്ങള്‍. ഇസ്്‌ലാം സമാധാനമാണ് എന്ന ഒരു വിഭാഗത്തിന്റെ പോസ്റ്ററിനു മുകളില്‍ മതം സംഘര്‍ഷമല്ല എന്ന് മറുവിഭാഗം പോസ്റ്റര്‍ പതിച്ചതാണ് സമാധാനം തകരാന്‍ കാരണമായത്. അന്ന് നിരവധി വള്ളങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. വീടുകള്‍ തരിപ്പണമായി. നാലു കോടിയിലധികം രൂപയാണ് അന്ന് നഷ്ടമായത്. അന്ന് പക്ഷേ, അക്രമികളെ തള്ളിപ്പറയാന്‍ ഇരുവിഭാഗവും തയ്യാറായില്ല. നിരപരാധികളായ പലരും പ്രതിചേര്‍ക്കപ്പെട്ടു. ഒരു വിഭാഗത്തിന്റെ കൂടെ നിലയുറപ്പിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ ശക്തി ക്രമേണ ക്ഷയിക്കാന്‍ തുടങ്ങിയതോടെ സിപിഎം ഇവരെ ഏറ്റെടുക്കുകയായിരുന്നു. ആലോചനയില്ലാതെ ഏതെങ്കിലും വികാരത്തിന് അടിമപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആസൂത്രിതമായി സിപിഎം ആയുധ സഹിതം ശക്തമായി തിരിച്ചടിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വന്നെത്തിയപ്പോള്‍ തീരദേശ ബെല്‍റ്റ് പൊട്ടിക്കാന്‍ സിപിഎം പഴയ കോണ്‍ഗ്രസ് നേതാവിനെതന്നെ ഇവിടെ ഇറക്കി. ലീഗിന്റെ സ്ഥിരം സീറ്റായിരുന്ന ആ പച്ചതുരുത്ത് വി അബ്ദുര്‍റഹിമാനെ ഇറക്കി സിപിഎം കൈപ്പിടിയിലൊതുക്കി. പക്ഷേ, പരാജയം അംഗീകരിക്കാത്ത ലീഗും ജയം കിട്ടിയതിനാല്‍ തങ്ങള്‍ക്കു എന്തുമാവാമെന്നുമുള്ള സിപിഎം ധാര്‍ഷ്ട്യവും വീണ്ടും  പ്രദേശത്തെ കലാപഭൂമിയാക്കി. ലീഗണികള്‍ മുഴുവന്‍ പച്ച തുണിയുടുത്തും സിപിഎം പ്രവര്‍ത്തകര്‍ ചുവപ്പ് തുണി ധരിച്ചും തങ്ങളുടെ നിറം വ്യക്തമാക്കിയാണ് ശക്തി തെളിയിക്കുന്നത്. ഇന്ന് മതസംഘടനകളുടെ കൈയില്‍ നിന്നു നിയന്ത്രണം നഷ്ടപ്പെട്ടു. രാഷ്ട്രീയമായ എല്ലാ സൗകര്യങ്ങളും ലീഗ്‌വിരോധികള്‍ക്ക് സിപിഎം ചെയ്യുന്നുണ്ട്. അതിനു താനൂര്‍ ഏരിയാ സെക്രട്ടറി ജയന്‍ ശക്തമായി നിലയുറപ്പിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ്സിന്റെ കൈയ്യില്‍നിന്ന് ഇന്ന് സിപിഎം പൂര്‍ണമായി ലീഗ്‌വിരുദ്ധതയുടെ കടിഞ്ഞാണ്‍ പിടിച്ചടിക്കിയിരിക്കുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന നാട്ടുകാരണവന്മാരെയും മഹല്ല് നേതൃത്വത്തെയും ഇന്ന് ഈ കടപ്പുറത്ത് കാണില്ല. പകരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കഴുകന്‍ കണ്ണുകളുമായി ഇറങ്ങിത്തിരിച്ച നേതാക്കളെയാണിവിടെ കാണുന്നത്. എല്ലാം നിയന്ത്രിക്കുന്ന വിഷംചീറ്റലുകള്‍ തീരദേശത്ത് കടലിന്റെ മക്കളുടെ സമാധാനത്തിന് വിള്ളലുണ്ടാക്കുന്നു. പലരും ഇന്ന് മദ്യ-മയക്കുമരുന്നിന്റെ ലഹരിയിലാണ്. അതുതന്നെയാണ് അധികാരം പിടിച്ചെടുക്കാനുള്ള എളുപ്പവഴിയെന്ന് രാഷ്ട്രീയക്കാര്‍ക്കറിയാം. മതചിഹ്്‌നങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവവും നേതാക്കള്‍ക്കുണ്ട്. അറിഞ്ഞോ അറിയാതെയോ മതനേതാക്കളും ഇതിനു ചൂട്ടുപിടിക്കുന്നു. ഒരു മാസത്തിനിടയ്ക്ക് 14 കി.ഗ്രാം കഞ്ചാവാണ് ചാപ്പപടിയില്‍ നിന്നു മാത്രം താനൂര്‍ പോലിസ് പിടിച്ചെടുത്തത്. 17ഉം 18ഉം വയസ്സുള്ള കുട്ടികളാണ് തീരം ഭരിക്കുന്നത്. ഇവരുടെ പ്രകോപനമാണ് ഇടയ്ക്കിടെ ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അക്രമം ഉണ്ടാവുമ്പോള്‍ പരസ്പരം പഴിചാരുകയോ മൂന്നാമതൊരു കക്ഷിയെ കുറ്റപ്പെടുത്തുകയോ ചെയ്യലാണ് ഇരു കൂട്ടരുടെയും പ്രവൃത്തി. ഇത്തവണ പോലിസാണ് ആ മൂന്നംകക്ഷി. വസ്തുതകള്‍ ചിലത് ശരിയാണെങ്കിലും നിഷ്പക്ഷമതികളായ ഇരകള്‍ അത് അംഗീകരിക്കുന്നില്ല. പോലിസിന് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യം ചെയ്യുന്നത് ഇരു പാര്‍ട്ടികളുമല്ലേ എന്ന ചോദ്യത്തിനും ഉത്തരം കിട്ടാതെ നില്‍ക്കുന്നു.              (അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss