|    Dec 11 Tue, 2018 12:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു വിമതസ്വരം നിലച്ചുപോവുമ്പോള്‍

Published : 22nd November 2018 | Posted By: kasim kzm

എ പി കുഞ്ഞാമു

പാഠഭേദം മാസികയുടെ നവംബര്‍ 2018 ലക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്:

ഞാനിതാ ജയിലിലേക്കു പോവുന്നുവെന്നു പറഞ്ഞ് പത്രമാപ്പീസും പ്രസ്സും പൂട്ടി തടവറയിലേക്കുപോയ ഒരു പത്രമുടമ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ബ്രിട്ടിഷ് കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരായി നിരന്തരം പോരാടിയ മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ സാഹിബിന്റെ അല്‍അമീന്‍ മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകയായിരുന്നു. കോഴിക്കോട് നിന്ന് 2006 മുതല്‍ പുറത്തിറങ്ങിപ്പോരുന്ന തങ്ങളുടെ പത്രം ഡിസംബര്‍ 31നു നിര്‍ത്തലാക്കുകയാണ് എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് തേജസ് മാനേജ്‌മെന്റ്. പരസ്യം നല്‍കുന്ന കാര്യത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, പിടിച്ചുനില്‍ക്കാനാവാത്തതരത്തില്‍ തങ്ങളെ കുരുക്കിട്ടു മുറുക്കിയിരിക്കുകയാണെന്നാണ് പത്രം നടത്തിപ്പുകാരുടെ തുറന്നുപറച്ചില്‍.
സാമ്രാജ്യത്വ വാഴ്ചയോട് നിരന്തരം പൊരുതിയ ദേശീയവാദിയായ മുഹമ്മദ് അബ്്ദുര്‍റഹ്മാനെയും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായ തേജസിനെയും സമീകരിക്കുന്നത് കൃത്യമായി പറഞ്ഞാല്‍ ശരിയല്ല. മുഹമ്മദ് അബ്ദുര്‍റഹ്്മാന്‍ പ്രതിനിധാനം ചെയ്ത മതേതര ദര്‍ശനമല്ല തേജസിന്റെ രാഷ്ട്രീയവീക്ഷണം. പക്ഷേ, ഭരണകൂടവുമായി ഏറ്റുമുട്ടി പരാജയപ്പെടുന്നു എന്ന കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ പൊതുവായ ചിലതുണ്ട്. നാട്ടിലിറങ്ങുന്ന ഏതാണ്ട് എല്ലാ പത്രങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ കിട്ടാറുണ്ട്. പക്ഷേ, തേജസിന് സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചു. ആദ്യം പരസ്യം നിഷേധിച്ചത് വിഎസ് സര്‍ക്കാരാണ്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു, മതസ്പര്‍ധ വളര്‍ത്തുന്നു എന്നൊക്കെ പറഞ്ഞായിരുന്നു ഈ നടപടി. പിന്നീടു വന്ന ഉമ്മന്‍ചാണ്ടി ഭരണകൂടം പരസ്യം പുനസ്ഥാപിച്ചുവെങ്കിലും വീണ്ടും പരസ്യം നിഷേധിക്കുകയാണുണ്ടായത്. പത്രത്തെ നിയന്ത്രിക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നിലപാടുകളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. കേസരിക്കോ ജന്മഭൂമിക്കോ നല്‍കിയ പരിഗണന തേജസിന് ഒരിക്കലും ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ പരസ്യങ്ങളെ ആശ്രയിച്ചുകൊണ്ടല്ല ഒരു പത്രം അതിന്റെ സാമ്പത്തികാസൂത്രണം നടത്തേണ്ടത്. പക്ഷേ, ചെറുകിട പത്രങ്ങള്‍ വലിയൊരളവോളം പിടിച്ചുനില്‍ക്കുന്നത് ഇത്തരം വരുമാനസ്രോതസ്സുകള്‍ വഴിയാണ്. സര്‍ക്കാര്‍ ഈ സ്രോതസ്സ് അടച്ചുകളഞ്ഞതോടെ പുറത്തുനിന്നുള്ള പരസ്യങ്ങളെയും അതു ബാധിച്ചു. പരസ്യനിഷേധം വഴി ഭരണകൂടം അടിച്ചേല്‍പിച്ച അസ്പൃശ്യത പൊതുസമൂഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. വ്യവസായ-വാണിജ്യ ഗ്രൂപ്പുകളും തേജസിനെ സംശയത്തോടെ നോക്കാന്‍ തുടങ്ങി. മുസ്‌ലിം ബിസിനസ് സ്ഥാപനങ്ങള്‍ ശരിക്കും പേടിച്ചു. തേജസിന് പരസ്യം കൊടുത്തു കുടുങ്ങിപ്പോവേണ്ട എന്നായിരിക്കാം അവര്‍ കരുതിയത്. വെള്ളമൊഴിച്ചു നിര്‍വീര്യമാക്കിയശേഷം വായിക്കേണ്ട സ്‌ഫോടകവസ്തു എന്ന നിലയിലാണ് മുസ്്‌ലിംകള്‍ക്കിടയിലെ മുഖ്യധാരാ സംഘടനകള്‍ തേജസിനെ കണ്ടത്. പുറത്തുനിന്നും അകത്തുനിന്നും അടിച്ചേല്‍പിക്കപ്പെട്ട ഈ അയിത്തമാണ്, ഈ പത്രത്തെ പിടിച്ചുനില്‍ക്കാനാവാത്ത തരത്തില്‍ ദുര്‍ബലമാക്കിയത്.
തേജസ് പിന്തുടരുന്ന ആശയധാരകള്‍ മുഖ്യധാരാ ഇസ്‌ലാമിനും മുഖ്യധാരയ്ക്കു തന്നെയും അഹിതകരമാണ്. വാസ്തവത്തില്‍ തേജസ് ചെയ്തത് തീവ്രനിലപാടുകള്‍ പുലര്‍ത്തിയതിലൂടെ പൊതുമണ്ഡലത്തില്‍ നിന്ന് അകന്നുപോയ ഒരു വിഭാഗത്തെ മുഖ്യധാരയുമായി ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതു പരസ്പര സൗഹാര്‍ദം വളര്‍ത്തുകയും ആരോഗ്യകരമായ സമൂഹസൃഷ്ടിയെ സഹായിക്കുകയുമാണു ചെയ്യുക. അതിനു പകരം, അയിത്തം കല്‍പിച്ച് ഈ വിഭാഗത്തെ പടിവാതിലടച്ചു പുറത്താക്കുന്നത് അവരെ കൂടുതല്‍ അപകടകാരികളാക്കുകയേയുള്ളു. തേജസിനുമുണ്ടല്ലോ ചിലതു പറയാന്‍, അതിനുമൊരു അവസരം ലഭിക്കണമല്ലോ.
തേജസ് പത്രത്തിനുള്ള പരസ്യനിഷേധത്തെ ഭരണകൂട നീതിനിഷേധം മാത്രമായി കണക്കാക്കിക്കൂടാ. പൊതുസമൂഹവും മാധ്യമലോകവുമെല്ലാം തേജസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള വഴി മുടക്കി നിന്നതായാണ് അനുഭവം. ഏതു ചിന്താധാരയും ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് അതിനു മുഖ്യധാരയില്‍ ഇടം ലഭിക്കുമ്പോഴാണ്. പോപുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ മറിച്ചാണു സംഭവിച്ചത്. പതിനായിരങ്ങളെ അണിനിരത്തി സംഘടന നടത്തിയ ആദ്യത്തെ ശക്തിപ്രകടനത്തെ അപ്പാടെ തമസ്‌കരിക്കാനുള്ള ധിക്കാരം കാണിച്ചു ഒരിക്കല്‍ കേരളത്തിലെ മാധ്യമങ്ങള്‍. ഈ വിഭാഗത്തിന് എല്ലാ വേദികളിലും പ്രവേശനം നിഷേധിച്ചു മുഖ്യധാര. അതിന്റെ തുടര്‍ച്ചയാണ് തേജസിന്റെ അകാലചരമത്തില്‍ എത്തിനില്‍ക്കുന്നത്. മറ്റേതൊരു പത്രത്തെയും പോലെ ചീത്തയോ നല്ലതോ ആയ ഒരു പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചുപോവുന്നതല്ല പ്രശ്‌നം; വിമതസ്വരങ്ങള്‍ പൊറുപ്പിക്കാത്ത സമൂഹമായി നാം കൂടുതല്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss