|    Jul 20 Fri, 2018 8:21 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു വാരിക കൂടി മുട്ടുമടക്കുന്നു

Published : 7th August 2017 | Posted By: fsq

 

കലീം

ഒന്നു കണ്ണുരുട്ടിയാല്‍ മൂത്രമൊഴിച്ചുപോവാന്‍ മാത്രം ഭീരുക്കളാണോ ഇന്ത്യയിലെ പ്രസാധകര്‍? വസ്തുനിഷ്ഠമായ പഠനങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും പേരുകേട്ട മുംബൈയിലെ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി (ഇപിഡബ്ല്യു) അദാനി ഗ്രൂപ്പ് സര്‍ക്കാരില്‍ നിന്ന് കോടികള്‍ സൂത്രത്തിലൂടെ തട്ടിയെടുക്കുന്നതിനെക്കുറിച്ച് പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങള്‍ പിന്‍വലിക്കുകയും അതില്‍ പ്രതിഷേധിച്ച് ലേഖന കര്‍ത്താവും പത്രാധിപരുമായ പരഞ്ജയ് ഗുഹ താക്കുര്‍ത്ത രാജിവയ്ക്കുകയും ചെയ്തു. ലേഖനങ്ങള്‍ പിന്‍വലിച്ചതിനുശേഷമേ പത്രാധിപര്‍ മുറി വിട്ടു പുറത്തുപോകാവൂ എന്നാണത്രേ വാരികയുടെ പ്രസാധകരായ സമീക്ഷാ ട്രസ്റ്റിന്റെ ഭാരവാഹികള്‍ അന്ത്യശാസനം നല്‍കിയത്. താക്കുര്‍ത്തയെ നിയന്ത്രിക്കാന്‍ മറ്റൊരാളെ കൂടി പത്രാധിപരായി നിയമിക്കുകയാണെന്ന് പറഞ്ഞതോടെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. മാനേജ്‌മെന്റിന്റെ ഒരു കമ്മിസാറെ നിയമിക്കുന്നതിനു തുല്യമായ നടപടിയായിരുന്നു അത്. ഗൗതം അദാനി ഗ്രൂപ്പ് ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സ്വാധീനമുള്ള കോംഗ്ലോമെറേറ്റുകളിലൊന്നാണ് എന്നതില്‍ സംശയമില്ല. ഗൗതം അദാനിയുടെ മകനോ മറ്റോ തിരുവനന്തപുരത്തു വന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടതോടെ പാര്‍ട്ടി അതുവരെ വിഴിഞ്ഞം പദ്ധതിയോടു കാണിച്ചിരുന്ന വിരോധമൊക്കെ വെയില്‍ കണ്ട മൂടല്‍മഞ്ഞ് പോലെ അപ്രത്യക്ഷമായത് കേരളീയര്‍ക്കറിയാം. മോദിജി ലോകം ചുറ്റുമ്പോള്‍ കൂടെ മിക്കപ്പോഴും ഗൗതമുണ്ടാവും. ഖനനം, ആയുധക്കച്ചവടം തുടങ്ങിയ എന്തെങ്കിലുമൊരു കരാര്‍ ടിയാന്‍ അതിനിടയ്ക്ക് ഒപ്പിച്ചെടുക്കുകയും ചെയ്യും. ഗുജറാത്തില്‍ മോദിജിക്ക് സമാന്തരമായാണ് അദാനിജിയുടെ വളര്‍ച്ചയെന്നാണ് ചരിത്രം. താക്കുര്‍ത്ത ഒരു സാധാരണ പത്രാധിപരല്ല. 35 വര്‍ഷം ഇപിഡബ്ല്യു പത്രാധിപരായിരുന്ന കൃഷ്ണരാജിന്റെ മരണത്തിനുശേഷം വന്ന സി രാംമനോഹര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞപ്പോഴാണ് താക്കുര്‍ത്ത ആ പദവി ഏറ്റെടുക്കുന്നത്. താക്കുര്‍ത്തയുടെ ഗ്യാസ് വാര്‍സ്: ക്രോണി കാപ്പിറ്റലിസം ആന്റ് ദ അംബാനീസ് എന്ന കൃതി ഗോദാവരി പ്രദേശത്തെ പ്രകൃതിവാതക ഖനനത്തില്‍ റിലയന്‍സ് കമ്പനി നടത്തുന്ന തട്ടിപ്പുകള്‍ മുഴുവന്‍ പുറത്തേക്ക് വലിച്ചിടുന്ന ഒന്നാന്തരം അന്വേഷണാത്മക പഠനമാണ്. കൃത്യമായ കണക്കുകളും വസ്തുതകളും ഉള്ളതിനാല്‍ പോളിയസ്റ്റര്‍ പ്രിന്‍സ് എന്ന പുസ്തകം നിരോധിക്കാന്‍ കരുനീക്കിയപോലെ അംബാനിമാര്‍ ഗ്യാസ് വാര്‍സിനെതിരേ നീങ്ങിയതായി കാണുന്നില്ല. ഹിന്ദു പത്രത്തില്‍ ഫിനാന്‍സ് എഡിറ്ററായിരുന്ന റെഡ്ഡി, 11 വര്‍ഷത്തോളം ഇപിഡബ്ല്യു കൂടുതല്‍ വായനക്ഷമമാക്കുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. അദാനിക്കെതിരായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് നേര്‍ക്കുനേരെ പറഞ്ഞല്ല സമീക്ഷാ ട്രസ്റ്റ് താക്കുര്‍ത്തയ്‌ക്കെതിരേ വാളെടുത്തത്. ലേഖനത്തില്‍ പ്രതിഷേധിച്ചും നിയമനടപടികളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയും അദാനി ഗ്രൂപ്പ് വാരികയ്ക്ക് ഒരു കത്തയച്ചിരുന്നു. നിയമനടപടികള്‍ പ്രതീക്ഷിച്ച് പത്രാധിപര്‍ ട്രസ്റ്റിമാരോട് ആലോചിക്കാതെ ഒരു അഭിഭാഷകനെ ഏര്‍പ്പാട് ചെയ്തു. അക്കാര്യം ട്രസ്റ്റിമാരോട് ആലോചിച്ചില്ല എന്ന പരാതിയാണ് പ്രസാധകര്‍ ഉന്നയിച്ചത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വാര്‍ത്തകളോ ലേഖനങ്ങളോ വന്നാല്‍ വക്കീല്‍നോട്ടീസ് അയക്കുക എന്നത് ഇന്ത്യയില്‍ വിമര്‍ശനവിധേയരാവുന്നവരുടെ സ്ഥിരം കണ്ണുരുട്ടലാണ്. ചെറിയ പ്രസിദ്ധീകരണങ്ങള്‍ കേസുകെട്ടുമായി കോടതിവരാന്തയില്‍ കയറിയിറങ്ങുന്നതിന്റെ ചെലവോര്‍ത്ത് ഒരു തിരുത്തല്‍ കൊടുത്ത് സംഗതി ഒത്തുതീര്‍പ്പാക്കും. എന്നാല്‍, അത്യാവശ്യം ആര്‍ജവമുള്ള പ്രസാധകര്‍ പത്രാധിപ സമിതിയോടൊപ്പം നില്‍ക്കും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനു പുറമെ ചെറിയ പ്രസിദ്ധീകരണങ്ങളാണ് സഞ്ജയ് ഗാന്ധിയുടെ മുമ്പില്‍ എഴുന്നേറ്റുനിന്ന് പറ്റില്ല എന്നു പറഞ്ഞത്. പക്ഷേ, നാം വളരെയേറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഇപിഡബ്ല്യു പ്രസാധകര്‍ക്ക് മോദി ഭരണകാലത്ത് കാല്‍മുട്ട് വിറച്ചതിന്റെ ലക്ഷണങ്ങളാണ് കണ്ടത്.  ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്തിരിയില്ലെന്ന് വെബ്‌സൈറ്റില്‍ അവകാശപ്പെടുന്ന സമീക്ഷാ ട്രസ്റ്റിലെ അംഗങ്ങള്‍ ചില്ലറക്കാരല്ല. ചെയര്‍മാന്‍ ദീപക് നയ്യാര്‍, സി എന്‍ ഘോഷ് (മാനേജിങ് ഡയറക്ടര്‍), ചരിത്രകാരിയായ റോമിലാ ഥാപ്പര്‍, സാമൂഹിക ശാസ്ത്രജ്ഞനായ ആന്‍ഡ്രെ ബെട്ടയ്ല്‍- അങ്ങനെ എട്ടുപേര്‍. താക്കുര്‍ത്തയുടെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ദീപക് നയ്യാറുടെ പരാതി. എന്നാല്‍, ചുരുങ്ങിയത് ഒരു ട്രസ്റ്റിയെങ്കിലും ലേഖനം വായിക്കാതെയാണ് അഭിപ്രായം പറഞ്ഞതെന്ന് താക്കുര്‍ത്ത രേഖപ്പെടുത്തുന്നു. ലേഖനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങളൊക്കെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ടുതാനും. താക്കുര്‍ത്ത ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നിനും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മറുപടി പറയുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ല. ജൂലൈ 18നാണ് സമീക്ഷാ ട്രസ്റ്റ് യോഗം ചേര്‍ന്ന് താക്കുര്‍ത്തയെ ‘ശകാരിച്ചത്.’ഈ പ്രതികരണത്തില്‍ അസ്വസ്ഥരായ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള 150ലധികം ബുദ്ധിജീവികളും എഴുത്തുകാരും ട്രസ്റ്റിമാര്‍ക്ക് ഒരു തുറന്ന കത്തെഴുതി. താക്കുര്‍ത്ത അടിസ്ഥാനപരമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പലര്‍ക്കും തലവേദനയുണ്ടാക്കുമെന്നും അറിയാവുന്ന ട്രസ്റ്റിമാര്‍ അദ്ദേഹത്തെ പത്രാധിപരായി നിയമിച്ചത് എന്തിനായിരുന്നുവെന്ന് അവര്‍ ചോദിച്ചു. ലേഖനങ്ങള്‍ പിന്‍വലിക്കുകയും താക്കുര്‍ത്തയെ ശകാരിക്കുകയും ചെയ്തതു വഴി സമീക്ഷാ ട്രസ്റ്റ് വാരികയുടെ കീര്‍ത്തിക്കും വിശ്വാസ്യതയ്ക്കും പരിക്കേല്‍പ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. തുറന്ന കത്ത് പരസ്യമായപ്പോള്‍ ഒരു വിശദീകരണവുമായി ട്രസ്റ്റിമാര്‍ വീണ്ടും രംഗത്തുവന്നു. താക്കുര്‍ത്ത വാരികയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്നും വിദഗ്ധരുടെ പരിശോധനയ്ക്കു വിധേയമാക്കാതെയാണ് അദ്ദേഹം പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നുമായിരുന്നു പരാതി. മറ്റു പത്രാധിപസമിതി അംഗങ്ങളെ വിശദീകരണവുമായി രംഗത്തുവരാന്‍ മാനേജ്‌മെന്റ് സമ്മര്‍ദം ചെലുത്തിയതിന്റെ സൂചനകള്‍ കാണുന്നുണ്ട്. വാരികയുടെ പത്രാധിപസമിതി അംഗങ്ങള്‍ ലേഖനം പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നുവെങ്കിലും അവര്‍ താക്കുര്‍ത്തയെ വിമര്‍ശിക്കുകയും ചെയ്യുന്നു. താക്കുര്‍ത്ത തന്നിഷ്ടപ്രകാരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും തന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതല്‍ പ്രതിഫലം കൊടുക്കുകയും ചെയ്യുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ അത്ര ശരിയല്ലെന്നു വാരികയുടെ ലേഖനങ്ങള്‍ പരിശോധിക്കാന്‍ നിയുക്തനായ ഒരു അക്കാദമിക പണ്ഡിതന്‍ സൂചിപ്പിക്കുന്നു. കൃഷ്ണരാജ് പത്രാധിപരായിരുന്ന കാലത്തുപോലും പുനപ്പരിശോധനാ സംവിധാനം അത്ര കാര്യക്ഷമമായിരുന്നില്ലെന്നും രാംമനോഹര്‍ റെഡ്ഡിയാണ് അത് കുറേക്കൂടി വ്യവസ്ഥാപിതമാക്കിയതെന്നും കേള്‍ക്കുന്നു. മാത്രമല്ല, പ്രത്യേക ലേഖനങ്ങളുടെ കാര്യത്തിലാണ് വാരിക പുറത്തുള്ള പണ്ഡിതന്‍മാരുടെ സഹായം തേടാറുള്ളത്.അപ്പോള്‍ അദാനിയെ വിമര്‍ശിക്കുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചതു തന്നെ ആയിരിക്കാം പ്രശ്‌നം. വിവാദമായ രണ്ടു ലേഖനങ്ങളിലൊന്നില്‍ താക്കുര്‍ത്ത, മോദി ഭരണകൂടം പ്രത്യേക സാമ്പത്തിക മേഖലകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ചില്ലറ കൈക്രിയ നടത്തി അദാനിക്ക് 500 കോടി രൂപയുടെ നേട്ടമുണ്ടാക്കിക്കൊടുത്തതിന്റെ വിശദവിവരങ്ങള്‍ നല്‍കുന്നുണ്ട്. അരുണ്‍ ജെയ്റ്റ്‌ലിയും തമിഴ്‌നാട്ടില്‍ നിന്നുള്ള ഹിന്ദുത്വ വീരാംഗന നിര്‍മലാ സീതാരാമനും നയിക്കുന്ന രണ്ടു മന്ത്രാലയങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. 2016ലെ എസ്ഇഇസെഡ് ചട്ടങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ വഴി അദാനി ഗ്രൂപ്പ് അടക്കമുള്ളവര്‍ക്ക് മുമ്പടച്ച തീരുവയില്‍ ഒരു ഭാഗം തിരിച്ചുവാങ്ങാമെന്നായി. അതില്‍ ഏറ്റവും ഗുണം കിട്ടുക അദാനി പവര്‍ ലിമിറ്റഡിനായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ മറ്റൊരു തട്ടിപ്പു കൂടി നടന്നിരുന്നു. 2015 മാര്‍ച്ച് വരെ കല്‍ക്കരി ഇറക്കുമതി ചെയ്ത വകയില്‍ അദാനി പവര്‍ ലിമിറ്റഡ് 1000 കോടി അടയ്‌ക്കേണ്ടിയിരുന്നുവെങ്കിലും ഒരു പൈസ പോലും ആ വകയില്‍ പൊതുഖജനാവില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. കൂടാതെ ഇന്തോനീസ്യയില്‍നിന്ന് റിലയന്‍സ്, എസ്സാര്‍, അദാനി തുടങ്ങിയവര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുമ്പോള്‍ ഓവര്‍ ഇന്‍വോയ്‌സിങ് സൂത്രത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി റവന്യൂ ഇന്റലിജന്‍സ് കണ്ടുപിടിച്ചിരുന്നു (ഇറക്കുമതി ചെയ്യുന്ന ചരക്കിനു വലിയ വില കാണിച്ച് പണം പുറത്തേക്കു കടത്തി വെളുപ്പിച്ച് നാട്ടിലേക്ക് എത്തിക്കുന്നതാണ് തന്ത്രം). കള്ളപ്പണം വെളുപ്പിച്ചുകൊണ്ടിരിക്കുന്ന, ഇറക്കുമതിയിനത്തില്‍ തീരുവ അടയ്ക്കാത്ത കമ്പനിയെയാണ് ജെയ്റ്റ്‌ലിയും കൂട്ടരും സഹായിച്ചിരുന്നത്. ഗുജറാത്തിലെ മുന്‍ഡ്രയിലായിരുന്നു എപിഎല്ലിന്റെ തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ എന്നത് ചേര്‍ത്തുവായിക്കുക. പഠനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി ഇപിഡബ്ല്യു ജെയ്റ്റ്‌ലി അടക്കമുള്ള മന്ത്രിപ്രവരന്‍മാര്‍ക്ക് വിശദമായ ഒരു ചോദ്യാവലി അയച്ചിരുന്നു. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കും അവരുടെ നിലപാടറിയാന്‍ കത്തയച്ചു. അതിനുള്ള മറുപടിയില്‍ അവര്‍ ഗുജറാത്ത് ഹൈക്കോടതി കസ്റ്റംസ് തീരുവയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ വിധി നല്‍കിയെന്നും സുപ്രിംകോടതി വിധി ശരിവച്ചുവെന്നും പറയുന്നു. ചോദ്യത്തിനുള്ള മറുപടിയായിരുന്നില്ല അത്. ഇപിഡബ്ല്യുവില്‍ താക്കുര്‍ത്ത എഴുതിയ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ അദാനി ഗ്രൂപ്പ് 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയോ എന്നായിരുന്നു. അദാനി ഗ്രൂപ്പ് സര്‍ക്കാരിനു നല്‍കാനുണ്ടായിരുന്ന തീരുവ ദീര്‍ഘിച്ച വ്യവഹാരത്തിലൂടെ സുപ്രിംകോടതി വരെ നീട്ടിക്കൊണ്ടുപോയി. കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്ന പലതരം പദ്ധതികള്‍ ഉപയോഗിച്ച് അദാനി വിദേശത്ത് വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതേപോലെ ഭരണകൂടവുമായുള്ള ചങ്ങാത്തത്തിലൂടെ പണം വാരുന്ന മറ്റു ചില വിത്തേശ്വരന്‍മാര്‍ വിദേശത്തു സ്ഥാപിച്ച കള്ളക്കമ്പനികളുമായി സഹകരിച്ച് അവയുടെ മേല്‍വിലാസത്തില്‍ കള്ളരേഖകള്‍ ചമച്ച് നികുതി വെട്ടിപ്പു നടത്തുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ഇല്ലാത്ത കയറ്റുമതിക്ക് രേഖയുണ്ടാക്കുക എന്നതായിരുന്നു തന്ത്രം. 2002-03ല്‍ 400 കോടി രൂപയുടെ കയറ്റുമതി നടത്തിയ അദാനി ഗ്രൂപ്പ് 2003-04ല്‍ അത് 1181 ശതമാനമായി വര്‍ധിപ്പിച്ചു. റവന്യൂ ഇന്റലിജന്‍സ് ഇതിനെതിരേ സ്വീകരിച്ച നടപടികളാണ് അവസാനം സുപ്രിംകോടതിയിലെത്തിയത്. സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച്, അദാനി ഗ്രൂപ്പും മറ്റ് അനുബന്ധ സ്ഥാപനങ്ങളും അതിശയമുളവാക്കുന്ന വിധത്തില്‍ കയറ്റുമതി വര്‍ധിപ്പിച്ചതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിനു വഴിവിട്ട സഹായം ചെയ്തുകൊടുക്കുന്നതില്‍ മോദി ഭരണകൂടം കാണിച്ച അമിതോല്‍സാഹമായിരുന്നു താക്കുര്‍ത്തയുടെ രണ്ടു പഠനങ്ങളിലും ഉണ്ടായിരുന്നത്. അതുതന്നെയാണ് വാരികയുടെ ട്രസ്റ്റിമാരെ അങ്കലാപ്പിലാക്കിയത് എന്നു കരുതാം. വലിയ സമ്മര്‍ദങ്ങളൊന്നും സഹിക്കാതെ അക്കാദമികതലത്തില്‍ മാത്രം ചര്‍ച്ചയാവുന്ന പഠനങ്ങളും വിശകലനങ്ങളും പട്ടികകളും ഗ്രാഫുകളും പ്രസിദ്ധീകരിച്ചുകഴിയുന്നതിനിടയിലാണ് താക്കുര്‍ത്ത ഇപിഡബ്ല്യുവിന്റെ പത്രാധിപരാവുന്നത്. ഭരണവര്‍ഗം ചെറിയ പുഞ്ചിരിയോടെ വായിച്ച് അവഗണിക്കുന്ന വാരിക, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ യുദ്ധം നയിക്കുന്ന ഒരു പ്രസിദ്ധീകരണമാവുന്നതാണ് ട്രസ്റ്റിമാരില്‍ പരിഭ്രമം സൃഷ്ടിച്ചത്. ഇപിഡബ്ല്യുവില്‍ ഏറെക്കാലം എഴുതിയിരുന്ന വന്ദ്യവയോധികനായ അശോക് മിത്ര, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ട്രസ്റ്റിമാര്‍ക്ക് അയച്ച കത്തില്‍ അവര്‍ സൂപ്പര്‍ എഡിറ്റര്‍മാരായി മാറുന്നതിനെ വിമര്‍ശിക്കുന്നു. വാരിക സ്ഥാപിച്ച സചിന്‍ ചൗധരി അതിനു ധനസഹായം നല്‍കിയിരുന്ന സമ്പന്ന കുടുംബത്തിലെ അംഗം വാരികയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നോക്കിയപ്പോള്‍ അത് അടച്ചുപൂട്ടുകയും പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പുനപ്രസാധനം നടത്തുകയും ചെയ്ത കാര്യം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. മോദിക്കാലത്ത് ഓര്‍മകള്‍ ഇല്ലാതിരിക്കുന്നതാണ് തടി സലാമത്താക്കുക എന്ന് സമീക്ഷാ ട്രസ്റ്റ് കരുതിയപോലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss