|    Apr 24 Tue, 2018 2:35 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു രക്തസാക്ഷിത്വത്തിന്റെ ഓര്‍മ

Published : 13th May 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

തിരഞ്ഞെടുപ്പ് ആവേശത്തിന്റെ പ്രതീകങ്ങളായി പഴയ മലബാര്‍ അതിര്‍ത്തിയായ ഉത്തരകേരളത്തില്‍ ചുവപ്പു പതാകകള്‍ പാറിപ്പറക്കുന്നു. അതിലിപ്പോഴും തൂക്കിലേറ്റിക്കൊന്ന നാലു കയ്യൂര്‍ ധീരസഖാക്കളുടെ ഓര്‍മകളുടെ നിഴല്‍പ്പാടുകളുണ്ട്. അതില്‍ അവരെ സന്ദര്‍ശിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ കണ്ണീര്‍പ്പാടുകളും. ചരിത്രത്തിന്റെ നൊമ്പരപ്പെടുത്തുന്ന ആ ഓര്‍മകള്‍ ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒരു മണ്ഡലമുണ്ട്. അതു കയ്യൂര്‍ ഉള്‍പ്പെടുന്ന തൃക്കരിപ്പൂര്‍ മണ്ഡലമോ എം വി ആറിന്റെ മകന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മല്‍സരിക്കുന്ന അഴീക്കോട് മണ്ഡലമോ അല്ല. രക്തസാക്ഷികളുടെ ചുടുനിണംകൊണ്ടു ചരിത്രമായ ഒഞ്ചിയം ഉള്‍പ്പെട്ട വടകര മണ്ഡലമാണത്. ചരിത്രത്തില്‍നിന്ന് ഒരു സംഭാഷണം ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെളിച്ചത്തിലേക്കു തലനീട്ടുന്നു. തൂക്കിലേറ്റുന്നതിനു മുമ്പ് കയ്യൂര്‍ കേസിലെ നാലു പ്രതികളിലൊരാളായ അബൂബക്കറുടെത്. തങ്ങളെ സന്ദര്‍ശിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ പി സി ജോഷി, പി സുന്ദരയ്യ, പി കൃഷ്ണപിള്ള എന്നിവരോടു പറഞ്ഞ അവസാനവാക്കുകള്‍. ബ്രിട്ടിഷ് ലേബര്‍ മന്ത്‌ലിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി പി സി ജോഷിയുടെ ലേഖനത്തില്‍നിന്ന് അബൂബക്കറിന്റെ ആ വാക്കുകള്‍: ‘എന്റെ അമ്മയ്ക്ക് ഏറെ പ്രായമായി. അവരെ ഉന്മേഷവതിയാക്കണം. സഹോദരങ്ങളെല്ലാം വളരെ ചെറുപ്പമാണ്. അവരെ പഠിപ്പിച്ചു പാര്‍ട്ടി പ്രവര്‍ത്തകരാക്കണം. കുടുംബത്തിലെ മൂത്ത ആളായിരുന്നു ഞാന്‍. അവരെ നോക്കാന്‍ ഇനി മറ്റാരുമില്ല’.
മകന്‍ നഷ്ടപ്പെടുന്ന ആ വൃദ്ധ മാതാവിന്റെയും അനാഥ പൈതങ്ങളുടെയും സംരക്ഷണത്തിനു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാവുമെന്നു പി സി ജോഷി അബൂബക്കറിന്റെ കൈകള്‍ മുറുക്കിപ്പിടിച്ചു പ്രതിജ്ഞ ചെയ്തതാണ്. അത് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ജോഷിയും സുന്ദരയ്യയും കൃഷ്ണപിള്ളയും നേരെ പോയതു കയ്യൂര്‍ വീരനേതാക്കളുടെ വീടുകളിലേക്കാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആ വിപ്ലവ പ്രതിബദ്ധതയുടെ പ്രതിജ്ഞ വെട്ടേറ്റു ചിതറിയ രാഷ്ട്രീയ മണ്ഡലംകൂടിയാണ് ഇന്നു വടകര. മഠത്തില്‍ അപ്പു, പി കുഞ്ഞമ്പു നായര്‍, കെ ചിരുകണ്ടന്‍, അബൂബക്കര്‍ ഇവരുടെ പിന്തുടര്‍ച്ചക്കാരനായ രക്തസാക്ഷിയാണു വടകര വള്ളിക്കാവിലെ നിരത്തില്‍ വെട്ടുകളേറ്റു പിടഞ്ഞു മരിച്ച ടി പി ചന്ദ്രശേഖരന്‍. ചന്ദ്രശേഖരന്റെ നാലാം ചരമവാര്‍ഷികത്തിനു തൊട്ടുപിറകെയാണു കേരളം വിധിയെഴുതുന്നത്.
ഒഞ്ചിയത്തെ ടിപിയുടെ വീട്ടില്‍ നെഞ്ചുപൊട്ടിക്കിടന്ന ഒരമ്മയുണ്ടായിരുന്നു. മകനെ വാടകക്കൊലയാളികളെക്കൊണ്ടു കൊല്ലിച്ച ഉന്നതര്‍ ആരെന്ന ചോദ്യവുമായി. അവരുടെ ആ അന്ത്യാഭിലാഷം സാധ്യമാവുന്നതിനു മുമ്പ് അവര്‍ ജീവിതത്തില്‍നിന്നു മടങ്ങി. ഇന്നും കേരള രാഷ്ട്രീയത്തില്‍ തപിച്ചുനില്‍ക്കുന്ന രാഷ്ട്രീയ ഹവനകുണ്ഠമാണ് ടിപിയുടെ വീട്.
അതിന്റെ തീജ്വാലയും ചൂടും നെഞ്ചിലേറ്റി ജീവിക്കുന്ന രാഷ്ട്രീയ ചോദ്യമായി ഇറങ്ങിയിരിക്കയാണ് രക്തസാക്ഷി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. നീതിക്കുവേണ്ടി മുടിക്കെട്ടഴിച്ചു ജീവിച്ച് കുരുക്ഷേത്രയുദ്ധത്തിനു നിമിത്തമായ ദ്രൗപതിയെപ്പോലെ. കടത്തനാടന്‍ പോര്‍വീര്യത്തിന്റെ കരുത്തായി വാഴ്ത്തപ്പെടുന്ന ഉണ്ണിയാര്‍ച്ചയെപ്പോലെ. മറ്റു 139 നിയോജകമണ്ഡലങ്ങളില്‍ നിന്നും അതുകൊണ്ടു വടകര മണ്ഡലം ഇത്തവണ വേറിട്ടുനില്‍ക്കുന്നു. സത്യവും നീതിയും നിഷേധിക്കപ്പെട്ട ഒരു രക്തസാക്ഷി കുടുംബത്തിന്റെ നീതിതേടിയുള്ള രാഷ്ട്രീയ-ധാര്‍മിക പോരാട്ടമാണ് ഇവിടെ.
ടി പി ചന്ദ്രശേഖരനെന്ന രക്തസാക്ഷിയുടെ രാഷ്ട്രീയ നേരവകാശിയാണു കെ കെ രമ എന്ന സത്യം ആശയക്കുഴപ്പത്തിലാക്കാന്‍ രണ്ട് അപരകളെ ഈ മണ്ഡലത്തില്‍ ഇറക്കിയിട്ടുണ്ട്. മറ്റൊരു കെ കെ രമ, ഒരു ടി പി രമ. ഈ അപരകളെ യഥാര്‍ഥ കെ കെ രമയെ വിഴുങ്ങാന്‍ ബാലറ്റ് പേപ്പറില്‍ നിയോഗിച്ചിരിക്കുകയാണ്. തന്നെ തിരിച്ചറിയുന്നതിനു പേരിനോടൊപ്പം കെ കെ രമ, ടി പി ഹൗസ് എന്ന് അവര്‍ക്ക് എഴുതിച്ചേര്‍ക്കേണ്ടിവന്നു.
വാടകക്കൊലയാളികളെ നിയോഗിച്ച് ടി പി ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ ചോദ്യചിഹ്നം ഇല്ലാതാക്കിയ പ്രബല ശക്തി തന്നെ സമ്മതിദായകരെ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രവര്‍ത്തിച്ചെന്നു വ്യക്തം. രണ്ടു വനിതകള്‍ ഇക്കാലമത്രയും നടന്ന കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിലും ഇതുപോലെ അപരകളായി പ്രത്യക്ഷപ്പെട്ട ചരിത്രമില്ല. ഈ വസ്തുത മണ്ഡലത്തിലെ ഗൂഢാലോചനയുടെ സാക്ഷ്യപത്രമാണ്.
പി സി ജോഷിയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന സിപിഎം പ്രസ്ഥാനത്തിന്റെ പ്രതിജ്ഞ മറന്നതിന്റെ ഇരയും തെളിവുമാണ് ടി പി ചന്ദ്രശേഖരന്‍. അനാഥമാക്കപ്പെട്ട ആ വീട്ടിലേക്ക് ഇന്നുവരെ വിഎസ് ഒഴിച്ചുള്ള സിപിഎമ്മിന്റെ ഒരു നേതാവും കടന്നുചെന്നില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനു പങ്കില്ലെന്നും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതു പാര്‍ട്ടി നയമല്ലെന്നും സംസ്ഥാന നേതൃത്വം മുതല്‍ കേന്ദ്ര നേതൃത്വം വരെ ആവര്‍ത്തിച്ച് ആണയിട്ടതാണ്. അതു ലംഘിച്ച് ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയതാണ്. പിന്നീടു സംഭവിച്ചതെന്താണെന്നു നേരിട്ടറിയുന്നവരാണ് വിശേഷിച്ചും വടകരയിലെ സമ്മതിദായകര്‍. അവരുടെ മുന്നിലാണ് സിപിഎമ്മും ടിപി വധത്തെ അപലപിക്കാനും അനുശോചനം രേഖപ്പെടുത്താനും അന്നു മുന്‍പന്തിയില്‍ നിന്ന എല്‍ഡിഎഫ് എംഎല്‍എയും ഇത്തവണ വോട്ട് ചോദിക്കുന്നത്.
യുഡിഎഫിനു വേണ്ടി ജനതാദള്‍ (എസ്) ആണ് ജനവിധി തേടുന്നത്. ടിപി വധം രാഷ്ട്രീയ ആയുധമാക്കുന്നതിനു മുന്‍നിന്ന അന്നത്തെ കെപിസിസി പ്രസിഡന്റാണ് ഇന്നത്തെ ആഭ്യന്തരമന്ത്രി. കേസന്വേഷണം വാടകക്കൊലയാളികളിലേക്കും സിപിഎം പ്രതികളിലേക്കും നീങ്ങിയപ്പോള്‍ ഉന്നതതലത്തില്‍ അത് ആസൂത്രണം ചെയ്ത സിപിഎം നേതാക്കളെ ഒഴിവാക്കാന്‍ ഇടപെട്ടത് മുഖ്യമന്ത്രിയും അന്നും ഇന്നും ആഭ്യന്തരമന്ത്രിസ്ഥാനത്തിരുന്നവരും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലെ ഉന്നതരുമാണ്. ഇതിനു വഴിതുറന്നു കൊടുത്തത് സിപിഎമ്മിനു വേണ്ടി ചെയ്ത ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.
എല്‍ഡിഎഫിനെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി സത്യത്തിനും നീതിക്കും ഇവിടെ വോട്ടു ചോദിക്കാന്‍ ബിജെപി മുന്നണി രംഗത്തുണ്ട്. കേരളം ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി മോദിയെക്കൊണ്ട് സിബിഐ അന്വേഷണം ഉറപ്പാക്കിക്കുമെന്ന് ഊറ്റംകൊണ്ടവര്‍. ഇതിനു വേണ്ടി ടി പി ചന്ദ്രശേഖരന്റെ വിധവ എന്ന നിലയില്‍ കെ കെ രമയെ വിളിച്ചു വരുത്തി നിവേദനം പോലും വാങ്ങിവച്ചു ബിജെപിയുടെ പുതിയ അധ്യക്ഷന്‍. പറഞ്ഞതു പോലെ പക്ഷേ, അവര്‍ വാക്കുപാലിച്ചില്ല.
കേരളത്തിലെ 139 നിയമസഭാ മണ്ഡലങ്ങളില്‍നിന്നും വ്യത്യസ്തമാണ് വടകര മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ വിഷയം. അസഹിഷ്ണുതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് ടി പി ഹൗസില്‍നിന്നുള്ള കെ കെ രമ. അവര്‍ നിയമസഭയില്‍ എത്തേണ്ടതു മാനവികതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരുടെ ആവശ്യമാണ്. അത് മൂന്നു മുന്നണികളുടെയും നേതൃത്വത്തിനു നല്‍കേണ്ട മുന്നറിയിപ്പു സന്ദേശമാണ്. പാര്‍ട്ടി, മുന്നണി പരിഗണനകള്‍, ആരു ഭരിക്കും ആരു പ്രതിപക്ഷത്തിരിക്കും എന്നതിനപ്പുറം രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ഇനിയും തുടരുന്നത് അവസാനിപ്പിക്കാന്‍ അത്തരമൊരു ജനവിധി അനിവാര്യമാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാക്കളെയും ഭര്‍ത്താവ് നഷ്ടപ്പെട്ട വിധവകളെയും സഹോദരന്മാര്‍ നഷ്ടപ്പെട്ട സഹോദരിമാരെയും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളെയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി സൃഷ്ടിക്കുന്ന അവസ്ഥ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍. അപൂര്‍ണമാക്കപ്പെട്ട നീതിയുടെ വഴി വെട്ടിത്തുറന്നു തടസ്സങ്ങളില്ലാതെ കേരളത്തില്‍ മുന്നോട്ടുകൊണ്ടുപോവാന്‍. രാഷ്ട്രീയത്തിലും ഭരണത്തിലും കോടതികളിലും വിശ്വാസം വീണ്ടെടുക്കാന്‍ വടകരയില്‍ വേറിട്ട ഒരു ചരിത്ര ജനവിധി അനിവാര്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss