|    Apr 27 Fri, 2018 6:38 am
FLASH NEWS
Home   >  Editpage  >  Readers edit  >  

ഒരു ‘മെയില്‍’ നഴ്‌സിന്റെ കഥ

Published : 22nd November 2015 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

രണ്ട് ബൈക്കുകളിലായി ഞങ്ങള്‍ അഞ്ചു പേര്‍. മുന്നില്‍ വിശാലമായ പറമ്പ്. ഇരുണ്ട പച്ചപ്പ്. അതിനു പിറകിലെ വഴിയില്‍ ചുവന്നു നീണ്ട മുടിയില്‍ തലോടി അവര്‍ കൈവീശി. ഞങ്ങള്‍ അടുത്തേക്കു ചെന്നു. പറമ്പിനപ്പുറത്തെ വീട്ടില്‍നിന്ന് ഒരു ചെറുപ്പക്കാരിയുടെ തല പുറത്തേക്കു നീണ്ടത് കണ്ടെങ്കിലും ശ്രദ്ധിച്ചതായി നടിച്ചില്ല. ചുവപ്പുമുടിക്കാരിയുടെ പിറകെ വീട്ടിലേക്കു നടന്നു.
”സുജി”- ചുവപ്പുമുടിക്കാരി പേരു പറഞ്ഞുകൊണ്ട് കൈതന്നു. ഞങ്ങളും കൈകൊടുത്തു. വരാന്തയിലെ ഇളംതിണ്ണയില്‍ ഞങ്ങളിരുന്നു. സുജി ഇരുന്നില്ല. മുന്‍വാതില്‍ ഇനിയും തുറന്നിട്ടില്ല. അകത്തുനിന്ന് വല്ലാത്തൊരു മുരള്‍ച്ച. അടഞ്ഞ വാതിലിലേക്കു ഞങ്ങള്‍ സൂക്ഷിച്ചുനോക്കി.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍നിന്നാണ് സുജിയെക്കുറിച്ച് അറിഞ്ഞത്. ‘ശരിയായ’ പേര് സുജിത് കുമാര്‍. മെയില്‍ നഴ്‌സ്. ട്രാന്‍സ്‌ജെന്ററാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ അവരെ ആത്മഹത്യയിലെത്തിച്ചിരിക്കുന്നു. അത്രയുമായിരുന്നു വിവരം. ഉഷ പോസ്റ്റ് ഇട്ടയാളെ വിളിച്ചന്വേഷിച്ചു. പിന്നെ എന്നെയും ഷാനവാസിനെയും റിജോയിയെയും സലാമിനെയും വിളിച്ചു. ഷാനവാസ് അന്വേഷിക്കാമെന്നേറ്റു. അങ്ങനെയാണ് ഇവിടെ എത്തിയത്.
തെറ്റിദ്ധരിക്കരുത്- സുജി വ്യാകുലപ്പെട്ടു. അകത്ത് നായ്ക്കളുണ്ട്. ആറെണ്ണം. ഒറ്റയ്ക്കു താമസിക്കുന്നതല്ലേ. അതാണ് വാതിലടച്ചത്. സുജി പറഞ്ഞുതുടങ്ങി. സുജിക്ക് വയസ്സ് നാല്‍പ്പത്തിയൊമ്പത്. ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കനായിരുന്നു. എങ്കിലും വീട്ടുകാര്‍ക്ക് പരാതിയാണ്, പ്രത്യേകിച്ച് അമ്മയ്ക്ക്. സുജിയുടെ രീതികള്‍ ഒരു പെണ്‍കുട്ടിയുടേതാണ്. പ്രീഡിഗ്രിക്കു ശേഷം നഴ്‌സിങിനു ചേര്‍ന്നു. നല്ലനിലയില്‍ പാസായി. ഒമാനില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലികിട്ടി. ആറാം കൊല്ലം മാനേജ്‌മെന്റ് വിളിപ്പിച്ചു. ഫിസിക്കല്‍ ചെക്കപ്പിനു ഹാജരാവണം. പരിശോധനാഫലം വന്നപ്പോള്‍ ആശുപത്രിക്കാര്‍ രാജി ആവശ്യപ്പെട്ടു. പിന്നെ നാട്ടിലേക്ക്. അടുത്ത ജോലി സൗദിയില്‍. അതിനിടയില്‍ നാട്ടില്‍ ലോണെടുത്ത് വീടുപണി തുടങ്ങിയിരുന്നു. നാലാം കൊല്ലം ഇവരും പഴയ ആവശ്യം ഉന്നയിച്ചു. ഫിസിക്കല്‍ ടെസ്റ്റിനു ഹാജരാവണം. പരിശോധനാഫലം വന്നപ്പോള്‍ അവര്‍ തുറന്നുപറഞ്ഞു. ആണും പെണ്ണും കെട്ടയാള്‍ക്ക് ജോലിയില്ല. 2005ലായിരുന്നു അത്.
പിന്നെ ഗള്‍ഫില്‍ പോയിട്ടില്ല. പാതി പണിത വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്കുവേണ്ടി പല ആശുപത്രിക്കാരെയും സമീപിച്ചു. എല്ലാവരും കൈമലര്‍ത്തി. ജന്മനാ ആണായതിനാല്‍ ഫീമെയില്‍ നഴ്‌സാക്കില്ല. ഇപ്പോള്‍ പെണ്ണായതിനാല്‍ മെയില്‍ നഴ്‌സുമാക്കില്ല. കൈയിലെ സമ്പാദ്യം തീര്‍ന്നപ്പോള്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നു. അതു പോയപ്പോള്‍ മറ്റൊന്ന്. ഒന്നിലും തുടരാനായില്ല. അനുവദിച്ചില്ലെന്നു പറയുന്നതാവും ശരി. വല്ലപ്പോഴും സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാന്‍ വരുന്ന കുട്ടികളായി ഏക വരുമാനമാര്‍ഗം. ജോലി പോയതോടെ ബാങ്കിലെ അടവു തെറ്റി. ജപ്തിനോട്ടീസ് വന്നു. അതിനിടയിലാണ് അമ്മയുടെ മരണം. മരിച്ചാലും വരരുതെന്നു പറഞ്ഞതിനാല്‍ കാണാന്‍ പോയില്ല. തൊട്ടടുത്ത കടക്കാരന്‍ കടംകൊടുക്കുന്നതിനാല്‍ പട്ടിണിയായില്ല. എന്നിട്ടും അയാള്‍ പനിപിടിച്ചു കിടന്ന രണ്ടാഴ്ച സുജിയും നായ്ക്കളും പട്ടിണികിടന്നു.
ജോലിയില്ലാതായതോടെ പുറത്തുപോക്കും കുറഞ്ഞു. അതിനു മറ്റൊരു കാരണവുമുണ്ട്. ഒരിക്കല്‍ സന്ധ്യക്ക് നടന്നുവരുമ്പോള്‍ വിജനമായ ഒരിടത്തുവച്ച് ഒരാള്‍ സുജിയെ കടന്നുപിടിച്ചു. മറ്റൊരാള്‍ വീടിന്റെ വാതിലുപൊളിച്ചാണു വന്നത്. തെരുവുനായ്ക്കള്‍ വീട്ടിലെ അന്തേവാസികളാവുന്നത് അന്നു മുതലാണ്.
ഇപ്പോള്‍ ഒരു ജോലി വേണം. ലോണ്‍ അടയ്ക്കണം. സുജിക്കും നായ്ക്കള്‍ക്കും ജീവിക്കണം. ഇന്ന് ചോറു കുറവാണെന്നു പറഞ്ഞ് അവറ്റയെ അടക്കിനിര്‍ത്തി മടുത്തു. ജപ്തിയെക്കുറിച്ച് ഓര്‍ത്താല്‍ ബലാല്‍സംഗത്തിനു ശ്രമിച്ച ആളാണ് മനസ്സില്‍. പുറത്തുപോയി ഒന്നു മൂത്രമൊഴിക്കാന്‍ പോലും കഴിയില്ല. ആണുങ്ങളുടെ മൂത്രപ്പുര ഉപയോഗിക്കാനാവില്ല. പെണ്ണുങ്ങളുടെ മൂത്രപ്പുരയില്‍ കയറാനും അനുവദിക്കില്ല. എന്തിനിങ്ങനെ ജീവിക്കുന്നെന്നാണ് സുജിയുടെ ചോദ്യം. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയോടും സുജി ഇതു ചോദിച്ചു.
കേരളത്തിലെ ഭിന്നലിംഗക്കാരുടെ പ്രതിനിധിയാണ് സുജി. നാം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ആയിരങ്ങളിലൊരാള്‍. ഭിന്നലിംഗത്തില്‍പ്പെട്ട 58 ശതമാനം കുട്ടികള്‍ 10ാംക്ലാസിനു മുമ്പ് സ്‌കൂള്‍ വിടുന്നുവെന്നാണ് കണക്ക്. സുജിയെപ്പോലെ ജോലി നിഷേധിക്കപ്പെടുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം ഇന്ത്യയിലാദ്യമായി ഒരു ഭിന്നലിംഗനയം (പ്രയോഗം എത്ര ശരിയാണെന്നത് ആലോചിക്കേണ്ടതുണ്ട്) പ്രഖ്യാപിച്ചത്. ബോധവല്‍ക്കരണമാണ് ഇതിന്റെ ആദ്യ പടി. ലിംഗതാല്‍പര്യമനുസരിച്ച് വസ്ത്രം ധരിക്കുന്നതിനും പെരുമാറുന്നതിനും നയം അനുമതി നല്‍കുന്നു. സര്‍ക്കാരിന്റെ നയംമാറ്റം നല്ലതു തന്നെ. പക്ഷേ, മാറ്റം വേണ്ടത് നമുക്കാണ്. ഇവരെ സഹജീവികളായി എണ്ണാന്‍ നമുക്കു കഴിയണം.
ഇടയ്‌ക്കൊക്കെ ഞങ്ങളുടെ അടുത്തേക്കും വരണമെന്നു പറഞ്ഞ് തിരിച്ചുപോരുമ്പോള്‍ സുജി പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്: ”എനിക്ക് ബോയ്‌സിനെ ഭയമാണ്.” സുജിയെ മാത്രമല്ല, എത്രപേരെ ഭയപ്പെടുത്തിയാണ് നാം ഈ ലോകത്ത് ജീവിച്ചുപോരുന്നതെന്ന് അപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss