|    Mar 28 Tue, 2017 12:03 am
FLASH NEWS

ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സ്വതന്ത്ര നിലപാടുമായി നിലകൊള്ളും

Published : 8th August 2016 | Posted By: SMR

ചരല്‍ക്കുന്ന്: യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ഒരു മുന്നണിയിലേക്കുമില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി. ഞങ്ങള്‍ ഒരിടത്തേക്കുമില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയേണ്ടതില്ല. എല്‍ഡിഎഫിലേക്കോ ബിജെപിയിലേക്കോ എന്‍ഡിഎയിലേക്കോ പോവില്ല. സ്വന്തമായി സ്വതന്ത്ര നിലപാടുമായി നിലകൊള്ളും. കേന്ദ്രത്തില്‍ യുപിഎയുമായി പ്രശ്‌നാധിഷ്ഠിതമായ സമീപനമാവും സ്വീകരിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുമെന്നും നേതൃക്യാംപിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു.
പലരും സ്വാഗതം ചെയ്യുന്നുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ എല്ലാവര്‍ക്കുമൊരു താല്‍പര്യം തോന്നുമെന്നായിരുന്നു ഹാസ്യരൂപേണയുള്ള മാണിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ്സിനെ എല്ലാവര്‍ക്കും താല്‍പര്യമുള്ളതിന് ഞാന്‍ എന്തുചെയ്യാനാണെന്നും മാണി ചോദിച്ചു. കേരളാ കോണ്‍ഗ്രസ്സിന് തുറന്ന ഭാവിയാണുള്ളത്. ജോറായിട്ട് പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങാന്‍ പോവുകയാണ്. സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് മുഴുവന്‍ ശ്രദ്ധയും ചെലുത്തി സജീവമാക്കാനാണു തീരുമാനം. മറ്റു കാര്യങ്ങളൊക്കെ 14ന് കോട്ടയത്തു ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിക്കും. ഭാവി സംഘടനാ പരിപാടികളും പ്രചാരണ കാംപയിനും ഈ യോഗത്തില്‍ പ്രഖ്യാപിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് നടപടിയെടുക്കും. സമരപരിപാടികളും ആവിഷ്‌കരിക്കും.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര നിലപാട് എടുക്കുകയാണ് നല്ലതെന്നാണു കരുതുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളെല്ലാം 14ലെ സംസ്ഥാന കമ്മിറ്റിയില്‍ ആവിഷ്‌കരിക്കും. മറ്റു ഘടകക്ഷികളുടെ നിലപാടും സമീപനവുമൊക്കെ ഇപ്പോള്‍ തിരക്കേണ്ട കാര്യമില്ലെന്നും വിനയപൂര്‍വം മനസാക്ഷി പ്രേരിപ്പിച്ചതനുസരിച്ച് പാര്‍ട്ടിക്ക് ഉത്തമമെന്നു കരുതുന്ന തീരുമാനമാണ് കൈക്കൊണ്ടതെന്നും മാണി പ്രതികരിച്ചു. തീരുമാനമെടുക്കാന്‍ വൈകിയോയെന്ന ചോദ്യത്തിന് മുമ്പും ഞങ്ങള്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഒരു നിവ്യത്തിയുമില്ലാതെ വന്നത് ഇപ്പോഴാണെന്നും മാണി പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പലതും പറയുമെന്നായിരുന്നു മറുപടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day