|    Nov 20 Mon, 2017 9:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒരു മാസത്തിനകം റഷ്യയെ പ്രതികരണമറിയിക്കുമെന്ന് യുഎസ്

Published : 8th August 2017 | Posted By: fsq

 

മനില: നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കണമെന്ന റഷ്യയുടെ ആവശ്യത്തില്‍ അടുത്തമാസം ഒന്നാംതിയ്യതിക്കു മുമ്പായി പ്രതികരണമറിയിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. യുഎസ് ഉപരോധ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ റഷ്യ ആവശ്യപ്പെട്ടത്. ഇതുപ്രകാരം റഷ്യയില്‍ നിയോഗിച്ച 700ലധികം നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് തിരിച്ചുവിളിക്കേണ്ടിവരും. സപ്തംബര്‍ ഒന്നിന്മുമ്പായി യുഎസ് ഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്നും റഷ്യയുടെ ഉത്തരവില്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് റഷ്യയിലെ നയതന്ത്ര കേന്ദ്രത്തിലെ ഉപകരണങ്ങള്‍ യുഎസ് നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ടില്ലേഴ്‌സണും ഫിലിപ്പീന്‍സിലെ മനിലയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ടില്ലേഴ്‌സണ്‍ പ്രതികരിച്ചു. റഷ്യയുടെ തിരിച്ചടികള്‍ സംബന്ധിച്ച് പാവ്‌ലോയോട് വിശദീകരണം തേടിയതായും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ടില്ലേഴ്‌സണ്‍ അറിയിച്ചു. ഈമാസം മൂന്നിനായിരുന്നു റഷ്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ക്ക് അനുമതി നല്‍കുന്ന ബില്ലിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയത്. യുഎസുമായി ചര്‍ച്ചയ്ക്ക് റഷ്യ സന്നദ്ധത പ്രകടിപ്പിച്ചതായി ടില്ലേഴ്‌സണ്‍ അറിയിച്ചു. യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്. ഈ പ്രശ്‌നങ്ങളുടെ പുറത്ത്് റഷ്യയുമായുള്ള ബന്ധം വെട്ടിമുറിക്കുന്നത് ഉപകാരപ്രദമായിരിക്കില്ലെന്നു ടില്ലേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഉക്രെയിനിലെ പ്രതിസന്ധി സംബന്ധിച്ചും യുഎസും റഷ്യയും ചര്‍ച്ച നടത്തും. ഉക്രെയിനില്‍ സൈന്യവും റഷ്യന്‍ പിന്തുണയുള്ള വിമതരും 2015ല്‍ സമാധാനകരാറിലെത്തിയിരുന്നെങ്കിലും പിന്നീട് പലതവണ ലംഘിക്കപ്പെട്ടിരുന്നു. റഷ്യയുമായി യോജിക്കാവുന്ന മേഖലകളിലെല്ലാം ഒരുമിച്ചുപോവാനാണ് തീരുമാനമെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത—തായി ടില്ലേഴ്‌സണ്‍ അറിയിച്ചെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഘര്‍ഷം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് യുഎസ് തയ്യാറാണെന്ന് കരുതുന്നതായി ലാവ്‌റോവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക