|    Aug 17 Thu, 2017 5:14 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍

Published : 15th November 2016 | Posted By: SMR

പയ്യന്നൂര്‍: ഒരു മാസം മുമ്പ് പയ്യന്നൂരില്‍നിന്നു കാണാതായ യുവതിയെ പുല്ലങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂരിലെ മുണ്ടയാട്ട് കുഞ്ഞികൃഷ്ണന്റെ മകള്‍ വിദ്യ(32)യുടെ മൃതദേഹമാണ് ഇതെന്ന് പോലിസ് പറഞ്ഞു. ബന്ധുക്കളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കുഞ്ഞിമംഗലം പുളിയങ്കോട് അങ്കണവാടിക്കു പിന്നിലെ പുഴയോരത്ത് മൃതദേഹം കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസെത്തി കരയ്‌ക്കെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൂര്‍ണമായും അഴുകിയ നിലയിലാണ്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നു മുതലാണ് വിദ്യയെ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ഭര്‍തൃവീട്ടില്‍നിന്നു കാണാതായത്. നാലുവയസ്സുള്ള മകള്‍ തസ്മയെ അങ്കണവാടിയില്‍നിന്നു കൂട്ടിവരാനെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതായിരുന്നു. മൊബൈല്‍ ഫോണ്‍ എടുത്തിരുന്നില്ല. പിതാവിന്റെയും ഭര്‍ത്താവ് സുരേഷ്ബാബുവിന്റെയും നേതൃത്വത്തില്‍ ബന്ധുക്കളും നാട്ടുകാരും പോലിസും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലിസിനു ലഭിച്ച സൂചനകള്‍വച്ച് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദിവസങ്ങളോളം അന്വേഷണം നടത്തി. വീട്ടിലേക്കു വന്ന ഫോണ്‍കോളിനെപ്പറ്റി സംശയം പ്രകടിപ്പിച്ചതിനാല്‍ അതേക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. കാണാതാവുമ്പോള്‍ താലിമാലയും വളയും മാത്രമാണ് വിദ്യയുടെ കൈവശമുണ്ടായത്. കുട്ടിയെ എടുക്കാന്‍ അങ്കണവാടിയില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റെയില്‍വേ ട്രാക്കിനരികില്‍ വിദ്യയെ കണ്ട സമീപത്തെ സ്‌കൂള്‍ ജീവനക്കാരിയോട് ബന്ധുവീട്ടില്‍ പോവുകയാണെന്നാണു പറഞ്ഞിരുന്നത്. വിദ്യയുടെ മൊബൈല്‍ ഫോണും പോലിസ് പരിശോധിച്ചെങ്കിലും വിവരങ്ങളൊന്നും കിട്ടിയില്ല.
തിരോധനത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിരുന്നു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക