|    Jan 23 Mon, 2017 10:43 pm

ഒരു മാപ്പിളഖലാസിയെ ഓര്‍ക്കുമ്പോള്‍

Published : 27th June 2016 | Posted By: SMR

slug-vettum-thiruthum”കേവലം 14 വയസ്സുള്ള ഒരു പയ്യന്‍ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കാനുള്ള അത്യാഗ്രഹത്താല്‍ സ്വന്തം നാടും വീടും വിട്ട് അലഞ്ഞുതിരിഞ്ഞ് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന കഥയാണിത്. ഈ കഥ എഴുതിയത് ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ഉദ്ദേശ്യത്തിലായിരുന്നില്ല. ജീവിതത്തില്‍ അനുഭവിച്ച കഷ്ടനഷ്ട ദുഃഖങ്ങള്‍ എന്റെ മക്കളും പേരമക്കളും വരുംതലമുറയില്‍പ്പെട്ടവരും മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു. അതായത് ഈ ഉപ്പ, ഉപ്പാപ്പ, മുത്തിപ്പാപ്പ ആരായിരുന്നു? അദ്ദേഹം ഇന്നത്തെ നിലയില്‍ എങ്ങനെയെത്തി? അദ്ദേഹം ഒരു കള്ളക്കടത്തുകാരനോ മറ്റോ ആയിരുന്നോ? ഈ സമ്പത്തിന്റെ പിന്നിലുള്ള കഥകള്‍ എന്താണ്? കഴിഞ്ഞവര്‍ഷത്തെ കൂലിപ്പണിക്കാരന്‍ ഈ വര്‍ഷം കോടീശ്വരനാവാന്‍ എങ്ങനെ പണം സമ്പാദിച്ചു? എങ്ങനെ പെട്ടെന്ന് കോടീശ്വരനായി? മുമ്പേ ഈ ഉപ്പാപ്പ ഈ ചുറ്റുപാടിലായിരുന്നോ? അതല്ല ഒരുറുപ്പിക പതിനഞ്ചണയ്ക്ക് കൂലിപ്പണി തുടങ്ങിയതു മുതലുള്ള അഗ്‌നിപരീക്ഷയുടെയും ത്യാഗത്തിന്റെയും കഷ്ടനേട്ടങ്ങളുടെയും കഥയാണോ ഇത്? അതെല്ലാം എഴുതാന്‍ തുടങ്ങി…”
സി എം മുസ്തഫ ഹാജി ചേലേമ്പ്രയുടെ ‘മാപ്പിളഖലാസി കഥ പറയുന്നു’ എന്ന മഹദ്ഗ്രന്ഥത്തില്‍ ഹാജി എഴുതിയ ആമുഖക്കുറിപ്പിന്റെ പ്രഥമ ഖണ്ഡികയാണ് മുകളിലുദ്ധരിച്ചത്.
ഈ വിശുദ്ധ റമദാനില്‍ വെള്ളിയാഴ്ചദിനം മുസ്തഫ ഹാജി ലോകത്തോടു വിട പറഞ്ഞു. ‘വെട്ടും തിരുത്തും’ അനുശോചനക്കുറിപ്പിനുള്ളതല്ല. എങ്കിലും പരിചയപ്പെടാന്‍ ഇടയായ ഒത്തിരി ഒത്തിരി മനുഷ്യരില്‍ ഇത്രയേറെ വ്യത്യസ്തതയുള്ള ഒരു നല്ല മനുഷ്യനെ ഇദ്ദേഹത്തെപ്പോലെ ഞാന്‍ കണ്ടിട്ടേയില്ല എന്നു കുറിക്കട്ടെ.
മുസ്തഫ ഹാജിയുടെ രാഷ്ട്രീയവിശ്വാസമോ സമ്പന്നന്‍ എന്ന മേല്‍വിലാസമോ എന്നെ തെല്ലും അദ്ദേഹത്തോട് അടുപ്പിക്കുന്നില്ല. പക്ഷേ, അനുഭവ കോളജില്‍ മാത്രം പഠിച്ച, വിദൂരവീക്ഷണങ്ങളുള്ള ഒരു സഹൃദയ സമ്പന്നന്‍ എന്നത് എന്നെ അദ്ദേഹവുമായി അടുപ്പിച്ചു. ‘വടം’ എന്ന പേരില്‍ ഞാനൊരു പ്രഫഷനല്‍ നാടകം എഴുതിയിരുന്നു. ഖലാസികളുടെ ജീവിതം പ്രതിപാദിച്ച നാടകം. അത്യന്തം നാടകീയമായി അതുമായി ബന്ധപ്പെട്ട ഓരോ നിമിഷവും വിവരിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ നൈപുണ്യം അദ്ഭുതാവഹമായിരുന്നു. ‘മാപ്പിളഖലാസി കഥ പറയുന്നു’ എന്ന ഗ്രന്ഥം അക്കാലം പണി പൂര്‍ത്തിയായിരുന്നില്ല. 2010 ഡിസംബറില്‍ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി വായിച്ച എനിക്ക് ഹാജിയോടുള്ള ആരാധനാമനോഭാവം ഇരട്ടിയിലേറെയായി. കാരണം, ആത്മകഥകള്‍ നമ്മെ ഓര്‍മിപ്പിക്കുകയോ വായിപ്പിക്കുകയോ ചെയ്യുന്നത് അതിലെ ‘ഞാന്‍’ എത്ര ശതമാനം വീമ്പിളക്കാതെ കാര്യമാത്രപ്രസക്തമായി സംസാരിച്ചു എന്നറിയുമ്പോഴാണല്ലോ. സി കേശവന്റെ ‘ജീവിതസമരം’, മഹാകവി പി കുഞ്ഞിരാമന്‍നായരുടെ ‘കവിയുടെ കാല്‍പ്പാടുകള്‍’, നാടകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ ‘ഞാന്‍’ തുടങ്ങിയ ജീവിതകഥകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിക്കുന്നത് നല്ല മലയാളം വായനക്കാരന് കൂടുതല്‍ കൂടുതല്‍ എത്തിപ്പിടിക്കാനുള്ള ‘വഹ’ അതിലുണ്ടാവുന്നതിനാലാണ്. മുസ്തഫ ഹാജിയുടെ ‘ആത്മകഥ’ വിവിധ കരങ്ങളിലൂടെ കടന്നാണ് ഇന്നത്തെ ഗ്രന്ഥരൂപമായതെങ്കിലും ഉള്ളടക്കത്തിലെ ‘വിജിഗീഷു’ വായനക്കാരനെ ആശ്ചര്യക്കടലില്‍ വീഴ്ത്തും. 2011ല്‍ ഇത്രയും മികച്ചൊരു ലളിതവായനയ്ക്കുപോലും നിര്‍ബന്ധമായ രചന പുറത്തുവന്നിട്ടും മലയാള സാഹിത്യത്തില്‍ ആരുമത് ചര്‍ച്ചചെയ്തില്ല എന്നത് ‘മലയാള സാഹിത്യ ചര്‍ച്ചാ മൊത്തവിതരണക്കമ്പനി’കളുടെ അല്‍പത്തത്തെ സൂചിപ്പിക്കുന്നു. ചില നുറുങ്ങ് പുസ്തകാഭിപ്രായങ്ങള്‍ക്ക് അവിടവിടെ അച്ചടിമഷി പുരണ്ടു എന്നല്ലാതെ പ്രസ്തുത ഗ്രന്ഥത്തിന്റെ ലളിതമലയാള ശൈലിയും നാടകീയാഖ്യാനവും ആരും അന്വേഷിച്ചില്ല. ആ ഗ്രന്ഥകാരന്‍ എവിടെയും പൊന്നാട സ്വീകരിക്കുമാറ് വരവേല്‍ക്കപ്പെട്ടില്ല.
ഇവ്വിധമൊരു നല്ല ഗ്രന്ഥം ചേലേമ്പ്രയിലൊരിടത്തുണ്ടെന്നറിഞ്ഞ് മണംപിടിച്ചു ചെന്ന ചിലരെ ഹാജി ഒഴിവാക്കിയിരുന്നു. എന്നിട്ടും, മികച്ചൊരു പ്രസാധനാലയത്തിലൂടെ വായനക്കാരന് കോപ്പി യഥേഷ്ടം ലഭിക്കുമാറ് ‘ഖലാസിയുടെ കഥ’ എത്തിപ്പെട്ടില്ല. പുസ്തകം ഇറക്കിയ കമ്പനി വഴിയില്‍ നിര്‍ത്തുകയും ചെയ്തു. മുസ്തഫ ഹാജി വിടവാങ്ങിയെങ്കിലും മുഖ്യധാരയിലൊരു പ്രസാധനവിഭാഗം ‘ഖലാസി’ അച്ചടിച്ചാല്‍ ഒരു മഹദ് ഗ്രന്ഥത്തെ നാലാളറിയുന്നിടത്ത് എത്തിച്ചുവെന്നു ഹാജിയുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വസിക്കാം. ഹാജിയുടെ ഒരു വിവരണം ശ്രദ്ധിക്കൂ. സ്വന്തം കല്യാണമാണ് വിഷയം: ”കാര്യം മുടങ്ങിയ വിവരം ഞാനും അറിഞ്ഞു. 21 വയസ്സു മുതല്‍ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഞാന്‍ മനസ്സില്‍ വച്ചു നടക്കുന്നതുമാണ്. വലിയ കുടുംബത്തിലെ പെണ്‍കുട്ടികള്‍ വരെ എന്നെ ഇഷ്ടപ്പെടുകയും കത്തുകളയക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഞാന്‍ ഒരു കത്തിനും മറുപടി കൊടുത്തിട്ടില്ല…” 1977 വരെയുള്ള അനുഭവങ്ങളാണ് ‘ഖലാസി’യിലുള്ളത്. തുടര്‍ച്ച ഇനി ഇല്ല. കാരണം, നല്ലൊരു നാളില്‍ ആ നല്ല മനുഷ്യന്‍ അല്ലാഹുവിലേക്കു യാത്രയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക