|    Apr 23 Sun, 2017 5:28 pm
FLASH NEWS

ഒരു മലപ്രഞ്ചിത്രം; മലപ്പുറത്ത് നിന്ന് വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് ഒരു ചിത്രം

Published : 10th August 2015 | Posted By: admin

”അന്റെ പെണ്ണിനെ ഓളെ ബാപ്പ പിടിച്ചോണ്ടുപോയപ്പഴാണോ ഗോട്‌സെ അര്‍ജന്റീനയ്‌ക്കെതിരേ ഗോളടിച്ചപ്പോഴാണോ അനക്കു കൂടുതല്‍ സങ്കടം തോന്നിയത്?” ഫുഡും ബോളും രക്തത്തിലലിഞ്ഞുചേര്‍ന്ന മലപ്പുറത്തുനിന്ന് ഇതാ വീണ്ടുമൊരു മാപ്പിളലഹള. മലപ്പുറം കത്തിയോ ബോംബോ ഒന്നുമില്ലാതെ ബിഗ്‌സ്‌ക്രീനിലെത്തിയ കെ.എല്‍. 10 പത്ത് എന്ന സിനിമ, കാഴ്ചയുടെ പുതുരുചി ഒരുക്കുന്നു. പുതുമയുള്ള കഥയൊന്നുമില്ല ഈ സിനിമയില്‍. ഒരു പ്രണയകഥ. അതൊരു റോഡ്മൂവി കണക്കെ സഞ്ചരിക്കുകയാണു മലപ്പുറത്തിന്റെ ഖല്‍ബകത്തൂടെ. അതില്‍ വിരിഞ്ഞ മുഹബ്ബത്തിനു വല്ലാത്ത ചന്തം. കഥപറഞ്ഞ രീതിയാണ് ഈ മലപ്പുറം ചെക്കന്‍മാരുടെ സിനിമയെ ഹിറ്റാക്കിയത്. മുഹ്‌സിന്‍ പെരാരി എന്ന സംവിധായകന്റെ ആഖ്യാനവൈഭവം. അതിന് രണ്ട് ലൈക്ക് കൊടുക്കാം. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനാണ് മനസ്സില്‍ വന്നത്. അതില്‍ പുണ്യാളനാണല്ലോ നരേറ്റര്‍. പുണ്യാളന്‍ അരിപ്രാഞ്ചിയോട് സംസാരിക്കുകയാണ്. ഇവിടെ കഥ പറയുന്നത് ജിന്നാണ്. അല്ലാഹു തീകൊണ്ട് സൃഷ്ടിച്ച അദ്ഭുതജീവി. ജിന്നിന് മനുഷ്യരെ കാണാം. മനുഷ്യവേഷത്തില്‍ വരാം. മലപ്പുറം ജില്ലയില്‍ അടുത്തകാലത്ത് കത്തിനിന്ന വിവാദവിഷയമായിരുന്നു ജിന്ന്. അതിനാല്‍ത്തന്നെയാണു മലപ്പുറം സ്ലാങിലെടുത്ത ഈ സിനിമയ്ക്കു ജിന്നിനെ നരേറ്ററായി സ്വീകരിച്ചതെന്നു സംവിധായകന്‍ മുഹ്‌സിന്‍ പെരാരി പറയുന്നു. പ്രണയം, ഫാന്റസി, മലബാറിന്റെ പ്രാദേശികസംസ്‌കാരം, അതിന്റെ മതപരവും രാഷ്ട്രീയപരവും ഭാഷാപരവുമായ വ്യതിരിക്തതകള്‍ എന്നിവയെ അടിസ്ഥാനമാക്കി എടുത്ത ഈ സിനിമയ്ക്ക് കേരളത്തിനു പുറത്തും നല്ല സ്വീകാര്യത ലഭിക്കുന്നതായി അദ്ദേഹം പറയുന്നു.

മലപ്പുറം സ്ലാങും സ്റ്റൈലും

‘മയ പെയ്ത് പുയ വെള്ളം… പുയവക്കത്തിരുന്നവര്‍ പയം പുയുങ്ങി’എന്ന പശ്ചാത്തലഗാനം ഹൃദ്യമാണ്. ഇതു മലപ്പുറത്തുകാരെ പരിഹസിക്കലല്ലേ എന്നു ചോദിക്കുന്നവരുണ്ടാവാം. എന്നാല്‍, അതിനു സംവിധായകനു മറുപടിയുണ്ട്. മയയുടെ പര്യായമാണ് മഴ! മുറുക്കമേറിയ തൃശൂര്‍ ഭാഷയുടെ തിമിര്‍പ്പായിരുന്നു പ്രാഞ്ചിയേട്ടനില്‍. രാജമാണിക്യം ഹിറ്റാക്കിയത് തിരോന്തരം സ്ലാങാണ്. സുരാജ് വെഞ്ഞാറമൂട് അതിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറിയപ്പോള്‍ ഇന്നസെന്റ് തൃശൂര്‍ സ്ലാങ് ജനകീയമാക്കി. മലബാറിലെ ‘കാക്ക’മാരുടെ ഭാഷ പറയാന്‍ മാമുക്കോയതന്നെ വേണം. അതിനാലാവണം ഇതില്‍ മാമുക്കോയക്ക് ശ്രദ്ധേയമായൊരു വേഷമുണ്ട്.ഫുട്‌ബോള്‍ കളിക്കാരനും ഇത്തിരി ഫിലോസഫി പയറ്റുന്ന അറബിക് കോളജ് വിദ്യാര്‍ഥിയുമായ അഹ്മദി (ഉണ്ണി മുകുന്ദന്‍)ന്റെയും ആര്‍കിടെക്റ്റ് ആയ ശാദിയ(ചാന്ദ്‌നി ശ്രീധര്‍)യുടെയും രജിസ്റ്റര്‍ മാര്യേജ് ആണ് കഥയുടെ ത്രഡ്. വിവരമറിഞ്ഞ് അഹ്മദിനെ പിടിക്കാന്‍ പുറപ്പെടുകയാണ് അവന്റെ ജ്യേഷ്ഠന്‍ അജ്മലും സുഹൃത്തുക്കളും. മല്ലുസിങിലൂടെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന് പിടിവള്ളിയായി ഈ സിനിമ. അജു വര്‍ഗീസിന് സ്ഥിരം കോമഡി വേഷം. എങ്കിലും മലപ്പുറത്തുകാരനായ ഫൈസലാക്ക ഒന്നു വേറെയാണ്. പ്രണയത്തേക്കാള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത് ഫുട്‌ബോള്‍ തന്നെ. ശാദിയക്ക് നായകനോട് ഇശ്ഖ് തോന്നുന്നതും അവന്റെ പന്തടക്കം കണ്ടാണല്ലോ. പിന്നെ വില്ലടിച്ചാന്‍പാട്ടിലെന്നപോലെ രാഷ്ട്രീയവും കൈകാര്യംചെയ്യുന്നു. ‘പറയുമ്പൊ നമ്മള്‍ കണ്ണൂര്‍ക്കാര്‍ വെട്ടിന്റെയും കുത്തിന്റെയും ആള്‍ക്കാര്‍. പക്ഷേ, ഒരു കാര്യം വരുമ്പൊ ഓര്‍ക്ക് നമ്മളെ വേണം’ എന്ന ഡയലോഗില്‍ എല്ലാമുണ്ട്. അതിനാല്‍ തന്നെ കണ്ണൂരുകാരനും സിനിമ ഇഷ്ടപ്പെടും. സെക്‌സ്, വയലന്‍സ്, തലയ്ക്കുപിടിച്ച പ്രേമം ഇതൊന്നുമില്ലാതെ മനോഹരമായി സിനിമ ചെയ്യാമെന്നു മലയാള സംവിധായകര്‍ ഇനിയെങ്കിലും മനസ്സിലാക്കുക. ഇവിടെ പ്രണയം പരിശുദ്ധമാണ്. സൂഫീ സംഗീതത്തിന്റെ പരിശുദ്ധിയുള്ളത്. മരംചുറ്റി പ്രേമത്തിനു പകരം കാറില്‍ ചുറ്റുകയാണു നായകനും നായികയും. തന്റേടമുള്ള ഒരു മൊഞ്ചത്തിക്കുട്ടിയോട് ഒരു ചെറുപ്പക്കാരനുണ്ടാവുന്ന പ്രണയം. അതിനെ ഇശ്ഖ് എന്നു വിളിക്കാം. കാരണം മുഹബ്ബത്ത് മാംസനിബദ്ധമാണല്ലോ.  

lastഹലാക്കിന്റെ അവിലും കഞ്ഞി

മലപ്പുറത്തിന്റെ മദ്ഹ് പറയുന്നതിനിടെ അവരെ മോശമാക്കുന്ന ഒരു കാര്യവും കെ.എല്‍. 10 പത്ത് ചെയ്തു. ഇവിടെയും മാപ്പിളമാരെ തീറ്റപ്രിയരായി ചിത്രീകരിക്കുകയാണ്. അഹ്മദിന്റെ കൂട്ടുകാര്‍ ഭക്ഷണപ്രിയരാണ്. കോഴിക്കോട്ടെ കുലുക്കി സര്‍ബത്ത് വരെ അവര്‍ അകത്താക്കുന്നു. ഒരുപക്ഷേ, ഐറണിയാവാം സംവിധായകന്‍ ഉദ്ദേശിച്ചത്. അവരുടെ യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. ചിരിക്ക് വകനല്‍കുന്ന രംഗങ്ങളുണ്ടാവുന്നതും ഇതിലൂടെയാണ്. എന്നാല്‍, പണം എത്ര ഉണ്ടായിട്ടും ഏതു നേരവും അവിലും പഴവും കുഴച്ചുതിന്നു മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന സുയ്പ്പന്‍ ഹാജിമാരാണ് മലപ്പുറത്തുകാരെന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചേക്കാമെങ്കിലും പാടില്ലായിരുന്നു. മലപ്പുറത്തുകാര്‍ മൊഞ്ചുള്ള പെണ്ണിനെ മണ്യംകുളം ചന്തയിലെ മൂരിയോടുപമിക്കാറില്ല എന്നു സിനിമ ഒരുക്കിയവര്‍ മനസ്സിലാക്കണം. കാര്യങ്ങളെ കൂളായി നേരിടുന്ന മലപ്പുറം സ്റ്റൈലും സിനിമയിലുണ്ട് ചെക്കനെ പോലിസ് പിടിച്ചിട്ടും കാക്കമാര്‍ പന്തുകളി കാണുന്ന ലഹരിയിലാണ്. മകന്‍ വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റര്‍ വിവാഹം ചെയ്തതറിഞ്ഞിട്ടും അവര്‍ക്ക് കുലുക്കമില്ല. ഇതും കുറച്ച് ഓവറായ പോലെ തോന്നി. ഒരാണും പെണ്ണും തനിച്ചായാല്‍ അവിടെ മൂന്നാമതെത്തുന്നത് പിശാചാണ് എന്ന് ഉസ്താദ് പറയുമ്പോള്‍ ജിന്ന് അപ്രത്യക്ഷമാവുന്നു. ഇബ്‌ലീസ് ജിന്നുകളില്‍പ്പെട്ടയാളാണല്ലോ! ജിന്ന് തൊട്ടാല്‍ വുളു മുറിയുമോ പോലുള്ള ഉപരിപ്ലവചര്‍ച്ചകളില്‍ രമിക്കുന്ന മതപൗരോഹിത്യത്തെയും കളിയാക്കുന്നുണ്ട് സംവിധായകന്‍. യാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്ന                            ഇത്തരം രംഗങ്ങള്‍ സിനിമയ്ക്കു ഗുണകരമായിട്ടുണ്ടാവും. മലപ്പുറത്തെയും മാപ്പിളമാരുടെ സംസ്‌കാരത്തെയും മലയാള സിനിമ എങ്ങനെ അപരവല്‍ക്കരിച്ചുവോ അതിനെ ചെറിയതോതില്‍ പൊളിച്ചടുക്കിയിരിക്കുന്നു പെരാരിയുടെ സിനിമ. ബോംബും തോക്കും മലപ്പുറം കത്തിയുമായി വില്ലന്‍മാരായി കഴിയേണ്ടവരല്ല മാപ്പിളമാര്‍. മലബാറിന്റെ നന്‍മ സംഗീതത്തിലും കാണാം. ബീഫ്, വിബ്ജിയോര്‍ ഫെസ്റ്റിലെ ഫാഷിസ്റ്റ് ഇടപെടല്‍, വ്യക്തിസ്വാതന്ത്ര്യം തുടങ്ങി സമകാലിക വിഷയങ്ങളില്‍ ശക്തമായ ഇട                    പെടലാണ് മുഹ്‌സിന്‍ നടത്തിയിരിക്കുന്നത്. അതിനു പിന്തുണ നല്‍കിയ ലാല്‍ജോസിനെ അഭിനന്ദിക്കണം. വമ്പന്‍മാര്‍ മുഖംതിരിച്ചപ്പോള്‍ എല്‍.ജെ. ഫിലിംസാണ് ഈ സിനിമ വിതരണത്തിനെടുക്കാന്‍ ധൈര്യംകാണിച്ചത്. അരയില്‍ പച്ച ബെല്‍റ്റ് കെട്ടിയ മലപ്പുറം കാക്കമാരായിരുന്നു അടുത്തകാലംവരെ മലയാള സിനിമയില്‍.  അവരുടെ കാലം കഴിഞ്ഞപ്പോഴും മലപ്പുറം കത്തിയും ബോംബ് നിര്‍മാണവും മതവെറിയും സിനിമയിലും സാഹിത്യത്തിലുമായി മലപ്പുറത്തുകാര്‍ ജീവിച്ചു. അതു തിരുത്താന്‍ ഈ സിനിമ സഹായകമായേക്കും. മലപ്പുറത്തെ പുതുതലമുറയുടെ നന്‍മ കണ്ടറിയാന്‍ ഇതുപകരിക്കും. ആറാംതമ്പുരാനില്‍ ‘ബോംബാണെങ്കില്‍ മലപ്പുറത്ത് നിന്ന് കിട്ടും’ എന്ന് ലാലിന്റെ കഥാപാത്രം പറയുമ്പോള്‍ കൈയടിച്ച് വിജയിപ്പിച്ച നിഷ്‌കളങ്കരാണ് മലപ്പുറത്തുകാര്‍. മുഹ്‌സിന്‍ തന്നെ ആവിഷ്‌കരിച്ചിട്ടുള്ള നേറ്റീവ് ബാപ്പ എന്ന വീഡിയോ ആല്‍ബത്തിന്റെ എക്സ്റ്റന്‍ഷന്‍ ആണ് കെ.എല്‍.10 പത്ത് എന്ന് പറയുന്നതില്‍ തെറ്റില്ല. മലപ്പുറത്തിന്റെ ചായമക്കാനികളില്‍ പതിറ്റാണ്ടുകളായി മുഴങ്ങുന്ന മാപ്പിളസംഗീതവും മൂളിപ്പാട്ടുകളുമൊക്കെയാണു സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ലാസ്റ്റ് സപ്പര്‍, അഞ്ചു സുന്ദരികള്‍ എന്നിവയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള മുഹ്‌സിന്റെ ബിഗ് സ്‌ക്രീന്‍ പ്രവേശം ഇത്തിരി നേരത്തെയായോ എന്ന ആശങ്ക ഇല്ലാതാക്കുന്നു കെ.എല്‍. 10 പത്ത്.                        

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day