|    Jan 20 Fri, 2017 9:38 pm
FLASH NEWS

ഒരു ഭിന്നയാത്ര

Published : 29th February 2016 | Posted By: swapna en

മുഹമ്മദ് സാബിത്
കാഴ്ചശേഷിയില്ലാത്ത കോളജ് അധ്യാപകന്റെ കൈപിടിച്ചു നടക്കുന്ന ബിസിനസ് എക്‌സിക്യൂട്ടീവ്, നടക്കാന്‍ സാധിക്കാത്ത കച്ചവടക്കാരന്റെ വീല്‍ചെയര്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ബധിരയായ സാമൂഹികപ്രവര്‍ത്തകയ്ക്ക് ആംഗ്യഭാഷയില്‍ കാഴ്ചകള്‍ വിവരിച്ചു കൊടുക്കുന്ന വിദ്യാര്‍ഥി… ഡല്‍ഹിയിലെ ഒരു യാത്രാസംഘം അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെ മറ്റു സഞ്ചാരികള്‍ക്ക് സ്വയം ഒരു കാഴ്ചയായി മാറുകയായിരുന്നു.
കഴിഞ്ഞ മാസം അവസാന വാരാന്ത്യത്തില്‍ ഡല്‍ഹി ആസ്ഥാനമായുള്ള പ്ലാനെറ്റ് ഏബിള്‍ഡ് എന്ന സര്‍ക്കാരിതര സംഘടനയാണ് ഈ വിനോദയാത്ര സംഘടിപ്പിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആര്‍ക്കും പങ്കെടുക്കാവുന്ന യാത്രയ്ക്ക് ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ: യാത്രികര്‍ ഏതെങ്കിലും തരത്തില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരായിരിക്കണം.
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി യാത്രകളും വിനോദസഞ്ചാരങ്ങളും സംഘടിപ്പിക്കുക എന്ന തന്റെ മനസ്സില്‍ വന്ന ആശയമാണ് പ്ലാനെറ്റ് ഏബിള്‍ഡ് എന്ന് ഇതിന്റെ സ്ഥാപക നേഹ അറോറ. ഇത്തരത്തിലുള്ള ആദ്യയാത്രയായിരുന്നു അത്. നേഹയുടെ കുടുംബം യാത്ര ഇഷ്ടപ്പെടുന്നവരും യാത്ര         ചെയ്യുന്നവരുമാണ്. എന്നാല്‍, കാഴ്ചശേഷിയില്ലാത്ത അച്ഛനെയും പോളിയോ ബാധിച്ച അമ്മയെയും കൊണ്ട് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ പല വെല്ലുവിളികളും നേരിടേണ്ടിവന്നു. അത്തരം അനുഭവങ്ങളാണ് പ്ലാനെറ്റ് ഏബിള്‍ഡിലേക്ക് തന്നെ നയിച്ചതെന്ന്, നേഹ പറയുന്നു.
അന്ധര്‍, നടക്കാന്‍ സാധിക്കാത്തവര്‍, സംസാരത്തിലും കേള്‍വിക്കും ബുദ്ധിമുട്ട് നേരിടുന്നവര്‍ തുടങ്ങി വ്യത്യസ്തമായ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ വിനോദയാത്രയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഡല്‍ഹിക്കു പുറമെ, മുംബൈ, ലഖ്‌നോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും യാത്രികരെത്തി. ഇത്തരമൊരു കൂടിച്ചേരല്‍ ആവേശകരമായിരുന്നുവെന്ന് സംഘാടകരും യാത്രികരും ഒരുപോലെ പറയുന്നു. ഡല്‍ഹിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കുത്തബ് മിനാറിലും തബ്മിനാറിലും മെഹ്രോളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലേക്കുമായിരുന്നു യാത്ര സംഘടിപ്പിച്ചത്.
വളരെ പതുക്കെയായിരുന്നു യാത്ര മുന്നേറിയത്. കണ്ണ് കാണാത്തവര്‍ക്ക് കടന്നുപോവുന്ന സ്ഥലങ്ങളുടെ പ്രകൃതിയും പ്രാധാന്യവും വിവരിച്ചു കൊടുത്തും സ്മാരകങ്ങളെ തൊട്ടനുഭവിക്കാന്‍ അവസരം നല്‍കിയും യാത്ര മുന്നോട്ട് നീങ്ങി. കൂടാതെ വീല്‍ചെയറില്‍ സഞ്ചരിച്ചവരെ കൂടി പരിഗണിച്ചപ്പോള്‍ വേഗം വീണ്ടും കുറഞ്ഞു. പങ്കെടുത്തവരില്‍ ചിലര്‍ പിന്നീട് അഭിപ്രായപ്പെട്ടതുപോലെ ക്ഷമയെക്കുറിച്ചുള്ള പാഠങ്ങള്‍ കൂടി നല്‍കുന്നതായിരുന്നു യാത്ര. വരുംമാസങ്ങളില്‍ ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സമാനമായ വിനോദസഞ്ചാരങ്ങളും മറ്റും സംഘടിപ്പിക്കാന്‍ പ്ലാനെറ്റ് ഏബിള്‍ഡിന് പദ്ധതിയുണ്ടെന്നു നേഹ പറഞ്ഞു.
ശാരീരിക വെല്ലുവിളി നേരിടുന്ന സ്ഥലക്കച്ചവടക്കാരനായ അമിത് കാണ്‍പൂരില്‍ നിന്നാണ് യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ ഇദ്ദേഹത്തിന്, യാത്രയില്‍ പങ്കെടുത്ത മറ്റു പലരെയും പോലെ, വീട്ടില്‍ നിന്ന് ഒരാളെ സഹായിയായി കൊണ്ടുവരാനായില്ല. ഇതുപക്ഷേ, അമിതിന്റെ ആവേശത്തെ തെല്ലും കുറച്ചില്ല. ‘യാത്ര ചെയ്യണം. പുതിയ ആളുകളെ കാണണം. അവരുടെ ജീവിതമറിയണം. അതിലൂടെ സ്വന്തം ജീവിതത്തിന് പുതിയ ഊര്‍ജം ലഭിക്കും’- യാത്രയ്ക്കു ശേഷം അമിത് തന്റെ മനസ്സു തുറന്നു.
ഡല്‍ഹിയിലെ പൈതൃക കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹെറിറ്റേജ് നടത്തത്തില്‍ പങ്കെടുക്കാനെത്തിയ മറ്റൊരാള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ റിതേഷ് ആയിരുന്നു. ഗവേഷണ വിദ്യാര്‍ഥി കൂടിയായ, കാഴ്ചശേഷിയില്ലാത്ത ഈ ഇരുപത്തിയേഴുകാരന്‍ യാത്രയില്‍ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. യാത്രയില്‍ കാഴ്ചകള്‍ വിവരിക്കുന്ന ഗൈഡിന് റിതേഷിലെ കര്‍ക്കശക്കാരനായ ചരിത്രവിദ്യാര്‍ഥി വലിയ വെല്ലുവിളി ഉയര്‍ത്തി. ഇന്ത്യയുടെ ചരിത്രത്തെയും അതിന്റെ ബഹുസ്വരതയെയും ആവേശത്തോടെ മനസ്സിലാക്കുന്ന റിതേഷിന് ഗൈഡിന്റെ ചിലപ്പോഴെങ്കിലുമുള്ള മുഗള്‍വിരുദ്ധ പരാമര്‍ശങ്ങള്‍ അസഹനീയമായിരുന്നു. ചരിത്രത്തെ കുറിച്ച് മാത്രമല്ല, ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചും റിതേഷിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.
യാത്രയില്‍ പങ്കെടുത്തവരെപ്പോലെ വോളന്റിയര്‍മാരിലും വൈവിധ്യമേറെയുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഈ സംരംഭവുമായി സഹകരിക്കാന്‍ തയ്യാറായി വന്നത്. പലരും നേഹയുടെ സുഹൃദ്‌വലയത്തില്‍ ഉള്ളവര്‍ തന്നെ. വോളന്റിയര്‍മാര്‍ക്കും തങ്ങള്‍ ഇതുവരെ ആസ്വദിക്കാത്ത തരത്തിലുള്ള ഒരു അനുഭവമായി പ്ലാനെറ്റ് ഏബിള്‍ഡ് യാത്ര. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ചന്ദ്രയോഗ്, മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍പ്രീത് സിങ്, വിദ്യാര്‍ഥിയായ അസിം തുടങ്ങി യാത്രയില്‍ വോളന്റിയര്‍മാരായി പങ്കെടുത്ത ഓരോരുത്തരും യാത്രയിലെ തങ്ങളുടെ അനുഭവം ആസ്വദിക്കുകയായിരുന്നു.  ഹ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക