|    Apr 23 Mon, 2018 7:21 pm
FLASH NEWS
Home   >  Todays Paper  >  azchavattam  >  

ഒരു ബസ് യാത്രക്കാരന്റെ ചിന്തകള്‍

Published : 10th November 2015 | Posted By: G.A.G

BUS-YATHRA

കഥ/ എ എസ് മുഹമ്മദ്കുഞ്ഞി

ബസ്സിതാ ഇപ്പോഴിങ്ങെത്തും എന്ന മട്ടിലുള്ള ഈ കാത്തിരിപ്പ് അയാള്‍ക്കു മടുത്തുകഴിഞ്ഞു. ഇതു തുടങ്ങിയിട്ട് ഏറെ നാളുകളൊന്നുമായിട്ടില്ല. ഈ വടക്കന്‍ ഇടത്തേക്കു മാറ്റംകിട്ടി വന്നതോടെയാണത്. ഓഫിസിനടുത്തെങ്ങാനും  ഒരു വീട് കിട്ടുമോന്നു ശ്രമം നടത്തിനോക്കി. ബ്രോക്കര്‍മാരൊക്കെ ഇനി മാര്‍ച്ച് കഴിഞ്ഞിട്ട് നോക്കിയാല്‍ മതിയെന്നു പറഞ്ഞ് കൈയൊഴിഞ്ഞതോടെയാണു ജോലിസ്ഥലത്തു നിന്ന് അല്‍പ്പം ദൂരെ മാറിയുള്ള ഇതിന് ഓക്കെ പറഞ്ഞത്. ദിവസത്തില്‍ രണ്ടു പ്രാവശ്യം ബസ്സില്‍ യാത്രചെയ്യണമെന്ന് അറിഞ്ഞിട്ടും സമ്മതിക്കുകയല്ലാതെ തരമുണ്ടായിരുന്നില്ല. ആകെ പ്രശ്‌നവും ഈ ബസ്‌യാത്ര തന്നെ. മനം മടുപ്പിക്കുന്ന ഒരേ ബസ്. അതിന്റെ ഇഴഞ്ഞുള്ള യാത്ര. കുറേ സ്ഥിരം യാത്രക്കാര്‍. അവരുടെ വളിപ്പന്‍ തമാശകള്‍. ഒരേ ബസ് സ്റ്റോപ്. അവിടെ നിത്യവും ആ സമയത്തു കാണുന്ന ഒരേതരം മുഖങ്ങള്‍. ഏതോ പാരലല്‍ കോളജ് വിട്ട് വരുന്ന കുറേ പെണ്‍കുട്ടികള്‍. എന്നും അവിടെ അവരുടെ ആവര്‍ത്തനവിരസമായ കമന്റുകള്‍, ചിരികള്‍. ഒളിഞ്ഞുനോട്ടങ്ങള്‍. അതു ചിലപ്പോള്‍ അയാളുടെ നേരെയും നീളും. അയാളവരെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനാവും. മാനസികവും ശാരീരികവുമായ ഒരുമാതിരി പീഡനങ്ങള്‍ക്കിടയില്‍ നട്ടംതിരിയുന്ന ആയാള്‍ക്കുണ്ടോ അതിനൊക്കെ നേരം! അല്ലെങ്കിലും അതെങ്ങനെ അവരറിയാന്‍..!
ഇതാ നോക്കൂ. ഇനിയും ബസ് വന്നില്ല. ഒരുപക്ഷേ, ഇന്നലത്തെ അവസ്ഥ വന്നാലോ എന്ന ചിന്ത അയാളെ നടുക്കി. കാത്തുകാത്തിരുന്ന് അവസാനം ബസ്സിന്റെ തലക്കൊടി കണ്ട് ആശ്വാസം കൊള്ളുമ്പോഴാണ് അതു നിര്‍ത്താതെ ബുറു.. ബുറൂ.. പോയത്. എന്തൊരു ഈര്‍ഷ്യയും നിരാശയുമാണ് അപ്പോളയാളിലുണര്‍ന്നത്! ജീവിതത്തോടു തന്നെയും പിന്നെ കാല്‍ക്കീഴിലെ മണല്‍ത്തരികളോടുപോലും… അതു ശമിച്ചത് അവസാനം രാത്രി അവളോടല്‍പ്പം കയര്‍ത്തതോടെയാണ്.
അവളുണ്ടോ വിടുന്നു? നിങ്ങളുടെ കഴിവുകേടല്ലെ മനുഷ്യാ… ഈ അടിക്കടിയുണ്ടാവുന്ന സ്ഥലംമാറ്റം? സ്ഥാപനത്തിന് കളങ്കംവരുത്തുന്ന വല്ല കൊള്ളരുതായ്മയും നിങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചിരിക്കണം. അല്ലെങ്കില്‍ ഉന്നതസ്ഥാനങ്ങളില്‍ നിങ്ങള്‍ക്കുള്ള പിടിപാടിന്റെ കുറവ്…
അപ്പോള്‍, അതാവും ഈ സ്ഥലംമാറ്റങ്ങള്‍ക്കു കാരണമെന്ന് അവള്‍ ധരിച്ചു വശായിരിക്കുന്നു. അതിനു മരുന്നില്ല..
മോളെ, കൈക്കൂലിയും കാലുപിടിത്തവും ശുപാര്‍ശയും ഇഷ്ടപ്പെടാത്ത
ഒരു ഭര്‍ത്താവ്, അതു നീയൊരു അഭിമാനമായി എടുക്കേണ്ടതായിരുന്നു, ഉന്നതങ്ങളില്‍ സ്വാധീനക്കുറവ്  അതുകൊണ്ടാണെന്നു നീ മനസ്സിലാക്കിയിരിക്കണമായിരുന്നു. പറഞ്ഞുനോക്കി. പക്ഷേ,
ഫലിച്ചില്ല.
സരിതേ.. നീയെന്താ കരുതിയേ? ഞാന്‍ ഉന്നതങ്ങളില്‍ പോയി പാദസേവ വേണമെന്നോ? അത് നിന്റെ അച്ഛനില്ലെ, ഞാന്‍ ബഹുമാനപൂര്‍വം പറയട്ടെ, ആ ശേഖരന്‍ പിള്ള. അയാള്‍ക്കു പറ്റിയ പണിയാ അത്. എങ്ങനെയെങ്കിലും നാലുകാശുണ്ടാക്കണം. അതില്‍ക്കവിഞ്ഞ വല്ല ചിന്തയുമുണ്ടോ ആ മനുഷ്യന്? അയാള്‍ വളര്‍ത്തിയതല്ലെ… പിന്നെങ്ങനെ നിനക്കുണ്ടാവാന്‍! അല്‍പം കടുപ്പത്തിലായിപ്പോയോ എന്ന ശങ്ക വന്നു. അപ്പോള്‍ അപ്പുറത്തുനിന്നു കരച്ചിലായി. മൂക്ക് പിഴിച്ചിലായി. അതവസാനിച്ചതു കിടക്കയില്‍ വച്ചായിരുന്നു. രാവിലെ എല്ലാം പതിവുപോലെ… നോര്‍മല്‍…
അതാ ബസ് വരുന്നു… അതിന്റെ വരവുതന്നെ വല്ലാത്ത അരിശംവരുത്തുന്ന രീതിയിലാണ്. ഇന്നും നിര്‍ത്താതെ പോയ്ക്കളയരുതേയെന്ന പ്രാര്‍ഥനയോടെ കൈകൂപ്പിക്കൊണ്ട് അയാളല്‍പ്പം മുമ്പോട്ടുചെന്ന് പാതയിലേക്കിറങ്ങി നിന്നു. ഭാഗ്യത്തിന് ബസ് സ്റ്റോപ്പിന് മുമ്പില്‍ വന്നു നിന്നു. അയാള്‍ മുമ്പില്‍ നില്‍ക്കുന്നവരെ തള്ളി അകത്തുകയറി. ഇരിപ്പിടങ്ങള്‍ മുഴുവനും നേരത്തെ കയറിയ- യാത്രക്കാരുടെ ഒരു മുന്‍തലമുറ കരസ്ഥമാക്കിയിരിക്കുന്നു. ബസ് ഒരു കുലുക്കത്തോടെ പതുക്കെ നീങ്ങി. അയാള്‍ ഒരു കൈ കമ്പിയില്‍ പിടിച്ചു മറ്റേ കൈയിലെ വാച്ചില്‍ സമയം നോക്കി. പതിവിലും 10 മിനിറ്റ് വൈകിയാണിപ്പോള്‍ ബസ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്കു മനസ്സിലായി. അത് ഓടിത്തുടങ്ങി ഗിയറൊന്ന് മാറ്റിയിട്ടപ്പോഴേയ്ക്കും മറ്റൊരു സ്റ്റോപ്പ് എത്തി. കുറച്ചാളുകള്‍, സ്ത്രീകളും കുട്ടികളുമടക്കം ഇറങ്ങി. രണ്ടു പേര്‍ കയറി. വീണ്ടും ഒരു ഞരക്കത്തോടെ മുന്നോട്ട്. ആതാ ഒരു സ്റ്റോപ്പ് കൂടി… അയാള്‍ പ്രാകിക്കൊണ്ട് കണ്ടക്ടര്‍ക്കു കാശുകൊടുത്തു. അപ്പോഴേക്കും ബസ് വിട്ട് മറ്റൊരു സ്റ്റോപ്പിലെത്തി നിര്‍ത്തിയിരിക്കുന്നു. അതാ ബസ് ചലിച്ചു. വീണ്ടും നീങ്ങിത്തുടങ്ങുമ്പോഴേക്കും പിന്നെയും സ്റ്റോപ്പെത്തി. അതുകഴിഞ്ഞ് മറ്റൊരു സ്റ്റോപ്പിലാണ് ബസ്സിപ്പോള്‍. കണ്ടക്ടര്‍ ഒരു റൗണ്ട് കഴിഞ്ഞ് വീണ്ടും അയാളുടെയടുത്തെത്തി.
അല്ലാ ഇതെന്തുമാത്രം സ്റ്റോപ്പുകളാണിവിടെ? അയാള്‍ ചോദിച്ചു.
സ്റ്റോപ്പ് തന്ന്യാ… അതെന്താ മാഷെ, അല്‍പം വൈകിയെന്നുവച്ച് സ്റ്റോപ്പീന്ന് ആളെയെടുക്കാണ്ട് പോവാന്‍ പറ്റ്വോ? -കണ്ടക്ടര്‍. അയാളുടെ മുഖത്തിനു നേരെ കൈ വിരല്‍ ചൂണ്ടി കുള്ളനായ അവന്‍ ചോദിച്ചു. ഇപ്പോ… ഇങ്ങള് നിക്ക്‌ന്നെ സ്റ്റോപ്പി നിര്‍ത്തീല്ലാച്ചാ ഇങ്ങക്കെത്ര ദേഷ്യം   വരും?  യാത്രക്കാരില്‍ പലരും ചിരിച്ചു.  അതങ്ങനെയാണ്. അത്തരക്കാര്‍   ചിരിക്കാന്‍ എന്തെങ്കിലും വീണുകിട്ടുന്നതു കാത്തിരിക്കുകയാണെന്നു തോന്നും. അയാള്‍ക്ക് സത്യത്തില്‍ ഒരു ജാള്യത തോന്നി, കണ്ടക്ടറിപ്പോള്‍ മേല്‍ക്കൈ നേടിയിരിക്കുന്നു. അയാള്‍ക്കീ ബിരുദങ്ങളൊക്കെ ഉണ്ടായിട്ടെന്ത് ഫലം എന്ന തോന്നല്‍. എല്ലാത്തിനോടും… ഒരു വക..!
അപ്പോഴേക്കും അയാളിറങ്ങേണ്ട സ്‌റ്റോപ്പെത്തി. ആളുകള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി അയാള്‍ പുറത്തിറങ്ങി. ഹാവൂ… ആശ്വാസമായി. നടക്കുമ്പോള്‍ അയാള്‍, ആ ബസ്സില്‍ ഇനി വരും സ്റ്റോപ്പുകളില്‍ നിന്നു കയറാനുള്ള/ഇറങ്ങാനുള്ള യാത്രക്കാരെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. പിന്നെ മനുഷ്യമനസ്സിന്റെയൊരു മലക്കംമറിച്ചിലിനെക്കുറിച്ചും. ഇപ്പോള്‍ അയാള്‍ക്കതു വളരെ ലാഘവത്തോടെയെടുക്കാനാവുന്നു. ഒരാള്‍ ഒരു സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍, തന്റെ സ്റ്റോപ്പില്‍ ബസ് നില്‍ക്കണെ എന്ന് മനസ്സു നിറഞ്ഞ പ്രാര്‍ഥന. കയറിക്കഴിഞ്ഞാല്‍ ഇനി തനിക്കിറങ്ങാനുള്ള സ്റ്റോപ്പ് വരെ ആ ബസ് എവിടെയും നിര്‍ത്തരുതെയെന്നും. സറ്റോപ്പെത്തി ഇറങ്ങിക്കഴിഞ്ഞാല്‍ ഇനി നിര്‍ത്തുകയോ, നിര്‍ത്താതിരിക്കുകയോ എന്തു വേണമെങ്കിലുമായ്‌ക്കോട്ടെ എന്ന്.
ഇതെങ്ങനെ ശരിയാവും? അയാള്‍ സ്വയം ചോദിച്ചു.
കൈയിലെ റിസ്റ്റ് വാച്ചില്‍ നോക്കി അയാള്‍ സ്തബ്ധനായിപ്പോയി. അമ്പമ്പോ… സമയം എന്തു വേഗതയിലാ പറക്കുന്നേ… അയാള്‍ തിടുക്കപ്പെട്ടു നടന്നു. ി

Read more on: ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക