|    Oct 21 Sun, 2018 4:07 pm
FLASH NEWS
Home   >  Editpage  >  Article  >  

ഒരു പുതിയ അന്തര്‍ദേശീയത

Published : 6th February 2018 | Posted By: kasim kzm

ജറമി കോര്‍ബിന്‍
ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവായ ലേഖകന്‍, മനുഷ്യാവകാശദിനത്തില്‍ യുഎന്‍ മനുഷ്യാവകാശസമിതിയുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്: റൂസ്സോയുടെ കാലം മുതല്‍ തന്നെ അഭയാര്‍ഥിത്വത്തിന്റെയും തത്ത്വചിന്തയുടെയും നഗരമായ ജനീവയിലെ ചരിത്രപ്രാധാന്യമുള്ള പാലസ് ദ നാഷന്‍സില്‍ സംസാരിക്കാന്‍ എന്നെ ക്ഷണിച്ചതിനു നന്ദി. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ലീഗ് ഓഫ് നാഷന്‍സിന്റെ തലസ്ഥാനമായിരുന്ന, ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ, ഇവിടെ സംസാരിക്കാനുള്ള അവസരം തന്നെ സവിശേഷമായ അവകാശമായാണു ഞാന്‍ കരുതുന്നത്. കാരണം, ഞങ്ങളുടെ പാര്‍ട്ടിഭരണഘടന ഐക്യരാഷ്ട്ര സഭയെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ഉള്‍ക്കൊള്ളുന്നു. എല്ലാവര്‍ക്കും സമാധാനവും സ്വാതന്ത്ര്യവും ജനാധിപത്യവും സാമ്പത്തിക സുരക്ഷിതത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുനല്‍കുന്ന വാഗ്ദാനം.  നമ്മുടെ മാനവികത നേരിടുന്ന വലിയ ഭീഷണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ട് രാഷ്ട്രങ്ങള്‍ തങ്ങളുടെ ശാഠ്യങ്ങളെ പിന്തള്ളി യഥാര്‍ഥ പരസ്പര സഹകരണവും മനുഷ്യാവകാശങ്ങളും പിന്തുടരണം. വ്യക്തിപരമായും കൂട്ടായും സാമൂഹികമായും സാമ്പത്തികമായും നിയമപരമായും ഭരണഘടനാപരമായും ഇത്തരം ഭീഷണികളെ സ്വന്തം രാജ്യത്തും വിദേശത്തും നേരിടണമെന്നും മറികടക്കണമെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വന്തം രാജ്യം പോലും ഇപ്പോള്‍ പെരുവഴിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടാനുള്ള ബ്രിട്ടിഷ് ജനതയുടെ തീരുമാനത്തിന്റെ അര്‍ഥം ലോകത്തെ നമ്മുടെ പങ്ക് എന്താണെന്ന് പുനര്‍ചിന്തിക്കേണ്ടതുണ്ടെന്നാണ്.പുറംലോകത്തെ പൂര്‍ണമായി തള്ളിക്കളയുന്ന രീതിയില്‍ ബ്രെക്‌സിറ്റ് (യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍വാങ്ങല്‍) ഉപയോഗിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. എല്ലാവരെയും എതിരാളിയെന്ന നിലയില്‍ പരിഗണിച്ച് ബ്രിട്ടന്‍ സ്വയം ഉള്‍വലിയാന്‍ ശ്രമിക്കുന്നു. നിലവിലെ സാമ്പത്തിക സംവിധാനത്തിന്റെ അരക്ഷിതത്വത്തിലും അസമത്വത്തിലും നേട്ടം കൊയ്യാന്‍ ബ്രെക്‌സിറ്റ് ഉപയോഗിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ വേതനം, പരിമിതമായ അവകാശങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവ വഴി കുത്തകകള്‍ക്ക് നികുതിയിളവുകള്‍ നല്‍കി ബ്രിട്ടനെ ഇവരുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു ഭാവിയാണ് എന്റെ പാര്‍ട്ടി വിഭാവന ചെയ്യുന്നത്. തൊഴിലാളിപ്രസ്ഥാനങ്ങളുടെ മികച്ച പാരമ്പര്യത്തെയും നമ്മുടെ രാജ്യത്തെയും ഉള്‍ക്കൊള്ളുന്ന ഒന്ന്. യൂറോപ്യന്‍ യൂനിയന് അകത്തുള്ളവരായാലും പുറംരാജ്യങ്ങളാണെങ്കിലും അയല്‍ക്കാരുമായി സഹകരണം നിലനിര്‍ത്തിക്കൊണ്ടുള്ള ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പരസ്പര ഐക്യദാര്‍ഢ്യവും ഇരുകൂട്ടര്‍ക്കും ഗുണകരമാവുന്ന വ്യാപാരബന്ധങ്ങളും വിശാലവും പ്രോല്‍സാഹനജനകവുമായ അന്തര്‍ദേശീയ ബന്ധവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷനില്‍ ഒപ്പുവച്ചത് ബ്രിട്ടനാണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. 1998ലെ മനുഷ്യാവകാശ നിയമത്തിലൂടെ മനുഷ്യാവകാശങ്ങളെ നിയമപരമാക്കാനും ഞങ്ങള്‍ക്കു സാധിച്ചു. അതുകൊണ്ടുതന്നെ, രാജ്യങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നതുപോലെ ലേബര്‍ പാര്‍ട്ടി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും പുരോഗമന കക്ഷികളുമായും പ്രസ്ഥാനങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് തുടരും. യൂറോപ്യന്‍ കൗണ്‍സില്‍ വഴി നമ്മുടെ രാജ്യവും മറ്റുള്ളവരും നമ്മുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അന്താരാഷ്ട്ര സഹകരണം, ഐക്യദാര്‍ഢ്യം, കൂട്ടായ പ്രവര്‍ത്തനം എന്നീ മൂല്യങ്ങള്‍ വിദേശനയത്തില്‍ മുന്നിട്ടുനില്‍ക്കണമെന്നാണ് ഞങ്ങളുടെ തീരുമാനം. ഈ മൂല്യങ്ങളാണ് അടുത്ത ലേബര്‍ സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ച് ലോകത്തെ അറിയിക്കുക. എല്ലാവര്‍ക്കും നീതിയും സുരക്ഷയും ലഭ്യമാക്കുന്ന പുരോഗമനപരമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര സംവിധാനത്തിനായി ഞങ്ങള്‍ നയതന്ത്രത്തെ ഉപയോഗിക്കും. ആ സംവിധാനം ബലഹീനര്‍ക്കിടയിലും ശക്തര്‍ക്കിടയിലും ഒരുപോലെ ഉപയോഗയോഗ്യമായ രീതിയില്‍ സാര്‍വത്രികമായിരിക്കണം. എന്നാല്‍ മാത്രമേ അതിന് ആഗോള പിന്തുണയും ആത്മവിശ്വാസവും സാധ്യമാവുകയുള്ളൂ. അതൊരിക്കലും ദുര്‍ബലരെ ശിക്ഷിക്കുന്നതും ശക്തരെ സഹായിക്കുന്നതുമായ ഒന്നാവരുത്. മറിച്ചാണെങ്കില്‍ ഇതും അധികാരത്തിന്റെ ആയുധമായി അധഃപതിക്കും. അതൊരിക്കലും നീതിയല്ല.അതുകൊണ്ടുതന്നെ അന്തര്‍ദേശീയ നിയമങ്ങളും നയങ്ങളും ശക്തമായി ഉറപ്പുവരുത്തുകയും ബഹുമാനിക്കുകയും ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍, 1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആശയങ്ങള്‍ ഒരു അഭിലാഷമായി തുടരും; ഒരിക്കലും യാഥാര്‍ഥ്യമാവില്ല. ഏറ്റവും അടിയന്തരമായി, മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നാം മുന്‍കൈയെടുക്കണം- മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന നാലു സുപ്രധാന ഭീഷണികള്‍ നേരിടാന്‍.ഒന്നാമത്തെ ഭീഷണി, കുത്തക മുതലാളിമാരുടെ കൈകളില്‍ അനിയന്ത്രിതമായ സമ്പത്തും അധികാരശക്തിയും വന്നുചേരുന്ന  സംവിധാനമാണ്. പലരും നവലിബറലിസം എന്നു വിളിക്കുന്ന ഈ സംവിധാനം ലോകത്തെമ്പാടും അസമത്വവും പാര്‍ശ്വവല്‍ക്കരണവും അരക്ഷിതത്വവും വിദ്വേഷവും പടര്‍ത്തിയിരിക്കുന്നു.രണ്ടാമത്തേത്, കാലാവസ്ഥാ വ്യതിയാനമാണ്. ഇത് അസ്ഥിരത സൃഷ്ടിക്കുകയും ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയും ചെയ്യുന്നു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണിത്. മൂന്നാമതായി, സംഘര്‍ഷം, പീഡനം, മനുഷ്യാവകാശ ലംഘനം, കാലാവസ്ഥാ ദുരന്തം, അഭയാര്‍ഥി പ്രവാഹം എന്നിവയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള അനിയന്ത്രിതമായ വര്‍ധനയാണ്. അവസാനമായി, തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഭരണമാറ്റം വരുത്താനും ചര്‍ച്ചകള്‍ക്കും നയതന്ത്ര ഇടപെടലുകള്‍ക്കും പകരമായി ഏകപക്ഷീയമായ സൈനിക നടപടികളുടെയും കടന്നുകയറ്റങ്ങളുടെയും ഉപയോഗം.ആഗോള സാമ്പത്തിക വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. സമ്പന്നരായ ചിലര്‍ 90 ശതമാനം വിഭവങ്ങളും കൈയാളുന്ന ലോകക്രമമാണ് ഇന്ന്. രാജ്യങ്ങള്‍ക്കകത്തും രാജ്യങ്ങള്‍ക്കിടയിലും വളര്‍ന്നുകൊണ്ടിരിക്കുന്ന അരക്ഷിതത്വവും അസന്തുലിതവും അസമത്വവും നിറഞ്ഞ ലോകമാണിത്. കുത്തകകളുടെ നികുതി ഒഴിവാക്കേണ്ടിവരുന്നതിനാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് വര്‍ഷംതോറും 100 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുന്നുണ്ട്. വര്‍ഷംതോറും അവികസിത രാജ്യങ്ങളില്‍ നിന്ന് ഒരു ട്രില്യണ്‍ ഡോളര്‍ വരുന്ന അനധികൃത ധനപ്രവാഹം നടക്കുന്നു. ഇതൊരു ആഗോള ഗൂഢാലോചനയാണ്.നമ്മുടെ ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതും എങ്ങനെ മുമ്പോട്ടുപോവുന്നുവെന്നതും നിര്‍ണയിക്കാന്‍ അന്താരാഷ്ട്ര കുത്തകകളെ അനുവദിക്കരുത്. ഘടനാ ക്രമീകരണങ്ങളുടെ 30 വര്‍ഷം ലോകത്തെ നശിപ്പിച്ചിരിക്കുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചയ്ക്കുശേഷവും ഒരു പതിറ്റാണ്ടായി നവലിബറല്‍ യാഥാസ്ഥിതികത തുടരുകയാണ്. പാപ്പരായ സാമ്പത്തിക വ്യവസ്ഥിതിയിലും സാമൂഹിക ഘടനയിലുമുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം വരുന്ന ജനതയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന പുതിയ സമ്പദ്ഘടന നിര്‍മിക്കാനുള്ള അസുലഭ അവസരമായാണ് ഞങ്ങളിതിനെ കാണുന്നത്. അന്താരാഷ്ട്ര സഹകരണം എന്നാല്‍ ദേശീയ അടിച്ചമര്‍ത്തലായി ചിത്രീകരിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ അപമാനകരമായ മുസ്‌ലിം നിരോധനവും മെക്‌സിക്കന്‍ വിരുദ്ധ വാചാടോപവും വംശീയതയെയും സ്ത്രീവിരുദ്ധതയെയും പ്രോല്‍സാഹിപ്പിക്കുന്നു.ബ്രിട്ടനില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കുത്തകകളുടെ നികുതി വെട്ടിക്കുറയ്ക്കുന്നത് മൂലം മിക്ക ആളുകളുടെയും വേതനം കുറഞ്ഞിരിക്കുന്നു. ഞങ്ങളുടെ പ്രധാനമന്ത്രി പരിതാപകരമായ സമീപനമാണ് പിന്തുടര്‍ന്നത്. സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്നും യഥാര്‍ഥ അജണ്ടയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍. നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന മനുഷ്യാവകാശ നിയമം ഒഴിവാക്കുമെന്നവര്‍ ഭീഷണി മുഴക്കി. യഥാര്‍ഥത്തില്‍ ഈ നിയമംകൊണ്ട് രാജ്യത്തെ എല്ലാവര്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു വിശ്വപൗരനാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരിടത്തും പൗരനല്ല എന്നാണവര്‍ വാശിപിടിക്കുന്നത്.തീര്‍ച്ചയായും ഭയാനകമായ ഈ സാമ്പത്തിക ഘടനയ്ക്ക് ഒരു ബദലുണ്ട്. സാമ്രാജ്യത്വ കുത്തകകളും വന്‍കിട ബാങ്കുകളും നിയമങ്ങളുണ്ടാക്കുന്നതും അവര്‍ക്ക് അനുകൂലമായ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതും അനുവദിക്കാനാവില്ല. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇക്കാര്യത്തില്‍ പ്രധാന പങ്കു വഹിക്കാനാവും. മനുഷ്യാവകാശങ്ങളെയും അന്തര്‍ദേശീയ നിയന്ത്രണത്തെയും സഹകരണത്തെയും ബഹുമാനിക്കുന്ന, ഐക്യദാര്‍ഢ്യത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ സമവായം വികസിപ്പിക്കുന്നതില്‍ അതിനു പങ്കുണ്ട്. 1972 ഡിസംബര്‍ 4ന് സാല്‍വദോര്‍ അലന്‍ഡെ ചിലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഓര്‍ക്കുക. അമേരിക്കന്‍ ഇടപെടലുകളെയും എതിര്‍പ്പുകളെയും മറികടന്ന് പ്രസിഡന്റായ അലന്‍ഡെ, തന്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തില്‍ വിദേശ കുത്തകകളുടെ ഭീഷണിക്കെതിരേ ആഗോള പ്രവര്‍ത്തനം ആവശ്യപ്പെട്ടു. ഒമ്പതു മാസത്തിനുശേഷം അലന്‍ഡെ, ജനറല്‍ അഗസ്‌റ്റോ പിനോഷെയുടെ അട്ടിമറിയില്‍ കൊല്ലപ്പെട്ടു. ഇത് ചിലിയെ 17 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിലേക്ക് തള്ളിവിട്ടു. തുടര്‍ന്ന് ചിലി സ്വതന്ത്ര കമ്പോള മൗലികവാദത്തിന്റെ പരീക്ഷണശാലയായി മാറി. എന്നാല്‍ 44 വര്‍ഷത്തിനുശേഷം, നികുതിവെട്ടിപ്പുകള്‍ നടത്തുന്ന, ഭൂമിയും വിഭവങ്ങളും ചൂഷണം ചെയ്യുന്ന, തൊഴിലാളികളുടെയും സമൂഹത്തിന്റെയും ഹൃദയം തകര്‍ക്കുന്ന ഇത്തരം ബഹുരാഷ്ട്രക്കമ്പനികളുടെ അനിയന്ത്രിതമായ ശക്തിക്കെതിരേ സംസാരിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുന്നു. അതുകൊണ്ടാണ് ലേബര്‍ പാര്‍ട്ടി അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം അന്തര്‍ദേശീയ കോര്‍പറേഷനുകളെ നിയന്ത്രിക്കുന്നതിനുള്ള കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്ര സഭയുടെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നത്. മനുഷ്യാവകാശത്തെ ലംഘിക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന കുത്തകകളെ അവസാനിപ്പിച്ചേ പറ്റൂ. ദീര്‍ഘകാലമായി സ്വതന്ത്ര വിപണികളും അനിയന്ത്രിത ബഹുരാഷ്ട്രക്കമ്പനികളും, ആഗോള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ് വികസനം എന്ന അടിസ്ഥാനരഹിതമായ സിദ്ധാന്തത്തിലാണ് മുന്നോട്ടുപോവുന്നത്. അതുകൊണ്ടുതന്നെ ലേബര്‍ പാര്‍ട്ടിയുടെ അടുത്ത സര്‍ക്കാരിന്റെ അന്താരാഷ്ട്രീയ വികസന വിഭാഗത്തിന് ഇരട്ടദൗത്യമായിരിക്കും. ദാരിദ്ര്യനിര്‍മാര്‍ജനത്തോടൊപ്പം തന്നെ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ കുറയ്ക്കുക എന്നതുകൂടിയാണത്.ഈ ലക്ഷ്യം കൈവരിക്കുന്നതിന് നികുതി തട്ടിപ്പെന്ന ആഗോള അഴിമതിക്കെതിരേ പ്രവര്‍ത്തിക്കണം. വ്യാപാര തട്ടിപ്പുകളും വികസ്വര രാജ്യങ്ങളെ കൊള്ളയടിക്കുന്നതും രാജ്യത്തെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിര്‍ത്തലാക്കണം. ആഫ്രിക്കയില്‍ മാത്രം ഓരോ വര്‍ഷവും നികുതി തട്ടിപ്പിലൂടെ ഏകദേശം 35 ബില്യണ്‍ ഡോളറും നിയമവിരുദ്ധ ഇടപാടുകളിലുടെ 50 ബില്യണ്‍ ഡോളറും നഷ്ടമാവുന്നുണ്ട്. പാരഡൈസ് പേപ്പറും പാനമ പേപ്പറും പറയുന്നപോലെ, അതിസമ്പന്നരും അതിശക്തരും സ്വയം നിയന്ത്രിക്കുന്ന കാര്യത്തില്‍ വിശ്വാസ്യയോഗ്യരല്ല. മൂന്നാംലോകരാജ്യങ്ങളിലെ ജനങ്ങളില്‍ നിന്നു മോഷ്ടിക്കപ്പെടുന്ന ശതകോടികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബഹുരാഷ്ട്രക്കമ്പനികളെ കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്.ഈയിടെ അന്താരാഷ്ട്രീയ അഴിമതി വിരുദ്ധദിനം ആചരിക്കപ്പെട്ടു. അഴിമതി എന്നാല്‍ എവിടെയോ സംഭവിക്കുന്ന ഒന്നല്ല. ജനാധിപത്യത്തെ അട്ടിമറിക്കുകയും മനുഷ്യാവകാശങ്ങളെ ലംഘിക്കുകയും ചെയ്യുന്ന അഴിമതി വളര്‍ത്തുന്നതില്‍ സര്‍ക്കാരുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇത് ഒരു ആഗോളപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രതികരണവും ഇതിനാവശ്യമാണ്. ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ നികുതി കുറയ്ക്കാന്‍ വേണ്ടി പൊതുമുതല്‍ ഉപയോഗിക്കുന്നത് അഴിമതിയാണ്.രണ്ടാമത്തെ ഭീഷണി, കാലാവസ്ഥാ വ്യതിയാനമാണ്. നമ്മുടെ ഗ്രഹം അപകടത്തിലാണ്. ആഗോളതാപനം നിഷേധിക്കാനാവില്ല; 1970 മുതല്‍ പ്രകൃതിദുരന്തങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചു. അടുത്തിടെ ചുഴലിക്കാറ്റുകള്‍ വളരെ വലുതാണ്. ഇത് കാലാവസ്ഥാ വ്യതിയാനമാണ്. അത് ലോകത്തെ ഏറ്റവും ധനികരാജ്യങ്ങളില്‍ നിന്നുള്ള ഉദ്വമനം മൂലമാണ്. മലിനീകരണത്തിന്റെ തോത് കുറഞ്ഞ ദരിദ്രരാജ്യങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂര്‍ച്ചയേറിയ വശങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അവിടെ ഭക്ഷ്യ അരക്ഷിതത്വത്തിനും സാമൂഹിക സംഘര്‍ഷത്തിനും പാരിസ്ഥിതിക ആഘാതങ്ങള്‍ വഴിവയ്ക്കുന്നു. നാം അവരോട് ഐക്യപ്പെട്ടേ മതിയാവൂ.       ി(അവസാനിക്കുന്നില്ല.)(പരിഭാഷ:ജാസ്മിന്‍ പി കെ)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss