|    May 24 Thu, 2018 3:36 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഒരു പാര്‍ട്ടിയും അതിന്റെ പരിണാമങ്ങളും

Published : 17th July 2016 | Posted By: SMR

slug-indraprasthamഇപ്പോള്‍ ഇന്ദ്രപുരിയുടെ കേന്ദ്രഭാഗത്ത് ഭായിവീര്‍സിങ് മാര്‍ഗിലാണ് വിപ്ലവകക്ഷിയുടെ അഖിലേന്ത്യാ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. നല്ല ഒന്നാന്തരം കെട്ടിടം. ആ തെരുവിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ ശില്‍പഭംഗിയാണ്. അതനുസരിച്ചുതന്നെയാണ് വിപ്ലവപ്പാര്‍ട്ടി തങ്ങളുടെ ആസ്ഥാനവും കെട്ടിപ്പടുത്തത്. അകത്ത് നല്ല കാറ്റും വെളിച്ചവും ഒക്കെയുള്ള ക്യുബിക്കിളുകളും വിശാലമായ കോണ്‍ഫറന്‍സ് ഹാളും പിറകില്‍ പുസ്തക വില്‍പനശാലയും നേതാക്കള്‍ക്ക് മൃഷ്ടാന്നം കഴിക്കാനുള്ള കാന്റീനും സംവിധാനങ്ങളും വേറെ. വിപ്ലവം ഒട്ടും മുഷിയില്ല എന്നു തീര്‍ച്ച.
പണ്ട്, എന്നുവച്ചാല്‍ എഴുപതുകളുടെ അവസാനത്തില്‍ സിപിഎം എന്ന കക്ഷി കൊല്‍ക്കത്തയില്‍നിന്ന് അഖിലേന്ത്യാ ആസ്ഥാനം ഇന്ദ്രപുരിയിലേക്കു മാറ്റാന്‍ തീരുമാനിച്ച കാലത്ത് ഇതൊന്നുമായിരുന്നില്ല സ്ഥിതി. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ എം എസ് നമ്പൂതിരിപ്പാടാണ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ ഭരണം കഴിഞ്ഞ് ദേശീയരാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വലിയ സ്ഥാനവും സ്വാധീനവും നേടിയ കാലം. അടിയന്തരാവസ്ഥയെയാണ് റഷ്യയുടെ സ്വന്തം പാര്‍ട്ടിയായ സിപിഐ പിന്താങ്ങിയത്. എന്നാല്‍, സിപിഎം ഇന്ദിരാഗാന്ധിക്ക് എതിരായിരുന്നു. പല നേതാക്കളും അന്ന് ജയിലില്‍ പോയി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി അധികാരത്തില്‍ വന്ന കാലത്ത് സിപിഎം അതിന്റെ ഭാഗമായിരുന്നില്ലെങ്കിലും അന്നത്തെ ദേശീയരാഷ്ട്രീയത്തില്‍ സിപിഐയെക്കാള്‍ മികച്ച സ്വാധീനം നേടിയ കാലമായിരുന്നു. അങ്ങനെയാണ് കൊല്‍ക്കത്തയിലെ അലിമുദ്ദീന്‍ തെരുവിലെ പഴഞ്ചന്‍ കെട്ടിടത്തില്‍നിന്ന് ആസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റിയത്.
അന്ന് അശോകാ റോഡിലെ ചെറിയ കെട്ടിടത്തിലായിരുന്നു പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം. അക്കാലത്ത് നിരീക്ഷകന്‍ വിദ്യാര്‍ഥിയായിരുന്നു. ഒരുതവണ ഒരു ദേശീയ കണ്‍വന്‍ഷന് തലസ്ഥാനത്തു എത്തിയപ്പോള്‍ ഇഎംഎസ് താമസിക്കുന്ന അശോകാ റോഡിലെ ഈ കെട്ടിടത്തില്‍ പോയത് ഓര്‍മയുണ്ട്. ആനയും അമ്പാരിയും ഒന്നുമില്ലാത്ത കാലം. എന്നാലും പാര്‍ട്ടിക്ക് അതിന്റേതായ വ്യക്തിത്വവും തിളക്കവും ഉണ്ടായിരുന്നു. ലാളിത്യവും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഒക്കെയായിരുന്നു പാര്‍ട്ടിയുടെ മുഖമുദ്ര.
അതൊക്കെ കഴിഞ്ഞ് പാര്‍ട്ടി വലിയ പാര്‍ട്ടിയായി. ബംഗാളിലും കേരളത്തിലും അധികാരത്തില്‍ വന്നു. ഡല്‍ഹിയില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായി. മൂന്നാംമുന്നണി മന്ത്രിസഭയുടെ കാലത്ത് അതിന്റെ സൂത്രധാരനും ചാണക്യനുമായി. പദവിയും പത്രാസും വന്നു. പണവും പ്രതാപവും വന്നു. പട്ടിണിപ്പാവങ്ങളുടെ പാര്‍ട്ടിയില്‍ ഇടംതേടി പണച്ചാക്കുകളും അവസരംനോക്കികളും പാത്തും പതുങ്ങിയും വന്നുതുടങ്ങി.
സുര്‍ജിത് ഇതും ഇതിനപ്പുറവും കണ്ട കക്ഷിയായിരുന്നു. പഞ്ചാബില്‍ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്ത് കമ്മ്യൂണിസ്റ്റ് നേതാവായ ആളാണ്. രാജ്യത്തിന്റെ ഭരണചക്രം പിന്നില്‍നിന്നു തിരിക്കുമ്പോഴും പാര്‍ട്ടിയുടെ മേല്‍ ശക്തമായ പിടിയും നിയന്ത്രണവും നിലനിര്‍ത്തി. ബംഗാളിലായാലും കേരളത്തിലായാലും പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലും വ്യക്തിപരമായ ഇടപാടുകളിലും കര്‍ശനമായ ഒരു കണ്ണും സുര്‍ജിത്തിന്റെ വക ഉണ്ടായിരുന്നു.
അക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇ കെ നായനാര്‍ വീണ്ടും വന്നു. ഭരണം തിരുതകൃതിയായി മുമ്പോട്ടുപോയി. നായനാര്‍ തമാശയും കോമാളിക്കളികളുമായി നാട്ടുകാരെ രസിപ്പിച്ചു. നാട്ടുകാര്‍ക്ക് നായനാരോട് പെരുത്ത് ഇഷ്ടം. ആര്‍ക്കും ഒരു പരാതിയുമില്ല.
അങ്ങനെയിരിക്കെ ഒരു ദേശീയ വാരികയില്‍ ഒരു വാര്‍ത്ത വന്നു. നായനാരുടെ മകന്‍ മുഖ്യമന്ത്രിയായ പിതാവിന്റെ പേര് ഉപയോഗിച്ച് കച്ചവടം കൊഴുപ്പിക്കുന്നു. ഏതോ ചെറിയ അച്ചടിപ്പണിയോ പരസ്യംപിടിത്തമോ എന്തോ ആയിരുന്നു ഇടപാട്. മുഖ്യമന്ത്രിയുടെ ഓഫിസോ പേരോ ഒന്നും ദുരുപയോഗിച്ചതായി കേസോ ആരോപണമോ ഒന്നുമില്ല. പ്രത്യേകം സര്‍ക്കാര്‍ പദവിയും ഉപദേശകപ്പട്ടവും നീല ബീക്കണ്‍ ലൈറ്റ് വച്ച കാറും ബംഗ്ലാവും ഒന്നുമില്ല. എന്നാലും മുഖ്യമന്ത്രിയുടെ മകനല്ലേ, സഹായം ചെയ്താല്‍ തിരിച്ചുകിട്ടുമല്ലോ എന്നു ജനം കരുതിക്കാണും. അങ്ങനെ കച്ചവടം പൊടിപൊടിച്ചു.
സംഗതി വാര്‍ത്തയായപ്പോള്‍ അല്‍പം പുകിലുണ്ടായി. സത്യത്തില്‍ നായനാര്‍ മകനുവേണ്ടി ഒരു പദവിയും ദുരുപയോഗം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ഓഫിസ് മുഖ്യമന്ത്രിയുടെ മകനുവേണ്ടി വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. എന്നാലും ആരോപണം വന്നു. അതു കേട്ടറിഞ്ഞപാടേ സുര്‍ജിത് കേന്ദ്രകമ്മിറ്റി ഓഫിസില്‍നിന്നു പാര്‍ട്ടി ലെറ്റര്‍പാഡില്‍ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. കേട്ട വാര്‍ത്ത ശരിയെങ്കില്‍ സൂക്ഷിക്കണം. താങ്കള്‍ ദേശീയ സമര പാരമ്പര്യമുള്ള നേതാവാണ്. പാര്‍ട്ടി ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കുന്ന ഒന്നും ഒരു കാരണവശാലും അരുത്.
ജനറല്‍ സെക്രട്ടറിയുടെ കത്ത് വൈകാതെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചത് വാസ്തവം. അതു പ്രകമ്പനം ഉണ്ടാക്കുകയും ചെയ്തു. അത് അന്നത്തെ ജനറല്‍ സെക്രട്ടറിയുടെ നില. ഇന്ന് തിരുവനന്തപുരത്ത് വീണ്ടും മുഖ്യമന്ത്രിയുണ്ട്. ചില അവതാരങ്ങള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ ശീതീകൃത മുറികളില്‍ ഉപദേശകപ്പട്ടവും നെറ്റിയില്‍ ചാര്‍ത്തി മാര്‍ട്ടിന്റെയും ക്വാറിയുടെയും മുതലാളിമാരുടെയും ക്ഷേമം നോക്കുന്നു. ഇന്ദ്രപുരിയില്‍ ജനറല്‍ സെക്രട്ടറി നക്ഷത്രമെണ്ണുന്നു. സുര്‍ജിത്തിന്റെ മാതിരി കത്തെഴുതാന്‍ പോയാല്‍ കക്ഷിയുടെ ഗതി എന്താവുമെന്നത് വേറൊരു ചോദ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss