|    Nov 20 Tue, 2018 12:50 pm
FLASH NEWS

ഒരു പഴയ ദാര്‍ശനികപ്രശ്‌നം

Published : 10th January 2016 | Posted By: TK

മനുഷ്യനിലെ ദൈവികതയെയാണ് മിര്‍ദാദ് എന്ന അവധൂതന്‍ വെളിപ്പെടുത്തുന്നത്. വസ്ത്രം ധരിച്ച ദൈവമാവുന്നു മനുഷ്യന്‍ എന്നാണ് അവന്‍ നമ്മെ പഠിപ്പിക്കുന്നത്. മിഖായേല്‍ നഈമിയുടെ മാസ്റ്റര്‍പീസായ ‘മിര്‍ദാദിന്റെ പുസ്തകം’ എന്ന കൃതിയിലൂടെ


penleague

യാസിര്‍ അമീന്‍

ത്ത്വശാസ്ത്രത്തിലും മിസ്റ്റിസിസത്തിലും ‘ഞാന്‍ ആര്’ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. റാഷനലിസ്റ്റ് തത്ത്വചിന്തകനായ ഡെക്കാര്‍തെ ചിന്തയുമായി ബന്ധപ്പെടുത്തി മനുഷ്യന്റെ സ്വത്വത്തിന് നിര്‍വചനം നല്‍കുന്നുണ്ട്. മിസ്റ്റിക് മന്‍സൂര്‍ ഹല്‍ ഹല്ലാജ്, അനല്‍ ഹഖ് (ഞാന്‍ തന്നെയാണ് ആ പരമാര്‍ഥം) എന്നു പ്രഖ്യാപിച്ച് സ്വത്വമെ ന്ന സമസ്യയെ മറികടക്കാന്‍ ശ്രമിക്കു ന്നുണ്ട്. ഈ രണ്ടു ചിന്തകളില്‍ (ഒന്ന് തത്ത്വശാസ്ത്രമാണ്, മറ്റൊന്ന് മിസ്റ്റിസിസവും) മനുഷ്യന്റെ സ്വത്വവും സഹജമായ വഴിയും വിവരിക്കാന്‍ ശ്രമിക്കുകയാണ് മിഖായേല്‍ നഈമി തന്റെ ക്ലാസിക് ഗ്രന്ഥനായ മിര്‍ദാദിന്റെ പുസ്തകം എന്ന കൃതിയിലൂടെ.
ഖലീല്‍ ജിബ്രാന്റെ ആത്മമിത്രമായിരുന്ന നഈമി, സൂഫിസത്തോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്. ഖലീല്‍ ജിബ്രാന്റെ പ്രവാചകനിലെ മുസ്തഫ എന്ന കഥാപാത്രത്തോളം ശക്തനാണ് നഈമിയുടെ മിര്‍ദാദ്. പ്രളയത്തിനു ശേഷം നോഹ, പേടകം എന്നു വിളിക്കപ്പെടുന്ന ഒരു ദേവാലയം പണിക്കഴിപ്പിക്കാന്‍ മകന്‍ സാമിന് നിര്‍ദേശം നല്‍കുന്നു. പിതാവിന്റെ നിര്‍ദേശപ്രകാരം സാം അണയാത്തൊരു ദീപത്തോടു കൂടി ദേവാലയം പണികഴിപ്പിക്കുകയും മുഖ്യപുരോഹിതനടക്കം ഒമ്പതു പേരടങ്ങുന്ന ഒരു ആധ്യാത്മിക കൂട്ടത്തെ വാര്‍ത്തെടുക്കുകയും ചെയ്യുന്നു. കാലാന്തരം, മുഖ്യപുരോഹിതന്റെ അഹന്തയും അഹങ്കാരവും അല്‍ത്താരയില്‍ കിടന്നു പുളയ്ക്കുമ്പോഴാണ് മിര്‍ദാദ് അവതരിക്കപ്പെടുന്നത്.
സാമ്പ്രദായിക ശൈലികളില്‍ നിന്നു വേറിട്ടുനില്‍ക്കുന്നതാണ് നഈമിയുടെ രചന. ചിലപ്പോള്‍ വാക്കുകള്‍ നെരൂദയുടേതുപോലെ കനലുകളാവും. ചിലപ്പോള്‍ റൂമിയുടേതുപോലെ മഞ്ഞോളം തണുക്കും. ഇബ്‌നു അറബിയുടെ അസ്തിത്വത്തിന്റെ ഏകത്വം (വഹ്ദത്തുല്‍ വുജൂദ്) എന്ന ചിന്തയോടു ചേര്‍ന്നുനില്‍ക്കുന്നവയാണ് മിര്‍ദാദിന്റെ വാചകങ്ങള്‍.

mickael nayeemമനുഷ്യനിലെ ദൈവികതയെയാണ് മിര്‍ദാദ് എന്ന അവധൂതന്‍ വെളിപ്പെടുത്തുന്നത്. വസ്ത്രം ധരിച്ച ദൈവമാവുന്നു മനുഷ്യന്‍ എന്നാണ് അവന്‍ നമ്മെ പഠിപ്പിക്കുന്നത്. ഞാന്‍ എന്ന വാക്കിനെ വിവരിക്കാന്‍ ഒരു അധ്യായം മാറ്റിവച്ചിരിക്കുന്നു നഈമി. നിങ്ങളിലെ അന്തര്‍ബോധം എങ്ങനെയായിരിക്കുമോ അതുപോലെയായിരിക്കും നിങ്ങളിലെ ‘ഞാന്‍’. നിങ്ങളിലെ ഞാന്‍ എങ്ങനെയായിരിക്കുമോ അതുപോലെയായിരിക്കും നിങ്ങളിലെ ലോകവും എന്നാണ് മിര്‍ദാദ് പറയുന്നത്. ഈ വാക്കുകള്‍ ഒരേസമയം തത്ത്വശാസ്ത്രവും മിസ്റ്റിസിസവുമാണ്. ഒരു പാലത്തിന്റെ ഇരുകരകള്‍ പോലെ അവ രണ്ടും പരസ്പരപൂരകങ്ങളാണ്. ഒരു കരയില്ലെങ്കില്‍ മറുകരയുമില്ല. പക്ഷേ അതു തിരിച്ചറിയപ്പെടുന്നുമില്ല. വൃക്ഷത്തിന്റെ വിത്തിനുള്ളില്‍ വൃക്ഷംതന്നെയുള്ളതുപോലെ മനുഷ്യനില്‍ ദൈവം അന്തര്‍ലീനമാണെന്നാണ് മിര്‍ദാദിന്റെ മതം. ജീവിതാവസ്ഥയും പ്രവൃത്തിയുമെല്ലാം ഇവിടെ നിരന്തര മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു, ദൈവികതയിലേക്ക് എടുത്തുചാടുകയാണ് അവന്റെ ബോധം. മനുഷ്യന്‍, ദൈവം എന്ന ദിത്വാവസ്ഥ കാലത്തിന്റെ ചക്രവാളത്തിലെവിടെയോ മാഞ്ഞുപോവുന്നു. എല്ലാം ഏകമായി മാറുന്നു.
ഹല്ലാജും റൂമിയും ഫ്രാന്‍സിസ് അസ്സീസിയും ആര്‍ത്തുവിളിക്കുന്നു ഞാന്‍ തന്നെയാണ് ആ പരമാര്‍ഥം. നഈമിയും ഇതുപോലുള്ളൊരു ഉന്മാദാവസ്ഥയില്‍ നിന്നായിരിക്കണം മിര്‍ദാദിനെ സൃഷ്ടിച്ചത്.
അറബ് സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും അറബ് ഭാഷയില്‍ നോവല്‍, കഥ, ലേഖനം തുടങ്ങിയ സാഹിത്യരൂപങ്ങളുടെ വികാസത്തിന് അറുപതോ എഴുപതോ വര്‍ഷങ്ങളുടെ ചരിത്രം മാത്രമേയുള്ളൂ. മിഖായേല്‍ നഈമിയുടേതാണ് ലബ്‌നാനിലെ ആദ്യ ചെറുകഥാ സമാഹാരം. റഷ്യയില്‍ നിന്നാണ് നഈമി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അമേരിക്കയിലെ വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തിലും കലയിലും ബിരുദം നേടി. ഖലീല്‍ ജിബ്രാന്‍ പ്രസിഡന്റും നഈമി സെക്രട്ടറിയുമായിരുന്ന തൂലികക്കൂട്ടായ്മ (റാബിത്ത കലമ)യിലെ മൂര്‍ച്ചയുള്ള എഴുത്തുകാരനായിരുന്നു നഈമി.
ജിബ്രാന്റെ പ്രശസ്തിയുടെ പ്രകാശത്തില്‍ നഈമിയെ വേണ്ടത്ര ശ്രദ്ധിക്കാതെ പോവുകയായിരുന്നു. 16 വര്‍ഷക്കാലം നഈമിയുടെ ഉറ്റസുഹൃത്തും കൂട്ടാളിയുമായിരുന്നു ജിബ്രാന്‍.

a book of mirdad1932ല്‍ ജന്മദേശമായ ലബ്‌നാനില്‍ തിരിച്ചെത്തി മരണം വരെ ഒരുതരം ഏകാന്തജീവിതമാണ് നഈമി നയിച്ചിരുന്നത്. എഴുത്തും സാഹിത്യചിന്തകളും മാത്രമായിരുന്നു അദ്ദേഹത്തിന്റ ജീവിതം.
പറയപ്പെട്ടതും പറയപ്പെടാത്തതുമായ വാക്കുകള്‍ക്ക് കാവലിരുന്ന് ധര്‍മാധര്‍മബോധത്തിന്റെ തീച്ചൂളയില്‍ കിടന്നു പുളഞ്ഞ് സ്വത്വം മങ്ങി മങ്ങി കാലുഷ്യം മാത്രമായി മാറുമ്പോഴാണ് മിര്‍ദാദിന്റെ പുസ്തകം വെളിച്ചമാവുക. സഹജമായ വഴിയിലേക്കുള്ള പാലമാവുക. നല്ല ഭാഷയില്‍ തന്നെ വിവര്‍ത്തകന്‍ അഹ്മദ് മൂന്നാംകൈ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. മിസ്റ്റിസിസത്തോടും ദൈവത്തോടും അടുത്തുനില്‍ക്കുന്ന വാക്കുകള്‍. ഈ പുസ്തകത്തെക്കുറിച്ച് ഓഷോ പറഞ്ഞതു പോലെ, ഇതിലെ വാക്കുകള്‍ സൂചകപദങ്ങളാണ്. അവയുടെ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍ തിരയേണ്ട. നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും പതിക്കുമ്പോഴാണ് അവയ്ക്ക് അര്‍ഥമുണ്ടാവുന്നത്.
മിര്‍ദാദിന്റെ പുസ്തകം’
മിഖായേല്‍ നഈമി
വിവ: അഹ്മദ് മൂന്നാംകൈ
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss