|    Oct 16 Tue, 2018 2:23 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഒരു പത്രത്തിന്റെ തിരോധാനം

Published : 6th September 2017 | Posted By: fsq

 

അര്‍ജന്റീനയിലെ പട്ടാള സര്‍വാധിപത്യത്തിനെതിരേ പ്രതികരിച്ച ഇംഗ്ലീഷ് പത്രമായ ബ്യൂണസ് ഐറിസ് ഹെറാള്‍ഡ് അടച്ചുപൂട്ടുമ്പോള്‍ 140 കൊല്ലത്തെ ചരിത്രമാണ് വര്‍ത്തമാനകാലവുമായുള്ള ബന്ധത്തില്‍നിന്ന് വിച്ഛേദിക്കപ്പെടുന്നത്. 1876 സപ്തംബര്‍ 15ന് വില്യം കത്കാര്‍ട്ട് തുടങ്ങിയ പത്രം ആദ്യകാലത്ത് ഏകതാള്‍ മാത്രമായാണു പ്രസിദ്ധീകരിച്ചിരുന്നത്. മുഖപേജില്‍ വാര്‍ത്തകളും പിന്‍വശത്ത് ഷിപ്പിങ് വിവരങ്ങളും. അടുത്ത വര്‍ഷം ദിനപത്രമായി മാറിയെങ്കിലും ഷിപ്പിങ് വാര്‍ത്തകള്‍ക്ക് നല്ലൊരുഭാഗം നീക്കിവച്ചിരുന്നു.1976 മുതല്‍ ആറുവര്‍ഷം നീണ്ടുനിന്ന സൈനിക സ്വേച്ഛാധിപത്യത്തിനെതിരേ ബ്രിട്ടിഷുകാരനായ മുഖ്യപത്രാധിപര്‍ റൂപ്പര്‍ട്ട് കോക്‌സിന്റെ നേതൃത്വത്തില്‍ പത്രം ആഞ്ഞടിച്ചു. ഭരണകൂടത്തിനെതിരേ പ്രതികരിച്ച അനേകംപേരുടെ തിരോധാനത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ഹെറാള്‍ഡിനെ അര്‍ജന്റീനക്കാരുടെ പ്രിയങ്കരമായ പത്രമാക്കി. എഴുപതുകളില്‍ പട്ടാള ഭരണകൂടം 30,000ലേറെ ആളുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. കാണാതായ കുഞ്ഞുങ്ങളുടെ വിവരങ്ങളറിയാന്‍ ആകാംക്ഷാഭരിതരായ അനേകം അമ്മമാര്‍ ഹെറാള്‍ഡ് ഓഫിസിനു മുന്നില്‍ കാത്തുനിന്നിരുന്നു. എഡിറ്റര്‍ കോക്‌സിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോവാന്‍ വരെ അധികൃതര്‍ ശ്രമിച്ചു. ഒടുവില്‍ കോക്‌സും കുടുംബവും ജീവനിലുള്ള കൊതികൊണ്ട് നാടുവിടുകയായിരുന്നു. ”ഒരു പത്രം എത്രപേര്‍ വായിക്കുന്നു എന്നതല്ല കാര്യം, ജനങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതാണ്”- ഹെറാള്‍ഡിന്റെ ഒടുവിലത്തെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ ലക്കൂന്‍സ പറഞ്ഞതാണു ശരി. അര്‍ജന്റീനക്കാര്‍ ഹെറാള്‍ഡിനെ അത്രമാത്രം സ്‌നേഹിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss