|    Mar 23 Fri, 2018 10:57 am
Home   >  Editpage  >  Lead Article  >  

ഒരു നിരോധനത്തിന്റെ ഇരുവശങ്ങള്‍

Published : 3rd November 2015 | Posted By: swapna en

പാതയോരത്ത്/     ഹര്‍ഷ് മന്ദര്‍

ഇന്ത്യയിലെ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ഭീകരവാദവും സ്പര്‍ധയും ഊതിക്കത്തിക്കുന്ന അപകടകരവും ദേശവിരുദ്ധവുമായ സംഘടനയാണ് സിമി എന്നത് ഭൂരിപക്ഷം ആളുകളുടെയും മനസ്സില്‍ ആഴത്തില്‍ വേരൂന്നിയ ഒരു ആശയമാണ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പോലിസ് സേനയും ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരും നിരന്തരമായി ഊട്ടിവളര്‍ത്തിപ്പോരുന്ന ഈ ആശയം 2001 മുതല്‍ സിമിയെ ആവര്‍ത്തിച്ചു നിരോധിക്കുന്നതിന് സഹായകമാവുകയും ചെയ്തു. നീതിന്യായ ട്രൈബ്യൂണലുകളും കോടതിവിധികളും തുടര്‍ച്ചയായി ശരിവച്ച ആശയംകൂടിയാണിത്.

സ്വാഭാവിക നീതിയുടെയും രാഷ്ട്രീയത്തിന്റെയും സ്ഫടികപാളികളിലൂടെ കടത്തിവിട്ടുകൊണ്ടാണ് ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജനകീയ സംഘം (പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ്- പിയുഡിആര്‍) ഈ നിരോധനങ്ങളെ ചോദ്യംചെയ്യുന്നത്. നിരോധനങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ഉറപ്പുകളില്‍നിന്നുള്ള ഗുരുതരമായ വ്യതിചലനങ്ങളാണെന്നാണ് പിയുഡിആറിന്റെ അനുമാനം. സിമിക്ക് എതിരായുള്ള ഔദ്യോഗികമായ കുറ്റാരോപണങ്ങള്‍ വളരെ ഗുരുതരമാണ്.

സിമി വര്‍ഗീയ വിരോധം പരത്തുന്നു, ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുന്നു, ആര്‍എസ്എസുമായി ബന്ധമുള്ള ഹിന്ദുക്കളെ കൊല്ലുന്നു, അതൊരു പാകിസ്താന്‍ അനുകൂല സംഘടനയാണ്, മുസ്‌ലിം ചെറുപ്പക്കാരുടെ മനസ്സില്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിവയ്ക്കുന്ന പ്രസ്ഥാനമാണ്, ഇന്ത്യയില്‍ ഇസ്‌ലാമികഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യം സാധിച്ചെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണത് എന്നൊക്കെയാണ് ആരോപണങ്ങള്‍. നിരവധി സ്‌ഫോടനങ്ങളിലും ബോംബാക്രമണങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും സിമിക്ക് പങ്കാളിത്തമുണ്ടെന്ന് പ്രോസിക്യൂഷന്‍ ഏജന്‍സികള്‍ തുടര്‍ച്ചയായി ആരോപിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, 2012ല്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയ പശ്ചാത്തലക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയ 111 കേസുകളില്‍ 97 എണ്ണത്തിലും ഒന്നുകില്‍ കോടതികള്‍ ആരോപണവിധേയരായ ആളുകളെ കുറ്റവിമുക്തരാക്കുകയാണു ചെയ്തിട്ടുള്ളത്, അല്ലെങ്കില്‍ ഗവണ്‍മെന്റ് തങ്ങളുടെ കുറ്റാരോപണങ്ങള്‍ ഉപേക്ഷിച്ചു. സിമി പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കുന്ന ഈ പ്രവണത അടുത്തകാലം വരെ തുടര്‍ന്നുപോരുകയും ചെയ്യുന്നു. ഭീകരവാദക്കേസുകളുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ ജോലികിട്ടാന്‍ പ്രയാസപ്പെടുന്നു.

സാമ്പത്തിക തകര്‍ച്ചയെയും സാമൂഹിക ബഹിഷ്‌കരണത്തെയും അവര്‍ അഭിമുഖീകരിക്കുന്നു. കുറ്റവിമുക്തരാക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ അവശേഷിക്കുകയാണ്. ഇത്തരം പ്രയാസങ്ങളടക്കം പ്രസ്തുത കുടുംബങ്ങള്‍ സാമൂഹികമായി കൊടുക്കേണ്ടിവരുന്ന വിലയുടെ വ്യാപ്തി എത്രത്തോളമുണ്ട് എന്നതിലേക്കാണ് റിപോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. നിരോധനങ്ങള്‍ വിജയകരമായി ശരിവച്ചുപോന്ന ട്രൈബ്യൂണലുകള്‍ തന്നിഷ്ടത്തോടെ പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങള്‍ പിയുഡിആര്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതികള്‍ പിന്നീട് പതിവുപോലെ തള്ളിക്കളയുന്ന ക്രിമിനല്‍ക്കുറ്റാരോപണങ്ങളെയാണ് ഈ ട്രൈബ്യൂണലുകള്‍ ഗണ്യമായതോതില്‍ ആശ്രയിക്കുന്നത്. അവയ്ക്കു പുറമേ പോലിസുദ്യോഗസ്ഥര്‍ക്കു മുമ്പാകെ നല്‍കുന്ന കുറ്റസമ്മതങ്ങളെയും. ഇവയാണ് അവരുടെ പക്കലുള്ള ഒരേയൊരു തെളിവ്, അല്ലെങ്കില്‍ പ്രബലമായ തെളിവ്. ദേശവിരുദ്ധ സാഹിത്യം കൈവശം വച്ചു എന്നതാണ് മറ്റൊരു തെളിവ്.

എന്നാല്‍, ഒരു ശരാശരി മനുഷ്യാവകാശപ്രവര്‍ത്തകന്റെയോ പണ്ഡിതന്റെയോ പക്കല്‍ സാധാരണനിലയ്ക്ക് ഉണ്ടാവാനിടയുള്ള പുസ്തകങ്ങള്‍ മാത്രമാണവ. ചോദ്യംചെയ്യുന്ന വേളയില്‍ സംശയിക്കപ്പെടുന്ന ആളുകളില്‍നിന്ന് പോലിസ് ഊറ്റിയെടുക്കുന്ന കുറ്റസമ്മതങ്ങള്‍ അവിശ്വസനീയമായിട്ടേ കണക്കാനാവൂ. മര്‍ദ്ദനം വഴിയോ മറ്റു നിലയ്ക്കുള്ള സമ്മര്‍ദ്ദങ്ങള്‍ വഴിയോ ആണ് ഈ കുറ്റസമ്മതങ്ങള്‍ ഒപ്പിച്ചെടുത്തിട്ടുണ്ടാവുക എന്നതിന് എല്ലാ സാധ്യതകളുമുണ്ട് എന്നതു തന്നെ അതിനു കാരണം. അതിനാല്‍ പോലിസിനു നല്‍കിയ കുറ്റസമ്മതമൊഴികള്‍ ഇന്ത്യയില്‍ ഇന്നു നിലവിലുള്ള തെളിവുനിയമപ്രകാരം തെളിവുകളായി കണക്കിലെടുക്കാറില്ല. ഈ സുസ്ഥാപിത വ്യവസ്ഥയെ തകിടംമറിക്കുന്നതായിരുന്നു നിയമം. നിരപരാധിത്വവും കുറ്റകൃത്യവും തമ്മില്‍ വേര്‍തിരിക്കുന്നതിനെ അസാധ്യമാക്കിക്കൊണ്ടാണ് ഈ തകിടംമറിക്കല്‍ ഉണ്ടായത്. 1995ല്‍ ടാഡ റദ്ദാക്കപ്പെട്ടു.

എന്നാല്‍, യുഎപിഎയില്‍ അതേ നീതിരഹിതമായ വ്യവസ്ഥ നിലനില്‍ക്കുകയാണ്. വളരെയധികം നീതിരഹിതമായ ഈ നിയമത്തെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നം ഔദ്യോഗിക ഏജന്‍സികള്‍ അതിനെ പക്ഷപാതപരമായാണ് ഉപയോഗിക്കുന്നത് എന്നുള്ളതാണ്, വിശേഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തില്‍. വലിയൊരുകൂട്ടം മുസ്‌ലിം യുവാക്കള്‍ക്കെതിരേ ഈ നിയമം യഥാര്‍ഥത്തില്‍ ഒരു വിഭാഗീയ ഉപകരണമായും മര്‍ദ്ദനോപാധിയുമായിട്ടാണു വര്‍ത്തിക്കുന്നതെന്നും അവര്‍ക്കെതിരേ അത് കുറ്റകൃത്യത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു എന്നും റിപോര്‍ട്ട് ന്യായമായും അനുമാനിക്കുന്നു. ഹിംസാത്മക പ്രവൃത്തികള്‍ പ്രോല്‍സാഹിപ്പിക്കുന്ന ആശയങ്ങളെ അടിച്ചമര്‍ത്തുന്നതിന് നിരോധനങ്ങള്‍ അത്യാവശ്യമാണെന്ന ഔദ്യോഗികവാദത്തെ പിയുഡിആര്‍ റിപോര്‍ട്ട് നിരാകരിക്കുകയും ചെയ്യുന്നു. നിരോധനങ്ങള്‍ ഒരുവിഭാഗത്തെ ലക്ഷ്യംവയ്ക്കുകയും സമാനമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റു ചിലരെ വെറുതെവിടുകയുമാണു ചെയ്യുന്നത്.

1987ല്‍ പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി ഹാഷിംപുരയിലും മാലിയാനയിലും നടത്തിയ കൂട്ടക്കൊലയും 1991ലെ കുനാന്‍-പോഷ്‌പോറ കൂട്ടബലാല്‍സംഗവും സിഖ് വിരുദ്ധ-മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലകള്‍ക്കിടയില്‍ നടന്ന വന്‍ കുറ്റകൃത്യങ്ങളും 1992-1993 കാലത്ത് മുംബൈയിലും 2002ല്‍ ഗുജറാത്തിലും നടന്ന ബലാല്‍സംഗങ്ങളും കവര്‍ച്ചയും മറ്റും സുരക്ഷാസേനയോ ഹിന്ദുമതഭ്രാന്തരോ ആണ് ചെയ്തത് എന്ന ഒറ്റക്കാരണത്താല്‍ യുഎപിഎയിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം നിന്ദ്യവും നീചവുമായ കുറ്റങ്ങളല്ല എന്നാണോ നാം പറയാന്‍ പോവുന്നത് എന്ന് റിപോര്‍ട്ട് ചോദിക്കുന്നു. ഹിന്ദുത്വപ്രവര്‍ത്തകര്‍ ഒരു സിനിമാഹാളില്‍ ബോംബ് വച്ചാല്‍ അതു കുറ്റമല്ല. അതേസമയം, സിമിയുടെ ആശയങ്ങളോട് അടുപ്പമുള്ള ആശയങ്ങളോ അഭിപ്രായങ്ങളോ അടങ്ങുന്ന ലഘുലേഖ ഒരാള്‍ കൈയില്‍ വച്ചാല്‍ അതുപോലും ഭീകരപ്രവര്‍ത്തനം! സംഘടനകളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന ഇത്തരം നിരോധനങ്ങള്‍ നീതിയുക്തമായി കൈക്കൊള്ളുന്നവയും സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ളവയുമല്ലെന്ന് തീര്‍ച്ചയായും തിരിച്ചറിയേണ്ടതുണ്ട്. മറിച്ച്, എതിരഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്ന ചില സംഘടനകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനങ്ങളാണവ. സിമിയെ തുടര്‍ച്ചയായി നിരോധിക്കുമ്പോള്‍ ആര്‍എസ്എസിനെ മൂന്നുതവണ നിരോധിച്ചതും താല്‍ക്കാലികാടിസ്ഥാനത്തിലാണ്.

1948ലും അടിയന്തരാവസ്ഥക്കാലത്തും 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് തൊട്ടുപിന്നാലെയുമാണ് ഈ നിരോധനങ്ങളുണ്ടായത്. ആദ്യത്തെ തവണ 20 മാസത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിരോധനം നിരുപാധികം എടുത്തുകളഞ്ഞു. അവസാനത്തെപ്രാവശ്യം ആറുമാസത്തിനുള്ളില്‍ തന്നെ നിരോധനം നീക്കി. സ്വാതന്ത്ര്യം ആളുകളെ സംഘടിപ്പിക്കുന്നതിനും പൊതുവായ രാഷ്ട്രീയതാല്‍പര്യങ്ങളെയും ഉല്‍ക്കണ്ഠകളെയും കൂട്ടായി പ്രകടിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവസരങ്ങള്‍ കൈവരിക്കാന്‍ ജനങ്ങളെ, വിശേഷിച്ചും തുല്യതയ്ക്കും നീതിക്കും വേണ്ടി പൊരുതുന്നവരെ പ്രാപ്തരാക്കുന്നു എന്നു പിയുഡിആറിനോടൊപ്പം ചേര്‍ന്നുനിന്നു തിരിച്ചറിയുക എന്നത് ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പിയുഡിആര്‍ തങ്ങളുടെ റിപോര്‍ട്ട് ഉപസംഹരിക്കുന്നത് ഈ നിഗമനത്തോടെയാണ്. അതു തീര്‍ത്തും ശരിയുമാണ്. യഥാര്‍ഥ ജനാധിപത്യം നീതിയുടെയും സമത്വത്തിന്റെയും ഒറ്റയ്ക്കും കൂട്ടായുമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അടിത്തറമേലാണ് തഴച്ചുവളരുന്നത്. അന്തിമ വിശകലനത്തില്‍ പേടിയുടെയും വ്യാജാരോപണങ്ങളുടെയും മേല്‍ വളര്‍ന്നുവലുതാവുന്ന സുരക്ഷാഭീതിയുടെ താല്‍പര്യങ്ങളാല്‍ കെണിയിലകപ്പെടുന്നതിനേക്കാള്‍ സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം നല്ലത്, തെറ്റുകള്‍ ചെയ്യുന്നതു തന്നെയായിരിക്കും എന്ന ജനാധിപത്യത്തിന്റെ ദൃഢബോധ്യമാണ് അതു പറഞ്ഞുറപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss