|    Oct 17 Wed, 2018 2:55 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു ദേശാടനത്തിന്റെ അനുഭവങ്ങള്‍

Published : 26th September 2017 | Posted By: fsq

കര്‍വാനെ മുഹബ്ബത്ത്, സ്‌നേഹയാത്രാ സംഘം എന്ന പേരില്‍ സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദറും സഹപ്രവര്‍ത്തകരും ഇന്ത്യയുടെ ഉള്‍നാടുകളിലൂടെ നടത്തുന്ന നീണ്ട യാത്രയുടെ അനുഭവക്കുറിപ്പുകളില്‍ നിന്ന്:

അസമിലാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. ആദ്യദിവസം നഗോണില്‍ കൊല്ലപ്പെട്ട അര്‍ധസഹോദരങ്ങളായ റിയാസിന്റെയും അബൂ ഹനീഫിന്റെയും കുടുംബത്തിലാണ് ഞങ്ങള്‍ എത്തിയത്. ഹൃദയഭേദകമായിരുന്നു ആ അനുഭവം. മുസ്‌ലിംകളല്ലാത്ത കൂട്ടര്‍ താമസിക്കുന്ന സമീപഗ്രാമത്തിലെ തോട്ടില്‍ മല്‍സ്യം പിടിക്കാന്‍ ചൂണ്ടയിടുകയായിരുന്നു കൗമാരപ്രായക്കാരായ രണ്ടു കുട്ടികളും. അവര്‍ പശുവിനെ കക്കാന്‍ വന്നവരാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഒരുകൂട്ടം ആളുകള്‍ വന്ന് അവരെ അടിച്ചുകൊല്ലുകയായിരുന്നു. കൊല്ലുക മാത്രമല്ല, അവരുടെ മൃതശരീരങ്ങള്‍ അക്രമികള്‍ വികൃതമാക്കുകയും ചെയ്തിരുന്നു. സ്വന്തം അയല്‍വാസികള്‍ തങ്ങളുടെ കുട്ടികളെ ഇങ്ങനെ ക്രൂരമായി കൊല ചെയ്തതിന്റെ ഞെട്ടലില്‍ നിന്നു മാതാപിതാക്കള്‍ വിമുക്തരായിട്ടില്ല. പത്തുപേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ഞങ്ങളോട് പറഞ്ഞു. അധികം വൈകാതെ അവര്‍ക്കൊക്കെ ജാമ്യം ലഭിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്കു വേണ്ടി കോടതിയില്‍ നീതി തേടാന്‍ ചില പ്രാദേശിക അഭിഭാഷകര്‍ തയ്യാറായിട്ടുണ്ട്. നഗോണില്‍ ഒരു ജനകീയ സമിതി രൂപീകരിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇത്തരം സമിതികള്‍ ആവശ്യമാണെന്നു തീര്‍ച്ചയാണ്. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ നീതി ഉറപ്പാക്കാന്‍ അത്തരം പൗരസമിതികള്‍ ഇന്ന് അനിവാര്യമാണ്. ഗുവാഹത്തിയില്‍ ഞങ്ങള്‍ വൈകുന്നേരമാണ് എത്തിയത്. അവിടെ വിദ്യാര്‍ഥിനേതാക്കളുമായി സംവദിച്ചു. വെറുപ്പിന്റെയും അക്രമത്തിന്റെയും ചൂഷണത്തിന്റെയും പിടിയില്‍ നിന്ന് മുക്തമായ ഒരു ഇന്ത്യയെക്കുറിച്ചാണ് സ്വപ്‌നം കാണുന്നതെന്ന് സംവാദത്തില്‍ അവര്‍ വ്യക്തമാക്കി. രണ്ടാം ദിവസം അവസാനിക്കും മുമ്പാണ് ബംഗളൂരുവില്‍ ഗൗരി ലങ്കേഷിന്റെ വധം സംബന്ധിച്ച വാര്‍ത്ത ഞങ്ങള്‍ കേട്ടറിഞ്ഞത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ ശക്തമായ പോരാട്ടം നടത്തിയ അവരുടെ വധം ഞങ്ങളെ ഞെട്ടിച്ചു. അസഹിഷ്ണുതയും അക്രമവും രാജ്യത്തു പിടിമുറുക്കുകയാണ്. പക്ഷേ, അവരുടെ ശബ്ദം അടിച്ചമര്‍ത്താനാവില്ലെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. കുട്ടികള്‍ കൊല ചെയ്യപ്പെട്ട കുടുംബങ്ങളുടെ നാഥന്‍മാരുമായുള്ള കൂടിച്ചേരലാണ് രണ്ടാം ദിവസവും കാര്യമായി നടന്നത്. ഇത്തവണ ആള്‍ക്കൂട്ട കൊലയായിരുന്നില്ല; വെറുപ്പിന്റെ മറ്റു മുഖങ്ങളാണ് അവരെ ഇല്ലാതാക്കിയത്. ഗോള്‍പാറ ജില്ലയിലെ ഖര്‍ബുജ ഗ്രാമത്തില്‍ കൊല്ലപ്പെട്ട 22കാരനായ യഅ്ഖൂബ് അലിയുടെ വീട്ടിലാണ് ഞങ്ങള്‍ എത്തിയത്. ഈ ഗ്രാമത്തിലും മറ്റു പല പ്രദേശങ്ങളിലും പല വീട്ടുകാര്‍ക്കും സര്‍ക്കാരില്‍ നിന്നു നോട്ടീസ് ലഭിച്ചിട്ടുണ്ട്. അവരുടെ വോട്ടവകാശം സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ നോട്ടീസുകള്‍ നല്‍കിയിരിക്കുന്നത്. ചില കേസുകളില്‍ അച്ഛനും അമ്മയും വോട്ടര്‍മാരായിരിക്കെ തന്നെ മക്കളില്‍ ചിലരുടെ വോട്ട് സംശയാസ്പദമാണെന്ന് അധികൃതര്‍ പറയുന്നു. ഇതിനെതിരേ നടന്ന ഒരു പ്രതിരോധ സമരത്തില്‍ യഅ്ഖൂബ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ 30നാണ് പ്രക്ഷോഭം നടന്നത്. ഇന്ത്യക്കാരായ ബംഗാളി മുസ്‌ലിം വോട്ടര്‍മാരെ അയോഗ്യരാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്നാണ് പ്രക്ഷോഭകര്‍ ആരോപിച്ചത്. അതിനുശേഷമുണ്ടായ സംഭവങ്ങള്‍ ഒരു വീഡിയോ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രക്ഷോഭകരില്‍ ചിലര്‍ കല്ലേറ് നടത്തിയിരുന്നു. ഒരു പോലിസുകാരന്‍ തോക്കെടുത്ത് ഉന്നംപിടിച്ച് യഅ്ഖൂബിനെ വെടിവച്ചിടുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഒരു മുന്നറിയിപ്പും പോലിസ് നല്‍കിയില്ല; വെടിവയ്പിനു മുമ്പ് ലാത്തിച്ചാര്‍ജും നടത്തിയില്ല. വെടിവച്ചു കൊല്ലുക എന്നതുതന്നെയായിരുന്നു പോലിസ് നയം എന്നു വ്യക്തം. അതേതരം അനുഭവം തന്നെയാണ് ലഫീഫുല്‍ ഇസ്‌ലാം അഹ്മദിന്റെ കുടുംബത്തിന്റേതും. കൊക്രാജര്‍ ജില്ലയിലെ മസ്ജിദ്പര ഗ്രാമത്തിലാണ് ഞങ്ങള്‍ കുടുംബത്തെ കണ്ടത്. അഖിലേന്ത്യാ ബോഡോ ന്യൂനപക്ഷ വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്നു ലഫീഫുല്‍ ഇസ്‌ലാം. ബോഡോലാന്‍ഡ് പ്രദേശത്തെ വിവിധ സമുദായങ്ങള്‍ തമ്മില്‍ ഐക്യവും സൗഹൃദവും ഊട്ടിവളര്‍ത്താന്‍ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചിരുന്നു; സമുദായ സംഘര്‍ഷത്തിനെതിരേ ശക്തമായി പോരാടിയിരുന്നു. 2017 ആഗസ്ത് ഒന്നിന് തോക്കുധാരികളായ രണ്ടുപേര്‍ അദ്ദേഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. തിരക്കേറിയ മാര്‍ക്കറ്റില്‍ പട്ടാപ്പകലാണ് കൊല നടന്നത്. ആയിരക്കണക്കിന് ആളുകളാണ് ജനാസ നമസ്‌കാരത്തിന് എത്തിയത്. കൊലപാതകികളെ ഇനിയും പിടിച്ചിട്ടുമില്ല. വേദനാജനകമായ ഇത്തരം അനുഭവങ്ങള്‍ക്കു സാക്ഷിയായാണ് ഞങ്ങള്‍ അസമിലെ പര്യടനം അവസാനിപ്പിച്ചത്. അക്രമം ഇവിടെ നിത്യാനുഭവമായിരിക്കുന്നു. ഭരണകൂടം പരസ്യമായി അക്രമികളുടെ ഭാഗത്തു ചേര്‍ന്ന അവസ്ഥയാണ്. ന്യൂനപക്ഷങ്ങള്‍ അഗാധമായ ഒരു നിസ്സഹായതയുടെ കയത്തിലേക്ക് നിപതിച്ചിരിക്കുകയാണ്. ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന രാജ്യത്തെ ജനങ്ങള്‍ അസമിലെ നിസ്സഹായരായ ഈ മനുഷ്യരുടെ നിലവിളി കേള്‍ക്കേണ്ടിയിരിക്കുന്നു. മൂന്നാം ദിവസം ജാര്‍ഖണ്ഡിലാണ് ചെലവഴിച്ചത്. ഗിരിധില്‍ നിന്നു രാംഗഡിലേക്കുള്ള ബസ് യാത്രയിലാണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡ്. ഹൃദയമാവട്ടെ, വിങ്ങുകയാണ്. ഈ യാത്ര എന്തുകൊണ്ടും പ്രധാനമാണ് എന്ന് അനുഭവങ്ങള്‍ ഞങ്ങളോട് പറയുന്നു. ഗൗരി ലങ്കേഷിന്റെ വധം ഞങ്ങളുടെ മുമ്പില്‍ ഒരു കടുത്ത ഞെട്ടലായി നിലനില്‍ക്കുന്നു. വെറുപ്പിന്റെ ശക്തികളുടെ ഇരകള്‍ ന്യൂനപക്ഷങ്ങളും ദലിതരും മാത്രമല്ല. അവരുടെ കൂടെ നില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും അതേ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഗിരിധില്‍ ഞങ്ങള്‍ കണ്ടത് അഖ്‌ലാഖിന്റെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ്. കൊല മാത്രമല്ല, അതു നീതീകരിക്കാനായി നടക്കുന്ന പ്രചാരവേലകളും ഒരേ അച്ചില്‍ വാര്‍ത്തതുതന്നെ. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ വൃദ്ധനായ ഉസ്മാന്‍ അന്‍സാരി മരിക്കാതെ രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹം ശാരീരികമായും മാനസികമായും തകര്‍ന്നു കഴിയുകയാണ്. സംഭവം നടന്നിട്ടു മാസങ്ങളായെങ്കിലും പുറത്തിറങ്ങാന്‍ അദ്ദേഹത്തിന് ധൈര്യമില്ല. അദ്ദേഹം എവിടെയാണു കഴിയുന്നതെന്ന് ഞങ്ങളോട് പോലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. രഹസ്യമായി ഞങ്ങളില്‍ ചിലര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സൗകര്യം ഒരുക്കാമെന്നാണ് അവര്‍ പറഞ്ഞത്. ജൂലൈ 28ന് ഇവിടെ നടന്ന സംഭവങ്ങള്‍ക്ക് ദാദ്രിയിലെ സംഭവങ്ങളുമായി ഒരുപാട് സാമ്യമുണ്ട്. ഹിന്ദുക്കള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ഒരു മുസ്‌ലിം കുടുംബം മാത്രം. ഉസ്മാന്‍ അന്‍സാരി പശുവിനെ കൊന്നതായ വാര്‍ത്ത പ്രചരിക്കുന്നു; ദുരൂഹമായ മട്ടില്‍ ഒരു പശുവിന്റെ തല ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്നു. അയല്‍വാസികള്‍ വീട്ടില്‍ കയറി ആക്രമണം നടത്തുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ അക്രമികള്‍ ഉപേക്ഷിച്ചുപോയി. ആള്‍ മരിച്ചുവെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പോവുന്ന പോക്കില്‍ വീടിനു തീയിടുകയും ചെയ്തു. വീടിനോടൊപ്പം ചാമ്പലാവേണ്ടതായിരുന്നു അന്‍സാരിയും. ഭാഗ്യത്തിന് അപ്പോഴേക്കും സ്ഥലത്തെത്തിയ പോലിസും ജില്ലാ അധികൃതരുമാണ് അന്‍സാരിയുടെ ജീവന്‍ രക്ഷിച്ചത്. ഈ സംഭവത്തിന്റെ ആശ്വാസദായകമായ ഒരു ഘടകം ജില്ലാ കലക്ടറും പോലിസും സമയോചിതമായി ഇടപെട്ടതാണ്. ആള്‍ക്കൂട്ടം കലക്ടറുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞു. പക്ഷേ, അധികൃതര്‍ അന്‍സാരിയെ രക്ഷപ്പെടുത്തി ഹസാരിബാഗ് ആശുപത്രിയിലെത്തിച്ചു. എട്ടു ദിവസം അബോധാവസ്ഥയിലാണ് അദ്ദേഹം കഴിഞ്ഞത്. മാസങ്ങളോളം റാഞ്ചിയിലെ ആശുപത്രിയില്‍ കഴിഞ്ഞുകൂടി. തലയില്‍ ഇപ്പോഴും അഗാധമായ ഒരു മുറിവുണ്ട്; കൈയിലെ എല്ല് തകര്‍ന്നുതരിപ്പണമായിരിക്കുന്നു.                            (അവസാനിക്കുന്നില്ല.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss