|    Nov 18 Sun, 2018 11:35 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു തെരുവുനാടക യാത്രയുടെ ഓര്‍മയ്ക്കായി

Published : 11th April 2018 | Posted By: kasim kzm

വെട്ടും തിരുത്തും  – പി എ എം ഹനീഫ്
ഭരത് പി ജെ ആന്റണി എന്ന മനുഷ്യസ്‌നേഹിയായ മഹാനടന്റെ സ്മരണാര്‍ഥം കൊച്ചിയില്‍ ഏറെ സജീവമാണ് ആ മനീഷിയുടെ നാമധേയത്തിലുള്ള മെമ്മോറിയല്‍ ഫൗണ്ടേഷന്‍. നാലു വര്‍ഷമായി ഫൗണ്ടേഷന്‍ തെരുവു നാടകോല്‍സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ എട്ട് ഞായര്‍ വരെ നാലു വേദികളിലായി 12 ഇതരഭാഷാ നാടകങ്ങളടക്കം 48 അവതരണങ്ങള്‍. ഈ വര്‍ഷം ഞാനും എന്റെ പുതിയ നാടകസംഘം ആനക്കര രംഗസൂര്യയും ക്ഷണിക്കപ്പെട്ടു. വെട്ടും തിരുത്തും വിഷയം അതല്ല.
ഉദ്ഘാടനദിവസം നാടകം കഴിഞ്ഞ് എനിക്കൊരു ആദരമുണ്ടായി. മെമെന്റോ സദസ്യര്‍ക്കു മുമ്പാകെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഒരാള്‍; അല്ല, അഞ്ചോളം ആളുകള്‍ അരങ്ങിലേക്ക് കടന്നുവന്ന് എന്റെ കാല്‍തൊട്ടു വന്ദിച്ചു. എനിക്കതൊരു അദ്ഭുതമായി. കാരണം, കേരളത്തില്‍ നാടകപ്രവര്‍ത്തകര്‍ പരസ്പരം ബഹുമാനിക്കപ്പെടാറില്ല. പകരം, നാടകം വഷളാക്കാന്‍ വേണ്ടതൊക്കെ ഒരുക്കുകയും ചെയ്യും. 52 വര്‍ഷത്തെ നാടകജീവിതത്തിനിടയില്‍ ഞാന്‍ കണ്ടതും കേട്ടതുമൊക്കെ പരസ്പരം ‘പണി കൊടുക്കുന്ന’ നാടക അവതാരങ്ങളെയാണ്. ഏറെ നാള്‍ നാടകക്കാലം കഴിച്ചുകൂട്ടിയ തൃശൂര്‍ ജില്ലയിലാണ് മലയാള നാടക കലാകാരന്‍മാരുടെ സ്വരച്ചേര്‍ച്ചയില്ലായ്മ ഏറെ വെളിപ്പെട്ടിട്ടുള്ളത്.
ഇന്നത്തെ ഇന്ത്യയില്‍ കേരളം ഒറ്റപ്പെട്ട തുരുത്താണ്. ഇത്തിരി പ്രതീക്ഷകള്‍ ഇനിയും ഈ മണ്ണില്‍ ബാക്കിയുണ്ട്. ഇവിടെയും അടിച്ചുകൊല്ലല്‍ തുടങ്ങിക്കഴിഞ്ഞു. അശാന്തന്‍മാരെ ശവാവസ്ഥയില്‍ പോലും മാറ്റിക്കിടത്തുന്നു. ദലിതന്‍ എന്നതാണ് കുറ്റം. നാടകം, പ്രത്യേകിച്ച് തെരുവുനാടകം കൊണ്ടു മാത്രമേ കേരളത്തിലിനി പ്രതിരോധങ്ങള്‍ സാധ്യമാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
നാടകപഠനങ്ങള്‍ പൂര്‍ത്തിയാക്കി ഞാന്‍ ആദ്യം പേനയെടുത്തത് തെരുവുനാടക രചനയ്ക്കാണ്. പൂര്‍ത്തിയാവാത്ത ഒന്നാണ് നാടക പഠനശാഖ എന്നതിനാല്‍ ഇന്നും പുതിയ അരങ്ങുപരീക്ഷണങ്ങള്‍ക്ക് ഞാനും എനിക്കു ചുറ്റും സ്വയം സമര്‍പ്പിതരായി നില്‍ക്കുന്ന സംഘങ്ങളും തെരുവോരത്ത് നാടകവുമായി എത്തുന്നു. ഞാനൊന്നു പിന്തിരിഞ്ഞുനോക്കി. എറണാകുളത്ത് വിവിധ കരകളിലായി അവതരിപ്പിച്ച ‘അപ്പുവിന്റെ തേങ്ങലുകള്‍’ എന്റെ നൂറാമത് തെരുവുനാടകമാണ്. 83 മുതല്‍ വിവിധ പ്രക്ഷോഭമേഖലകളില്‍ തെരുവുനാടകവുമായി ഞാന്‍ പ്രതിരോധങ്ങള്‍ തീര്‍ത്തു. കേരളത്തിലെ കാബറേ സംസ്‌കാരത്തിനെതിരേ, ഹോട്ടലുകളിലെ അമിതവിലകള്‍ക്കെതിരേ, എന്തിനേറെ, ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരേ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ വരെ ഞാനും സംഘവും നാടകം കളിച്ചു. ജയിലഴികളും ഏറെ കണ്ടു; നാടകം കളിച്ചു എന്ന കുറ്റത്തിന്.
എറണാകുളത്ത് ഈ വര്‍ഷം ഗുജറാത്തില്‍ നിന്നുള്ള ഗിര്‍ഗിത് (ഓന്ത്) നാടകത്തിലെ തെരുവുനാടക കലാകാരന്‍മാരാണ് എന്നെ അതിശയിപ്പിച്ച് കാല്‍ തൊട്ടത്. അത്രയേറെ, മലയാള നാടകം ഭാഷ അജ്ഞാതമായിട്ടു കൂടി അവരില്‍ കനത്ത പ്രതികരണമുണ്ടാക്കിയത്രേ. അഹ്മദാബാദിലെ ബുധന്‍ തിയേറ്റര്‍ അംഗങ്ങള്‍ പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകന്‍ അതിഷ് ഇന്ദ്രേക്കറുടെ നേതൃത്വത്തിലാണ് കൊച്ചിയിലെത്തിയത്.
ബുധന്‍ തിയേറ്റര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അഹ്മദാബാദിനടുത്ത ചാരാ നഗര്‍ ചേരിപ്രദേശത്ത് ചാര നാടോടിഗോത്രത്തിന്റെ നാടകസംഘം. 1871ല്‍ ഗുജറാത്ത് ഹിന്ദുത്വര്‍ ഉണ്ടാക്കിയ ക്രിമിനല്‍ ട്രൈബ് ആക്റ്റ് അനുസരിച്ച് ചാരസമുദായം ജന്മനാ മോഷ്ടാക്കളാണ്. ജന്മനാ മോഷ്ടാക്കള്‍, കുറ്റവാളികള്‍ എന്നുതന്നെ. ഇന്ത്യന്‍ നിയമവ്യവസ്ഥയും പൊതുസമൂഹവും ഇവരെ ഇപ്പോഴും മോഷ്ടാക്കളായി തന്നെ നിരീക്ഷിക്കുന്നു. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് തുടങ്ങിയ, സാധാരണ പ്രജകള്‍ അനുഭവിക്കുന്ന സൗകര്യങ്ങളൊന്നും ഇവര്‍ക്കില്ല. ജന്മനാ മോഷ്ടാക്കളല്ലെന്നും മറിച്ച്, ജന്മനാ തങ്ങള്‍ നടന്‍മാരാണെന്നും അവര്‍ ആണയിടുന്നു. മോഷണം നടത്തുന്ന ചാര ഗോത്രക്കാര്‍ അഭിനയത്തിലൂടെയാണ് ഇന്നും മോഷണം തൊഴിലാക്കിയിരിക്കുന്നത്.
ചാര ഗോത്രക്കാരായ നടന്‍മാര്‍ ഒരു മലയാള നാടകം കണ്ട് ഭാഷയറിയാതെ ആസ്വദിച്ചത് എന്നില്‍ കൗതുകത്തിലേറെ അമ്പരപ്പുളവാക്കി. ഗുജറാത്തിലെ ചേരികളില്‍ ‘അപ്പുവിന്റെ തേങ്ങലുകള്‍’ അവതരിപ്പിക്കാന്‍ അവര്‍ സവിനയം ക്ഷണിച്ചു.
ഏപ്രില്‍ 12 വ്യാഴാഴ്ച എം ടി വാസുദേവന്‍ നായരുടെ ജന്മനാടായ കൂടല്ലൂരില്‍ നാടകം അവതരിപ്പിക്കുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കം പ്രമുഖര്‍ നാടകം കാണാനുണ്ടാവും. സംസ്ഥാനത്തെ കാംപസുകളില്‍ നാടകം എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റ് അവതരിപ്പിക്കാനും ശ്രമങ്ങള്‍ മുന്നേറുമ്പോള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് ചാര ഗോത്രക്കാരുടെ ഒരു ചോദ്യമാണ്: ‘കുട്ടികളെ എങ്ങനെ ഈവിധം പരിശീലിപ്പിച്ചെടുത്തു…’
അവര്‍ക്കത് ആലോചിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ആര്യ, അമൃത, ബിന്‍സി, അമൃത, ശ്രുതി, വിഷ്ണു, ഹരീഷ് തുടങ്ങിയ ഡിപ്ലോമ വിദ്യാര്‍ഥികള്‍ എന്റെ കടുത്ത ശിക്ഷണത്തിനു കീഴില്‍ പരിശീലിക്കുമ്പോള്‍ ഓര്‍ത്തിരിക്കില്ല, അവരുടെ അഭിനയ സപര്യക്ക് ഇത്രമേല്‍ അംഗീകാരങ്ങള്‍ ലഭിക്കുമെന്ന്. ഈ വരികള്‍ ഞാന്‍ എഴുതുമ്പോഴും എറണാകുളം ജില്ലയില്‍ അവര്‍ നാടകം പ്രയോഗിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss