|    Dec 13 Thu, 2018 4:58 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഒരു ഡോക്യുമെന്ററി പറയുന്നത്

Published : 31st May 2018 | Posted By: kasim kzm

ഹിശാമുല്‍  വഹാബ്  പി
ഒരു ഡോക്യുമെന്ററിയും അതിനെത്തുടര്‍ന്നുള്ള സംവാദങ്ങളും ജെഎന്‍യുവില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് മുന്നേറുന്നത്. വിവേകാനന്ദ വിചാര്‍ മഞ്ചും ഗ്ലോബല്‍ ഇന്ത്യന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ജെഎന്‍യു സബര്‍മതി ധാബയില്‍ സംഘടിപ്പിച്ച, സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ ലക്ഷ്യം സംഘ് പ്രോപഗണ്ട പ്രചാരണമായിരുന്നു.
‘ഇന്‍ ദ നെയിം ഓഫ് ലവ്: മെലങ്കലി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന തലക്കെട്ടോടുകൂടിയ ഡോക്യുമെന്ററിയുടെ ടാഗ്‌ലൈന്‍ ‘ആയിരക്കണക്കിനു കേരള പെണ്‍കുട്ടികളുടെ മതപരിവര്‍ത്തനവും ലൗജിഹാദ് വിഷയവും’ എന്നതാണ്. കേരളത്തില്‍ ഈയടുത്തായി നടന്ന ഇസ്‌ലാം ആശ്ലേഷവുമായി ബന്ധപ്പെട്ട ആശങ്കകളും ഹിന്ദുത്വ ഇരവാദവുമാണ് കൃത്യമായ ഇസ്‌ലാമോഫോബിയയും സ്ത്രീവിരുദ്ധതയും ഉള്‍ക്കൊള്ളുന്ന ഈ ഡോക്യുമെന്ററിയുടെ പശ്ചാത്തലം.
‘ലൗജിഹാദ്’ എന്ന പദപ്രയോഗത്തില്‍ അടങ്ങിയിരിക്കുന്ന മുസ്‌ലിം വിരുദ്ധതയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാണ് സുദിപ്‌തോ സെന്‍ തന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഈ ഡോക്യുമെന്ററി ആരംഭിക്കുന്നത് മുന്‍ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ 2010ലെ അഭിമുഖത്തോടെയാണ്. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാവുമെന്ന വി എസ് അച്യുതാനന്ദന്റെ ആശങ്കയുടെ യാഥാര്‍ഥ്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് സുദിപ്‌തോ സെന്‍ പറയുന്നത്, അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ഇസ്‌ലാമിക രാഷ്ട്രമാവുമെന്നാണ്!
ഈ ഡോക്യുമെന്ററിയില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക ശാസ്ത്രജ്ഞരുടെയും ഘര്‍വാപസി പ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ്. കേരളത്തിലെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ചുള്ള അത്യുക്തി നിറഞ്ഞ കണക്കുകളും ‘ലൗജിഹാദ്’ എന്ന നിര്‍മിതിയുടെ കെട്ടുകഥകളും ഉദ്ഭവിച്ചത് മുഖ്യധാരാ പത്രമാധ്യമങ്ങളില്‍ നിന്നും പ്രമുഖരുടെ നാക്കിന്‍ തുമ്പില്‍ നിന്നുമാണെന്ന യാഥാര്‍ഥ്യം ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.  2009 മുതല്‍ തുടര്‍ച്ചയായി ‘ലൗജിഹാദി’നെക്കുറിച്ചും ‘ലൗ ബോംബി’നെക്കുറിച്ചും സാങ്കല്‍പിക ഭാവനകള്‍ കുത്തിനിറച്ച ലേഖനങ്ങളും കണക്കുകളും പ്രസിദ്ധീകരിച്ച പ്രമുഖ പത്രങ്ങള്‍ മുസ്‌ലിം വിരുദ്ധതയെ കേരളത്തില്‍ വ്യാപിപ്പിക്കുകയായിരുന്നു. പിന്നീട് ‘ഘര്‍വാപസി’യായും ‘ഹിന്ദു ജാഗ്രതാ സമിതി’കളായും ഈ പ്രചാരണങ്ങള്‍ രൂപം മാറിയപ്പോഴും ഇവര്‍ പിന്തുണയേകുന്നു. കേരളത്തില്‍ മുസ്‌ലിം ജീവിതത്തെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകളും ആശങ്കകളും സംഘപരിവാരത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുവെന്നത് അവര്‍ പങ്കുവയ്ക്കുന്ന പൊതുബോധം (സംഘബോധം) പാരസ്പര്യത്തിന്റേതാണെന്ന് അടിവരയിടുന്നു.
യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ‘ലൗജിഹാദി’നെക്കുറിച്ചുള്ള വ്യവഹാരങ്ങളെല്ലാം മതപരിവര്‍ത്തനം എന്ന മൗലികാവകാശത്തെ മറച്ചുപിടിക്കാനുള്ള കേവല പ്രോപഗണ്ടകളാണ്. സംഘപരിവാരം ആഗ്രഹിക്കുന്നത് ‘ഇസ്‌ലാം ആശ്ലേഷം’ എന്ന ഡിബേറ്റിനെ ‘പ്രചോദനം, പ്രണയം, തിരഞ്ഞെടുപ്പ്’ എന്നീ പദാവലികളില്‍ മാത്രം ചര്‍ച്ച ചെയ്യാനാണ്. ഇസ്‌ലാം ആശ്ലേഷത്തിന്റെ ‘വിമോചനം, മോക്ഷം, ജാതിവിരുദ്ധത, ദൈവശാസ്ത്രം, ദൈവസ്‌നേഹം’ എന്നീ മാനങ്ങളെയാണ് ഹാദിയ അടക്കമുള്ള പരിവര്‍ത്തിത മുസ്‌ലിംകള്‍ ഊന്നിപ്പറയുന്നത്.
ഇത്തരത്തിലുള്ള വിപ്ലവാത്മക ബോധ്യങ്ങളെ അടയാളപ്പെടുത്താത്ത ഏതു തരം വ്യവഹാരങ്ങളും സംഘപരിവാരത്തിന്റെ പ്രോപഗണ്ട വ്യവസായത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ്. ഇന്ത്യയില്‍ ഉടനീളം രൂപം കൊള്ളുന്ന വാദപ്രതിവാദങ്ങളുടെ അജണ്ടകള്‍ ആരു രൂപപ്പെടുത്തുന്നു എന്നതും അതിന്റെ രാഷ്ട്രീയത്തെ തുറന്നുകാണിക്കാനുള്ള ദൗര്‍ബല്യവുമാണ് ഇന്നു ജെഎന്‍യുവില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ‘ലൗജിഹാദ്’ വിവാദങ്ങള്‍.
തന്റെ ഡോക്യുമെന്ററി ‘ഇസ്‌ലാം ആശ്ലേഷത്തിന്റെ പ്രശ്‌നങ്ങള്‍’ മുഖ്യപ്രമേയമാക്കി നിര്‍മിച്ചതാണെന്നു സംവിധായകന്‍ തന്നെ തുറന്നുപറയുമ്പോള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ ഈയൊരു കേന്ദ്രബിന്ദുവിനെ പൂര്‍ണമായി അവഗണിച്ചുകൊണ്ട്, കേവലമായ വാചാടോപങ്ങളാല്‍ വിരസമായിരിക്കുന്നു. ഒരുവശത്ത് എബിവിപിയുടെ ‘ലൗജിഹാദ്’ ആരോപണങ്ങളും മറുവശത്ത് ജെഎന്‍എസ്‌യുവില്‍ അടക്കമുള്ള ലെഫ്റ്റ് ലിബറലുകളുടെ അമൂര്‍ത്ത പ്രണയവും ചുറ്റിത്തിരിയുന്നത് സംഘപരിവാരം ഇസ്‌ലാം ആശ്ലേഷത്തിനെതിരില്‍ അഴിച്ചുവിടുന്ന അക്രമത്തെ നിശ്ശബ്ദവല്‍ക്കരിച്ചുകൊണ്ടാണ്.
ഇസ്‌ലാം ആശ്ലേഷിക്കുന്നവര്‍ക്കെതിരായി നടത്തപ്പെടുന്ന ഭരണകൂട ഹിംസയും ഘര്‍വാപസി കേന്ദ്രങ്ങളാല്‍ നടത്തപ്പെടുന്ന ഹിന്ദുത്വ ഹിംസയും ചര്‍ച്ച ചെയ്യപ്പെടാതെ കേവലമായ ‘പ്രണയവര്‍ത്തമാനങ്ങള്‍’ കൊണ്ടു ഫാഷിസത്തെ വെല്ലുവിളിക്കാമെന്നത് ലെഫ്റ്റ് ലിബറലുകളുടെ വ്യാമോഹം മാത്രമാണ്. ഡോക്യുമെന്ററി പ്രദര്‍ശനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് മുന്നോട്ടുവന്ന പിഞ്ച്‌റാ തോഡ് അടക്കമുള്ള ഇടതു സംഘടനകള്‍ സംഘപരിവാരത്തിന്റെ ‘ഇരവാദ’ത്തെ പ്രോത്സാഹിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്. നിരവധി ആഗോള അവാര്‍ഡുകള്‍ നേടിയ ഈ മുസ്‌ലിം വിരുദ്ധ ഡോക്യുമെന്ററിയെ ജെഎന്‍യു എന്ന കാംപസില്‍ തടയുകയും എന്നാല്‍ ഇതേ ഡോക്യുമെന്ററിയിലെ ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ചു മൗനമവലംബിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഡോക്യുമെന്ററി പ്രദര്‍ശനവേളയില്‍ എബിവിപി ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്കെതിരേയും വിദ്യാര്‍ഥികള്‍ക്കെതിരേയും വലിയ തോതില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. കല്ലും മുട്ടയും എറിയുകയും മര്‍ദിക്കുകയും ചെയ്തുകൊണ്ട് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച എബിവിപി, ചില വിദ്യാര്‍ഥികളെ ഉന്നംവച്ചു കൊലവിളി മുഴക്കി. മുന്‍ ജെഎന്‍യുഎസ്‌യു പ്രസിഡന്റും യുനൈറ്റഡ് എഗെന്‍സ്റ്റ് ഹെയ്റ്റ് നേതാവുമായ മോഹിത് പാണ്ഡെയെ ക്രൂരമായി മര്‍ദിച്ചു. ബാപ്‌സ നേതാവ് രാഹുല്‍ സോംപിമ്പ്‌ളെക്കെതിരേ വധഭീഷണി മുഴക്കുകയും ബലാത്സംഗ ഭീഷണി നടത്തി എന്ന ആരോപണം പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കാംപസിലെ അഴിഞ്ഞാട്ടങ്ങളില്‍ ജെഎന്‍യു അധികൃതര്‍ക്കുള്ള പങ്ക് വളരെ വ്യക്തമാണ്. ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കുകയും എബിവിപി പ്രവര്‍ത്തകര്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യുന്ന അധികൃതര്‍ സംഘപരിവാര അജണ്ടകള്‍ നടപ്പാക്കുകയാണ്. ഇത്തരം അജണ്ടകളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ആത്യന്തികമായി കാംപസിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ തന്നെയാണ്. തങ്ങള്‍ക്കിടയില്‍ നിന്നുതന്നെ നജീബിനെ മര്‍ദിച്ചു തട്ടിക്കൊണ്ടുപോയ എബിവിപി ഗുണ്ടകള്‍ കാംപസില്‍ വിഹരിക്കുമ്പോള്‍ നീതിയും സുരക്ഷയും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു പ്രതീക്ഷ മാത്രമാണ്. സംഘപരിവാരം രൂപകല്‍പന ചെയ്യുന്ന വ്യവഹാരങ്ങള്‍ക്കകത്തു സ്വയം പ്രതിഷ്ഠിക്കാതെ, ക്രിയാത്മക വിമര്‍ശനങ്ങളും സംവാദങ്ങളുമാണ് കാംപസ് ആവശ്യപ്പെടുന്നത്. സമകാലിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള, ലെഫ്റ്റ്-റൈറ്റ് ബൈനറികള്‍ക്ക് അപ്പുറത്തു നിന്നുകൊണ്ട് വിശകലനം ചെയ്യാന്‍ ശേഷിയുള്ള വിദ്യാര്‍ഥി മുന്നേറ്റം കാംപസുകളില്‍ രൂപപ്പെട്ടുവരുന്നുണ്ട്. തങ്ങളുടെ ശബ്ദമുഖരിതമായ മുദ്രാവാക്യങ്ങളാല്‍ മുഖ്യധാര മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ നിശ്ശബ്ദരാക്കപ്പെട്ടവര്‍ മുന്നോട്ടുവരുമ്പോള്‍ മാത്രമാണ് കാംപസുകള്‍ക്ക് ബൈനറികളില്‍ നിന്നു മോചിതരായി വൈവിധ്യങ്ങളെ സ്വീകരിക്കാന്‍ സാധ്യമാവുക.                    ി

(കടപ്പാട്: ഉത്തരകാലം.കോം)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss