|    Jan 22 Sun, 2017 3:50 pm
FLASH NEWS

ഒരു ചെമ്പു നിറയെ പെരുന്നാള്‍ ഓര്‍മകള്‍

Published : 7th July 2016 | Posted By: Imthihan Abdulla

biriyani

o-abdullah

ഒ അബ്ദുല്ല

നാട്ടില്‍ കെട്ടിയവളും കുട്ടികളുമുള്ള ഞങ്ങള്‍ അഞ്ചെട്ടു ബാച്ച്‌ലേഴ്‌സ് ദോഹയിലെ ബിദാ ഫഌറ്റില്‍ കൂട്ടുകുടുംബമായി സഗൗരവം താമസിച്ചുകൊണ്ടിരിക്കെ നാളെ പെരുന്നാള്‍.


ഹോട്ടല്‍ ആണ് ഞങ്ങള്‍ ബിദാ അന്തേവാസികളുടെ അഭയം. ചെന്നിരുന്ന് തിന്ന് കൈകഴുകി കാശ് കൊടുത്തു ക്ലീനക്‌സ് കൊണ്ടു മുഖം തുടച്ചുകൊണ്ടു പുറത്തിറങ്ങി അത് വഴിയിലുപേക്ഷിച്ചു പോവുമ്പോഴുള്ള സംപൂര്‍ണ സുഖം ഞങ്ങളെപ്പോലുള്ള മടിയന്മാര്‍ക്കു മാത്രം ചേര്‍ന്നതാണ്. ഈ മടിയന്മാര്‍ ആരൊക്കെയെന്നല്ലേ- ഒ അബ്്ദുറഹ്്മാന്‍, പരേതനായ ഇ വി അബ്്ദു, ഒ പി ഹംസ (ശാന്തപുരം കോളജ് അധ്യാപകന്‍), ഇ വി അബ്്ദു, കാക്കനാടന്‍ എന്ന് പേരിട്ട ചാവക്കാട്ടെ പ്രമുഖന്‍ കാരക്കാടന്‍ മുഹമ്മുദുണ്ണി ഹാജി, കളരി രംഗത്തെ കണ്‍കണ്ട ഉസ്താദ് ഈസാക്കുട്ടി ഹാജി, പൊന്നാനിയിലെ വിയറ്റ്‌നാം ഫെയിം പീര്‍ മുഹമ്മദ് തുടങ്ങിയ ഘടാഘടിയന്മാര്‍. സമൃദ്ധമായ ഭക്ഷണം പോയിട്ട് പെരുന്നാളിന് ഹോട്ടല്‍ ഒന്നുപോലും തുറക്കാത്തതിനാല്‍ കാലിച്ചായ കിട്ടാന്‍പോലും നിവൃത്തിയില്ലാത്ത ദിവസം ഒന്നല്ല തുടര്‍ച്ചയായി മൂന്നെണ്ണം.
1975 ലോ മറ്റോ ആണ് സംഭവം. ദോഹയില്‍ മലയാളികള്‍ പരിമിതം. ഇന്നത്തെപ്പോലെ വീട്ടില്‍നിന്ന് മാംസം പൊരിച്ചതും മീന്‍ വറുത്തതും രാവിലത്തെ ഫ്‌ളൈറ്റില്‍ നാട്ടില്‍നിന്ന് എത്തി ഉച്ചയോടെ ചുടാക്കി കഴിക്കാവുന്ന ഒരു സംവിധാനവും അന്ന് നിലവിലില്ല. കരിപ്പൂരിലോ നെടപമ്പാശ്ശേരിയിലോ വിമാന താവളങ്ങളില്ലാത്ത അക്കാലത്ത് നാടു ഒരു വിദൂര സ്വപ്‌നം മാത്രം.
കഴിഞ്ഞൊരു പെരുന്നാള്‍ ഇതുപോലെ വന്നുപെട്ടിരുന്നു. അന്ന് ഭാഗ്യത്തിന് ഒരു മലയാളി കുടുംബം ഭക്ഷണത്തിനു ക്ഷണിച്ചു. ആ വീട്ടുകാരന്റെ രണ്ടര വയസ്സ് പ്രായമായ മകനെ പുത്തന്‍ ഉടുപ്പിട്ടു കണ്ടനേരം കണ്ണുകള്‍ ജലജമായി. ദോഹയിലേക്കു വണ്ടികയറാന്‍ ഉറക്കിക്കിടത്തിപ്പോന്ന മകന്റെ അതേ പ്രായം; അതേ ഓമനത്വം, ഖത്തറിലേക്ക് ആദ്യമായി യാത്രക്കൊരുങ്ങുമ്പോള്‍ അവന്ന് ഒരു വയസ്സ്. ഞാനാണവനെ തൊട്ടിലാട്ടാറ്. പോരുന്ന ദിവസവും വ്യത്യസ്തമല്ല. ഞാനാണോ താരാട്ടുപാടുന്നത് എന്നുറപ്പിക്കാന്‍ അവന്‍ കണ്ണിലേക്കു തറപ്പിച്ചു നോക്കി. തുടര്‍ന്നവന്‍ ഉറങ്ങി. ഉറങ്ങി എന്നുറപ്പ് വരുത്തി ഇടറിയ നെഞ്ചുമായി നടന്നിറങ്ങി.
കഴിഞ്ഞകുറി നാട്ടില്‍ പോയപ്പോള്‍ അവന്‍ എന്നെ തിരിച്ചറിഞ്ഞില്ല. അവനും അവന്റെ ഉമ്മയും രാത്രി കിടക്കുന്നേടത്ത് പതിവില്ലാതെ ഒരു അധിക തലയണ. അവനാ തലയണ വലിച്ചെറിഞ്ഞു. ഏതാണീ അപരന്‍. അവനെയും എടുത്ത് അവന്റെ ഉമ്മയുടെ വീട്ടിലേക്കു പോവുമ്പോള്‍ വഴിയില്‍ ചളിവെള്ളം. കാല്‍ നനയാതിരിക്കാന്‍ ഞാന്‍ അവനെ എടുത്ത് ഒക്കത്തു വച്ചു. അവന് സന്തോഷം. അവന്‍ പറഞ്ഞു: എന്റെ ബാപ്പച്ചി ഖത്തറിലുണ്ട്. വരുമ്പോള്‍ മിഠായി കൊണ്ടുവരും. നിനക്കും തരാം.
ആ ബാപ്പച്ചിയാണ് അവനോടൊത്തു കഴിയേണ്ട ഒരു പെരുന്നാള്‍ സുദിനം ചാവക്കാട്ടുകാരനായ ഒരു സുഹൃത്തിന്റെ അതേ പ്രായത്തിലുള്ള കുട്ടിയെ എടുത്തു താലോലിച്ചു സങ്കടം കടിച്ചമര്‍ത്തുന്നത്. അന്ന് തീരുമാനിച്ചതാണ് മേലില്‍ ഖത്തറില്‍ കുട്ടികളുള്ള ഒരു വീട്ടിലേക്കും പെരുന്നാള്‍ ദിവസം പോവില്ലെന്ന്!
അന്നൊരു പെരുന്നാള്‍ ദിവസം ഭക്ഷണം കിട്ടാതെ കടന്നു പോയതിനാല്‍ ഇത്തവണ അഞ്ച് ബാച്ചിലേഴ്‌സ് ആ ദിവസം സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുറച്ചു. ഭക്ഷണമുണ്ടാക്കി പരിചയമുള്ള ചാവക്കാട്ടുകാരന്‍ ഖാദറിനായിരുന്നു ധൈര്യം.
ഒ പി ഷോപ്പിങ് നടത്തി. അബ്ദു റഹ്്മാന്‍ ഉള്ളി അരിഞ്ഞു, മുളക് മുറിച്ചു, മഞ്ഞള്‍ പുരട്ടി, തിന്നപാത്രങ്ങള്‍ കഴുകുന്ന അവസാനത്തെ മിനുക്കുപണി എനിക്ക്.
നെയ്‌ച്ചോറും കോഴിയും സംഭവം കുശാല്‍. എന്നാല്‍ ചോറ് ആവശ്യത്തിലും എത്രയോ ജാസ്തി. ഒരു ചെമ്പ് ചോറിന് ഏതാണ്ടത്ര തന്നെ അരി എടുത്തതാവാം ഇത്രയധികം ചോറു ബാക്കിയാവാന്‍ കാരണം.

neychor
ചോറുവച്ച പാത്രമല്ലാത്തതെല്ലാം കഴുകി വൃത്തിയാക്കിക്കൊണ്ടു എന്നെ ഓര്‍ത്തു നാട്ടില്‍ നൊമ്പരപ്പെടുന്ന നല്ലപാതിയെയും മകനെയും കുറിച്ച് ചിന്തിച്ചു ചിന്തിച്ച് അന്നത്തെ ദിവസം കഴിഞ്ഞു കൂടി. ലാന്റ് ഫോണില്ല, മൊബൈല്‍ ഇല്ല. അവധിയായതിനാല്‍ ഒരാഴ്ചക്കാലത്തേക്ക് തപാലുപോലുമില്ല.
അവധി കഴിഞ്ഞു. പതിവുപോലെ ഓഫിസിലെത്തി. ഇന്ത്യന്‍ എംസസിയിലായിരുന്നു ജോലി. ചെന്നപാടെ ഫസ്റ്റ് സെക്രട്ടറി ‘സാഹിബ്’ വിളിക്കുന്നതായി പറഞ്ഞു. അംബാസിഡറെയാണ് സാഹിബ് എന്നു പറയുക.
ഈദാശംസകള്‍ അറിയിക്കാനാവും എന്ന സുഖചിന്തയോടെയാണ് കടന്നുവന്നത്. അംബാസഡര്‍ മുസ്്‌ലിമാണ്. ആരിഫ് ഖമറൈന്‍. നിരാശാജനകമായിരുന്നു പെരുമാറ്റം. പെരുന്നാള്‍ ദിവസം എവിടെയായിരുന്നു എന്നായിരുന്നു ചോദ്യം. പെരുന്നാളായിരുന്നില്ലേ എന്ന തല ചൊറിഞ്ഞുകൊണ്ടുള്ള പ്രതികരണത്തിന് ആ ദിവസം ഇന്ത്യയില്‍ അവധിയായിരുന്നില്ലെന്നും അണ്‍ ഓതറൈസ്ഡ് ആബ്‌സെന്റിന് ശമ്പളം കട്ടു ചെയ്യുമെന്നും ഭീഷണി.
ശമ്പളം കട്ട് ചെയ്യുക എന്നത് ഭീഷണിയായിരുന്നില്ല. പെരുന്നാള്‍ പോലുള്ള സുദിനങ്ങള്‍ ആഘോഷിക്കാനുള്ളതാണ്. അന്നും ജോലി ചെയ്തു പെരുന്നാളില്‍നിന്ന് വിട്ടുനിന്നാല്‍ സുദിനങ്ങള്‍ ആര് ആഘോഷിക്കും?
റൂമിലെത്തി അടുക്കളയിലെ ആ ചെമ്പ് തുറന്നു നോക്കി. ദിവസങ്ങള്‍ കടന്നുപോയിട്ടും അതാരും വൃത്തിയാക്കിയിട്ടില്ല. അത്ര വലിയ ചെമ്പ് വൃത്തിയാക്കേണ്ടി വരുമായിരുന്നെങ്കില്‍ പാത്രം കഴുകേണ്ട ജോലി ഏറ്റെടുക്കില്ലായിരുന്നു. കഷ്ടം. ആ ചോറ് പാത്രം ഒരു ചോദ്യചിഹ്നമായി ദിവസങ്ങളോളം അവിടെ തന്നെ കിടന്നു.
തുടര്‍ന്ന് ഞങ്ങള്‍ ബാച്ച്്‌ലേഴ്‌സ് ഒരു ദിവസം ഹോട്ടല്‍ ഭക്ഷണം റൂമിലേക്കു വരുത്തി. ഭക്ഷണം കഴിച്ചുകഴിച്ചുകൊണ്ടിരിക്കെ ഓഫിസ് വിട്ട് അന്തേവാസികളിലൊരാള്‍ കയറിവന്നു. എനിക്ക് ചോറില്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വരവ്. ചോദ്യം കേള്‍ക്കേണ്ട താമസം കൂട്ടത്തിലൊരാള്‍ പറഞ്ഞു. ഞങ്ങളെല്ലാം ആ ചെമ്പില്‍നിന്ന് കോരി തിന്നുകയാണ്. നിനക്ക് വേണമെങ്കില്‍ അതില്‍നിന്നെടുക്കാം. പക്ഷേ, ഒരു കണ്ടീഷന്‍, അവസാനത്തെ ആള്‍ എന്ന നിലയ്ക്ക് ചെമ്പ് വൃത്തിയാക്കി വയ്ക്കണം. ഒട്ടും ആലോചിക്കാതെ ആ പാവം ചെമ്പിലെ ചോറ് എടുത്തു തിന്നാന്‍ തുടങ്ങി. ആരും കള്ളി വെളിപ്പെടുത്തിയില്ല. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ അടുക്കളയില്‍ ചെന്നു നോക്കി. ചെമ്പ് ക്ലീന്‍. പരമ ക്ലീന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക